കാസര്‍കോട്: അച്ഛനെയും പ്ലസ്ടു വിദ്യാര്‍ത്ഥിനിയായ മകളെയും വാടക വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കാണപ്പെട്ട സംഭവം നാടിനെ കണ്ണീരിലാഴ്ത്തി. കര്‍ണ്ണാടക സ്വദേശിയും കാസര്‍കോട്, മീപ്പുഗിരിയില്‍ താമസക്കാരനുമായ ഗണേശന്‍ (55), പരവനടുക്കം ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ പ്ലസ്ടു വിദ്യാര്‍ത്ഥിനിയായ മകള്‍ വൈഷ്ണവി (17) എന്നിവരെയാണ് ചെമ്മനാട്, കോളിയടുക്കം, ശിവപുരം ക്ഷേത്രത്തിനു സമീപത്തെ ഇരുനില വാടക വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കാണപ്പെട്ടത്. ഹോംനഴ്‌സും കോഴിക്കോട് സ്വദേശിനിയുമായ ഭാര്യ ഓമന ജോലി സ്ഥലത്തും മകന്‍ വിഷ്ണു കാറ്ററിംഗ് ജോലിക്കും പോയതായിരുന്നു.
ഇന്നലെ ശനിയാഴ്ച രാത്രി 11.10 മണിയോടെ വീട്ടില്‍ നിന്ന് പുറത്തിറങ്ങി അയല്‍വീട്ടിലെത്തിയ ഗണേശന്‍ മകളെ കാണാനില്ലെന്ന് പറഞ്ഞുവത്രെ. കേട്ടവർ ആദ്യം ഇതു വിശ്വസിച്ചില്ല. എന്നാല്‍ വീട്ടിലേയ്ക്ക് തിരിച്ചു പോയ ഗണേശന്‍ അകത്തു കയറി വാതില്‍ കൊട്ടിയടച്ചു. ഇതോടെ സംശയം തോന്നിയ അയല്‍വാസികള്‍ വിവരം മേല്‍പ്പറമ്പ് പൊലീസിനെ അറിയിച്ചു. പൊലീസെത്തിയപ്പോള്‍ വീടിന്റെ വാതില്‍ അകത്ത് നിന്ന് പൂട്ടിയ നിലയിലായിരുന്നു. ബലം പ്രയോഗിച്ച് അകത്ത് കയറി നോക്കിയപ്പോഴാണ് വൈഷ്ണവിയെയും ഗണേശനെയും ഒരേ ഫാനിന്റെ ഹുക്കില്‍ തൂങ്ങി മരിച്ച നിലയില്‍ കാണപ്പെട്ടത്. തുടര്‍ന്ന് വീടിന് പൊലീസ് കാവല്‍ ഏര്‍പ്പെടുത്തി.
ഇന്ന് (ഞായര്‍) രാവിലെ ഇന്‍ക്വസ്റ്റ് നടത്തി.
ഏതാനും മാസങ്ങള്‍ക്ക് മുമ്പാണ് ഗണേശനും കുടുംബവും ശിവപുരത്തെ വീട്ടിലേക്ക് താമസം മാറിയെത്തിയത്. പ്ലസ്ടു സയന്‍സ് വിദ്യാര്‍ത്ഥിനിയായ വൈഷ്ണവി പഠിക്കാന്‍ മിടുക്കിയായിരുന്നു. എന്തായിരുന്നു ആത്മഹത്യയുടെ കാരണമെന്ന് വ്യക്തമായിട്ടില്ല. മേല്‍പ്പറമ്പ് പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. വിഷ്ണുപ്രിയയാണ് ഗണേശിന്റെ മറ്റൊരു മകള്‍.
ഇരട്ട ആത്മഹത്യ നടന്ന വീട്ടില്‍ നേരത്തെ രണ്ടു പേര്‍ ആത്മഹത്യ ചെയ്തിരുന്നുവെന്ന് പൊലീസ് പറഞ്ഞു. 2025 ആഗസ്റ്റ് 13ന് ഒരു യുവാവും മൂന്നു മാസം കഴിഞ്ഞ് പ്രസ്തുത യുവാവിന്റെ പിതാവും ജീവനൊടുക്കിയതായി പൊലീസ് കൂട്ടിച്ചേർത്തു.







