മുംബൈ: യുവ ചലച്ചിത്ര നടി അനന്യ രാജ് (27) അന്തരിച്ചു. ഒരു മാസം മുമ്പാണ് നടിയുടെ മരണം നടന്നതെന്ന് വെളിപ്പെടുത്തി വീട്ടുകാർ. ജൂലൈ 15-ന് പുലർച്ചെ ഉറക്കത്തിലാണ് മരണം സംഭവിച്ചതെന്ന് ഔദ്യോഗിക ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ കുടുംബം പങ്കുവെച്ച പ്രസ്താവനയിൽ പറയുന്നു. ഒരു വർഷത്തിലേറെയായി നീണ്ടുനിന്ന ശാരീരികവും മാനസികവുമായ അസ്വസ്ഥതകളോട് പോരാടിയ ശേഷമാണ് യുവനടിയുടെ വിയോഗം. മുംബൈയിൽ വളർന്ന അനന്യ രാജ് സംഗീത വീഡിയോകളിലൂടെയാണ് സിനിമാ മേഖലയിൽ എത്തിയത്. ചുരുങ്ങിയ കാലം കൊണ്ട് തന്നെ ഹിന്ദി സിനിമകളിലും പ്രാദേശിക ചലച്ചിത്രങ്ങളിലും ഒരുപോലെ സജീവ സാന്നിധ്യമാകാൻ അവർക്ക് സാധിച്ചു. 2016-ൽ പുറത്തിറങ്ങിയ ‘7 അവേഴ്സ് ടു ഗോ’ എന്ന ചിത്രത്തിലൂടെയാണ് അവർ ബോളിവുഡിൽ അരങ്ങേറ്റം കുറിക്കുന്നത്. പിന്നീട് ബോളിവുഡിൽ നിരവധി ശ്രദ്ധേയമായ ചിത്രങ്ങളിൽ അനന്യ ഭാഗമായി. ‘ദി ഫൈനൽ എക്സിറ്റ്’, ഹൊറർ ചിത്രം ‘ഗോസ്റ്റ്’ എന്നിവയിലെ കഥാപാത്രങ്ങളിലൂടെ അവർ പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റി. ഹിന്ദി സിനിമയ്ക്ക് പുറമേ തെലുങ്കിലും അനന്യ അഭിനയിച്ചിട്ടുണ്ട്.








