ചെളിക്കുളം താങ്ങാന്‍ യോഗം!

സബ് കളക്ടര്‍ നാട്ടിന്‍ പുറത്തു കൂടി അതിവേഗം നടന്ന് ശീലിക്കണം. വെള്ളക്കാര്‍ ഇന്ത്യ ഭരിച്ച കാലത്ത് സബ് കളക്ടര്‍ക്ക് നല്‍കിയ നിര്‍ദ്ദേശങ്ങളില്‍ ഒന്ന്. അത5ിലെ രണ്ടാംഭാഗം ഇപ്രകാരം തിരുത്തണം. പതുക്കെ- സാവധാനം- നടന്നു പോകണം എന്ന്. ഇക്കാലത്ത് ചെയ്യുന്നത് പോലെ ഔദ്യോഗിക വാഹനത്തില്‍ അതിവേഗം സഞ്ചരിക്കുക എന്ന പതിവ് മാറ്റണം.

നാട്ടിന്‍ പുറത്തെ അവസ്ഥ എന്താണ് എന്ന് ഭരണാധികാരികള്‍ നേരിട്ട് കണ്ട് മനസ്സിലാക്കേണ്ടതല്ലേ> സബ് കളക്ടര്‍ക്ക് മാത്രം ബാധകമാക്കേണ്ടതല്ല ഈ നിര്‍ദ്ദേശം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ഭരിക്കാനായി തദ്ദേശീയര്‍ തിരഞ്ഞെടുത്ത ജനപ്രതിനിധികളും ഒഴിവാക്കപ്പെടാന്‍ പാടില്ല. അവരും മനസ്സിലാക്കണം, അവര്‍ പ്രതിനിധീകരിക്കുന്ന പ്രദേശങ്ങളുടെ സ്ഥിതിഗതികള്‍- വാര്‍ഡ് സഭ കൂടുമ്പോള്‍ പറഞ്ഞ് കേട്ടിട്ടല്ല, നേരിട്ട് കണ്ടറിയണം. അവരുടെ പ്രാഥമിക ചുമതലയാണിത്.

നമ്മുടെ ജില്ലാ കളക്ടര്‍ തന്റെ ഓഫീസിന് ചുറ്റും, എന്നും അല്ലെങ്കിലും, ഇടയ്ക്കിടെ കാല്‍ നടയായി സഞ്ചരിച്ചിട്ടുണ്ടോ? അപ്രകാരം ചെയ്തിരുന്നെങ്കില്‍ ഭരണസിരാകേന്ദ്രം ഇങ്ങനെയോ എന്ന് മന്ത്രിച്ചേനേ! അത്ര ശോചനീയമാണ് അവിടം.

വിദ്യാനഗര്‍ കളക്ട്രേറ്റ് ജംഗ്ഷനില്‍ ബസ്സിറങ്ങി മുന്നോട്ട് നീങ്ങിയാല്‍ ആദ്യം കാണുന്നത് ജില്ലാ പഞ്ചായത്ത് കാര്യാലയം. അതിനപ്പുറത്ത് ജില്ലാ ട്രഷറി, കളക്ടറുടെ കാര്യാലയ സമുച്ചയം, ജില്ലാകോടതി, ആദായ നികുതി ഓഫീസ്, അനുബന്ധ സ്ഥാപനങ്ങള്‍. അങ്ങോട്ടുള്ള റോഡിന്റെ മറുവശത്ത് വിദ്യാലയങ്ങള്‍ -നായന്മാര്‍മൂല തന്‍ബീഹുല്‍ ഇസ്ലാം ഹയര്‍സെക്കണ്ടറി സ്‌കൂള്‍, അതിനപ്പുറത്ത് ചിന്മയാ വിദ്യാലയ സമുച്ചയം- കോളേജ്, ചിന്മയാ തേജസ്- ഇങ്ങനെ പലതും. ആയിരക്കണക്കിന് വിദ്യാര്‍ത്ഥികളും ഓഫീസ് ജീവനക്കാരും ഓഫീസില്‍ പോയി കാര്യം സാധിപ്പിക്കേണ്ട ഗുണഭോക്താക്കളും.

ഇവരെല്ലാം പോകേണ്ട വഴിയോ? കോണ്‍ക്രീറ്റ് ചെയ്ത റോഡാണ്- ആയിരുന്നു എങ്കിലും എല്ലാം പൊട്ടിപ്പൊളിഞ്ഞ് കിടക്കുന്നു. മഴവെള്ളം കെട്ടിക്കിടന്ന്; മഴക്കാലത്ത് മാത്രമല്ല, വെള്ളക്കെട്ട്. കുടിവെള്ള പൈപ്പ് പൊട്ടി വെള്ളമൊഴുകുന്നു. ചെളിക്കെട്ടാണ് സര്‍വ്വത്ര. അതിലൂടെ നടന്നു പോകണം ഓഫീസുകളിലും വിദ്യാലയങ്ങളിലും എത്താന്‍. വൈകുന്നേരം തിരികെ പോകേണ്ടതും ഇതിലൂടെ തന്നെ.

