മംഗ്‌ളൂരു: കര്‍ണ്ണാടകയിലെ ചാമരാജ് നഗറില്‍ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ നടത്തിയ വെടിവെയ്പില്‍ മൂന്നു പേര്‍ കൊല്ലപ്പെട്ടു. അന്തോണി സ്വാമി, പീറ്റര്‍, കുമാര്‍ എന്നിവരാണ് കൊല്ലപ്പെട്ടത്. മൂവരും ഹുവൂര്‍ സ്വദേശികളാണ്.
കാവേരി വന്യ ജീവി സങ്കേതത്തിനകത്ത് ഇന്ന് (ശനി) പുലർച്ചെയാണ് സംഭവം. മൃഗവേട്ടയ്ക്ക് എത്തിയവരാണ് വെടിയേറ്റു മരിച്ചതെന്നു വനം വകുപ്പ് അധികൃതര്‍ വ്യക്തമാക്കി. വനപാലകർ എത്തുമ്പോൾ സംഘം വേട്ടയാടിക്കൊന്ന മാനിന്റെ ഇറച്ചി വീതം വയ്ക്കുകയായിരുന്നുവെന്നും കീഴടങ്ങാൻ ആവശ്യപ്പെട്ടപ്പോൾ വെടിയുതിർക്കുകയായിരുന്നുവെന്നു അധികൃതർ വ്യക്തമാക്കി.എന്നാല്‍ ഇക്കാര്യം കൊല്ലപ്പെട്ടവരുടെ ബന്ധുക്കളും നാട്ടുകാരും നിഷേധിച്ചു. വിവരമറിഞ്ഞ് എത്തിയ ജനക്കൂട്ടം അക്രമാസക്തരായി വനംവകുപ്പിന്റെ ഓഫീസും വാഹനങ്ങളും അടിച്ചു തകര്‍ത്തു. ഓഫീസ് രേഖകൾ തകർത്തതായും പറയുന്നു.

കന്നുകാലികളെ മേയ്ക്കാന്‍ പോയവരെയാണ് വനം വകുപ്പ് ഉദ്യോഗസ്ഥർ വെടിവച്ചു കൊന്നതെന്നു ബന്ധുക്കള്‍ ആരോപിച്ചു. കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങള്‍ ഏറ്റെടുക്കാന്‍ തയ്യാറാകാതെ നാട്ടുകാരും ബന്ധുക്കളും സ്ഥലത്ത് തടിച്ചു കൂടിയിരിക്കുകയാണ്. സ്ഥലത്ത് വന്‍ സംഘര്‍ഷാവസ്ഥ ഉടലെടുത്തിട്ടുണ്ട്. സ്ഥലം എംഎൽഎ എത്തി ആൾക്കൂട്ടത്തെ സമാധാനിപ്പിക്കാൻ ശ്രമിച്ചുവെങ്കിലും പിരിഞ്ഞു പോകാൻ തയ്യാറായിട്ടില്ല.








