കരൂര്‍: നാല് വയസുകാരിയായ കൊച്ചുമകളോട് ലൈംഗിക അതിക്രമം നടത്തിയ യുവാവിനെ വടിവാള്‍ കൊണ്ട് വെട്ടി പരിക്കേല്‍പ്പിച്ച് പൊലീസിന് കൈമാറി മുത്തശ്ശി. കെട്ടിട നിര്‍മാണത്തൊഴിലാളി മാണിക്കത്തെ ആണ് മുത്തശി കൈകാര്യം ചെയ്തത്. ദേഹമാസകലം പരിക്കേറ്റ ഇയാള്‍ കുളിത്തലൈ ആശുപത്രിയില്‍ ചികില്‍സയിലാണ്. തമിഴ്‌നാട് കരൂരില്‍ ആണ് സംഭവം നടന്നത്.
പെണ്‍കുട്ടിയുടെ സമീപവാസിയായ മാണിക്കം കുട്ടിയുടെ കുടുംബവുമായി അടുപ്പത്തിലായിരുന്നു.
വ്യാഴാഴ്ച യുവാവിനോട് പെണ്‍കുട്ടിയെ മുത്തശിയുടെ വീട്ടിലെത്തിക്കാന്‍ കുടുംബം ആവശ്യപ്പെട്ടിരുന്നു. കുട്ടിയെ കൂട്ടിപോകുന്നതിനിടെ വഴിയില്‍വച്ച് യുവാവ് സ്വന്തം വീട്ടിലെത്തിച്ചു. കുട്ടിയെ മുറിയിലെത്തിച്ച് പീഡിപ്പിച്ചു. പിന്നീട് പെണ്‍കുട്ടിയെ മുത്തശ്ശിയുടെ വീടിനടുത്ത് ഉപേക്ഷിച്ച് അയാള്‍ ഓടി രക്ഷപ്പെട്ടു. കുട്ടി സംഭവിച്ച കാര്യങ്ങളെല്ലാം മുത്തശ്ശിയോട് പറഞ്ഞു. പീഡനവിവരം അറിഞ്ഞ മുത്തശ്ശി യുവാവിനെ തിരക്കി ഇറങ്ങുകയായിരുന്നു. കുളിത്തലൈ ടോള്‍ ഗേറ്റിനടുത്തുള്ള ഒരു ചായക്കടയ്ക്ക് സമീപം യുവാവിനെ പിന്തുടര്‍ന്നു. കണ്ടെത്തിയയുടനെ, മുത്തശ്ശി തിരുച്ചിറപ്പള്ളി-കരൂര്‍ പ്രധാന റോഡിലൂടെ മീറ്ററുകളോളം വലിച്ചിഴച്ച് ആവര്‍ത്തിച്ച് വെട്ടി. വിവരം അറിഞ്ഞ നാട്ടുകാരും ബന്ധുക്കളും ഇയാളെ മര്‍ദിച്ചു.
സംഭവസ്ഥലത്തെത്തിയ കുളിത്തലൈ പൊലീസ് മുത്തശ്ശിയെ കസ്റ്റഡിയിലെടുക്കുകയും വെട്ടുകത്തി പിടിച്ചെടുക്കുകയും ചെയ്തു. വെട്ടേറ്റ് മാണിക്കത്തിന്റെ ശരീരത്തില്‍ പത്തിടത്ത് മുറിവുണ്ട്.
കുട്ടിയുടെ കുടുംബത്തിന്റെ പരാതിയില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.








