കണ്ണൂര്‍: ഗൂഗിള്‍ പേ സംവിധാനം ഇല്ലെന്നു പറഞ്ഞ സ്വകാര്യ ബസ് കണ്ടക്ടറുടെ മൂക്ക് ഇടിച്ചു തകര്‍ത്തതായി പരാതി. സംഭവത്തില്‍ കേസെടുത്ത പൊലീസ് പ്രതിയായ പാനൂര്‍ സ്വദേശി രമേശിനെ അറസ്റ്റു ചെയ്തു. പരിക്കേറ്റ കണ്ടക്ടര്‍ രാഘവന്‍ തലശ്ശേരിയിലെ ആശുപത്രിയില്‍ ചികിത്സ തേടി.
കൂത്തുപറമ്പ്-പാനൂര്‍ റൂട്ടില്‍ സര്‍വ്വീസ് നടത്തുന്ന സ്വകാര്യ ബസിലെ കണ്ടക്ടറാണ് രാഘവന്‍. ഇന്നലെ (ശനി) വൈകുന്നേരം പൂക്കോട എന്ന സ്‌റ്റോപ്പില്‍ നിന്നാണ് രമേശന്‍ ബസില്‍ കയറിയത്. രമേശിന്റെ കൈയില്‍ ടിക്കറ്റെടുക്കാനുള്ള പണം ഉണ്ടായിരുന്നില്ല. ടിക്കറ്റ് തുക ഗൂഗിൾ പേ ചെയ്യാമെന്നു പറഞ്ഞപ്പോള്‍ ആ സംവിധാനം ഇല്ലെന്നായിരുന്നു കണ്ടക്ടറുടെ മറുപടി. ഇതോടെ ഇരുവരും തമ്മില്‍ വാക്കുതര്‍ക്കം ഉണ്ടാവുകയായിരുന്നു. ഇതിനിടയിലാണ് രമേശന്‍ കണ്ടക്ടറുടെ മൂക്കിനിടിച്ചത്. ഇത് കണ്ട് രമേശനെ മറ്റു യാത്രക്കാര്‍ തടയാന്‍ ശ്രമിച്ചുവെങ്കിലും ഫലം ഉണ്ടായില്ല. ഇതിനിടയില്‍ വിവരമറിഞ്ഞ് എത്തിയ പൊലീസ് രമേശനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.