വിദ്യാനഗറില്‍ ബസ്സിറങ്ങിയാല്‍ ജോലി സ്ഥലങ്ങളിലേയ്ക്ക് എത്താന്‍ കുറുക്കു വഴി തേടും പലരും. ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ മുമ്പിലൂടെ. നിരവധി തൊഴില്‍ കേന്ദ്രങ്ങളുണ്ട് ഇവിടെ. സിഡ്‌കോ ഓഫീസ് (സ്‌മോള്‍ ഇന്‍ഡസ്ട്രീസ് ഡെവലപ്‌മെന്റ് കോര്‍പറേഷന്‍ ഓഫീസ്) ഇവിടെയാണ്. വാഹനങ്ങള്‍ ഇതുവഴി പോയി വരുന്നു. മോട്ടോര്‍ വാഹനങ്ങള്‍ കഴുകുന്നതും ഇവിടെ. വെള്ളക്കെട്ടിന് ഇടയാക്കുന്നു. കലക്കവെള്ളം, ചെളി, പണിശാലകളില്‍ നിന്നും പുറം തള്ളുന്ന പലതും. ജോലിക്കാര്‍ പൊതിഞ്ഞു കൊണ്ടുവരുന്ന ഭക്ഷണത്തിന്റെ അവശിഷ്ടങ്ങള്‍, ഉച്ഛിഷ്ടങ്ങള്‍ ഇവിടെ വലിച്ചെറിയുന്നു. ദുര്‍ഗ്ഗന്ധം സര്‍വ്വത്ര.

വേനല്‍ക്കാലത്തു പോലും ഇവിടെ നടന്നു പോകേണ്ടത് വെള്ളക്കെട്ടുകള്‍ താണ്ടിയിട്ടാണ്. കലക്കവെള്ളം ആഴമറിയില്ല. ശ്രദ്ധിച്ച് നടന്നില്ലെങ്കില്‍ വഴുതി വീഴാനിടയുണ്ട്. ചുറ്റുംകാട് പിടിച്ചു കിടക്കുന്നു. ജില്ലാ പഞ്ചായത്ത് കാര്യാലയത്തിനും കളക്ടറേറ്റിനും ചുറ്റുമതിലുണ്ട്. അതും കല്ലുകള്‍ ഇളകി, പൊട്ടിപ്പൊളിഞ്ഞ്. കുറുക്കു വഴി തേടുന്നവരുടെ കൈക്രിയകളും.

ഭരണത്തുടര്‍ച്ച വികസന മുരടിപ്പിന് കാരണമാകും എന്നതിന് ഒന്നാം തരം ഉദാഹരണമാണ് നമ്മുടെ മുനിസിപ്പാലിറ്റി. ഒരേ പാര്‍ട്ടിയുടെ ഭരണം പതിറ്റാണ്ടുകളായി നടക്കുന്നു. കാസര്‍കോട് നിയോജകമണ്ഡലത്തെ പ്രതിനിധീകരിച്ച്, സംസ്ഥാന നിയമസഭയിലേയ്ക്ക് പോകുന്നതും ഒരേ പാര്‍ട്ടി പ്രതിനിധി. മുന്‍ ഭരണാധികാരിയെ കുറ്റം പറയാനില്ല.

ഇപ്രാവശ്യം നിയമസഭയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടത് പുതിയ ആളാണ്- കല്ലട്ര മാഹിന്‍. അദ്ദേഹം എപ്പോഴെങ്കിലും വിദ്യാനഗര്‍ വ്യവസായ കേന്ദ്രത്തിനടുത്തുകൂടി പോയിട്ടുണ്ടോ? കളക്ട്രേറ്റിലേയ്ക്കും ജില്ലാ പഞ്ചായത്ത് ഓഫീസിലേയ്ക്കും പോയിട്ടുണ്ടാകും, വാഹനത്തില്‍.പരിസരത്തിന്റെ ശോചനീയാവസ്ഥ കണ്ടിട്ടുണ്ടാവില്ല. കാണിക്കണമെന്ന് പാര്‍ട്ടിക്കാരും മുന്നണിക്കാരും ചിന്തിച്ചിട്ടുമില്ല.

കഴിഞ്ഞ ദിവസത്തെ ഒരു പത്രവാര്‍ത്ത: (7.8.26) സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് മാലിന്യം തള്ളിയതിന് ഇന്ത്യന്‍ ബാങ്കിന് അമ്പതിനായിരം രൂപ പിഴയിട്ടു. മാലിന്യ സംസ്‌ക്കരണ നിയമപ്രകാരം മാലിന്യം നീക്കാനും പറഞ്ഞു. പൊതു സ്ഥലങ്ങളില്‍ മാലിന്യം തള്ളിയത് വ്യക്തികളായാലും, സ്ഥാപനങ്ങളായാലും ആരോഗ്യ വിഭാഗത്തെയോ, പഞ്ചായത്തിനെയോ അറിയിക്കണമെന്ന് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. ഇത് കോടോം- ബേളൂര്‍ പഞ്ചായത്തില്‍. ജില്ലാ തലസ്ഥാനത്ത് ഈ നിയമം ബാധകമല്ല എന്നുണ്ടോ?

കാസര്‍കോട് പഴയ റെയില്‍വേ സ്റ്റേഷന്‍ റോഡിലെ മാലിന്യം പത്ത് വയസ്സില്‍ താഴെ പ്രായമുള്ള കുട്ടികള്‍ നീക്കി, റോഡ് വക്കിലെ പുല്‍ച്ചെടികളും മറ്റും ചെത്തി നീക്കി എന്ന് വാര്‍ത്ത. ഇത് വഴി കാറില്‍ സഞ്ചരിക്കുകയായിരുന്ന മുനിസിപ്പാലിറ്റി മുന്‍ചെയര്‍മാന്‍ അബ്ബാസ് ബീഗം കാറില്‍ നിന്നിറങ്ങി കുട്ടികളെ അനുമോദിച്ചുപോലും. കളക്ട്രേറ്റിനടുത്തുള്ള വിദ്യാലയങ്ങളിലെ കുട്ടികള്‍ക്ക് ഈ ശുചിത്വ ബോധം ഉദിച്ചില്ല. എം എല്‍ എയ്ക്ക് അഭിനന്ദിക്കാന്‍ ഒരവസരം ലഭിക്കാതെ പോയി.

ചെളിക്കുളം താണ്ടാന്‍ നമുക്ക് യോഗം!

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page