കാസര്‍കോട്: മഞ്ചേശ്വരം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ഉപ്പള, പത്വാടിയിലെ വീട്ടില്‍ നിന്ന് മൂന്നര കിലോ എംഡിഎംഎയും 642 ഗ്രാം കഞ്ചാവും പിടികൂടിയ കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. ഉപ്പള, മൊഗര്‍ സ്വദേശി സുഹൈലാണ് ന്യൂദെല്‍ഹി വിമാനത്താവളത്തില്‍ അറസ്റ്റിലായത്. കേസില്‍ പ്രതിയായ ഇയാള്‍ ഗള്‍ഫിലേക്ക് കടക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഇതേ തുടര്‍ന്ന് രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളിലേക്കും പൊലീസ് ലുക്ക്ഔട്ട് നോട്ടീസ് അയച്ചിരുന്നു. ഗള്‍ഫില്‍ വച്ച് മറ്റൊരു കേസില്‍ പിടിയിലായ സുഹൈലിനെ അധികൃതർ ഇന്ത്യയിലേയ്ക്ക് കയറ്റി അയക്കുകയായിരുന്നു. ന്യൂദെൽഹി വിമാനത്താവളത്തില്‍ ഇറങ്ങിയ ഉടനെ ഇയാളെ തടഞ്ഞു വച്ച് പൊലീസിനെ അറിയിക്കുകയായിരുന്നു. മഞ്ചേശ്വരം പൊലീസ് ഡല്‍ഹിയിലെത്തി പ്രതിയുമായി കാസര്‍കോട്ടേക്ക് തിരിച്ചിട്ടുണ്ട്. കാസര്‍കോട് എഎസ്പി അശോക് അച്യുതിന്റെ മേല്‍നോട്ടത്തിലാണ് സംസ്ഥാനത്തെ ഏറ്റവും വലിയ എംഡിഎംഎ വേട്ടകളില്‍ ഒന്നായ പത്വാടി കേസ് അന്വേഷിക്കുന്നത്.
2024 സെപ്തംബര്‍ 20ന് വൈകുന്നേരം നാലുമണിയോടെ പത്വാടിയിലെ അസ്‌കര്‍ അലി (28) യുടെ വീട്ടില്‍ നിന്നാണ് മയക്കുമരുന്ന് പിടികൂടിയത്. വീട്ടിലേക്ക് രാത്രികാലങ്ങളില്‍ ഉള്‍പ്പെടെ അജ്ഞാത വാഹനങ്ങളും ആള്‍ക്കാരും വന്നു പോകുന്നത് ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്ന് ദിവസങ്ങളോളം നിരീക്ഷണം നടത്തിയാണ് പൊലീസ് അസ്‌കര്‍ അലിയുടെ വീട്ടില്‍ റെയ്ഡ് നടത്തി മയക്കുമരുന്ന് പിടികൂടിയത്. കേസിലെ മുഖ്യ പ്രതികളില്‍ ഒരാളായ തളങ്കര, ബാങ്കോട്ടെ ഷബീബ് ബാഗ് ഹൗസിലെ മുഹമ്മദ് ലിസാന്‍ അലി (32)യെ രണ്ടാഴ്ച മുമ്പ് കര്‍ണാടക, മടിക്കേരി കുശാല്‍ നഗറിലെ ഒളിവു കേന്ദ്രത്തില്‍ നിന്ന് പിടികൂടിയിരുന്നു.







