യുവതിയെ കൊലപ്പെടുത്തി മൃതദേഹത്തോടു ലൈംഗിക അതിക്രമം കാട്ടിയ പ്രതി ജീവനൊടുക്കിയ നിലയില്‍

കോഴിക്കോട്: യുവതിയെ കൊന്ന് മൃതദേഹത്തോടും ലൈംഗിക അതിക്രമം കാട്ടിയ പ്രതി ജീവനൊടുക്കിയ നിലയില്‍. വേങ്ങേരി തടമ്പാട്ടുതാഴം പീസ് ഗാര്‍ഡനില്‍ തരംഗം വീട്ടില്‍ വൈശാഖന്‍(35) ആണ് മരിച്ചത്. കൊലപാതകം നടന്ന് ഏഴ് മാസങ്ങള്‍ക്ക് ശേഷമാണ് പ്രതി ജീവനൊടുക്കുന്നത്. വീട്ടിനുള്ളില്‍ എലിവിഷം കഴിച്ച് അവശ നിലയില്‍ കണ്ടെത്തിയ ഇയാളെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ മരിച്ചു. കേസില്‍ ജാമ്യത്തില്‍ കഴിയവേയാണ് സംഭവം.
മാളിക്കടവിലുള്ള തന്റെ വര്‍ക്ഷോപ്പില്‍ വെച്ച് 2026 ജനുവരിയിലായിരുന്നു കേസിനാസ്പദമായ സംഭവം. ഷോപ്പിലേക്ക് യുവതിയെ വിളിച്ചുവരുത്തി കൊലപ്പെടുത്തിയ ശേഷം മൃതദേഹത്തെ ലൈംഗികമായി ഉപയോഗിക്കുകയായിരുന്നു. വൈശാഖന് മറ്റൊരു സ്ത്രീയുമായുള്ള ബന്ധം ഭാര്യയോടു പറയുമെന്ന സംശയത്തിലാണു യുവതിയെ കൊലപ്പെടുത്താന്‍ ഇയാള്‍ കൊലപ്പെടുത്താന്‍ തീരുമാനിച്ചതെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്. താനുമായി വിവാഹത്തിന് സാധിക്കില്ലെന്നും അതിനാല്‍ ഒരുമിച്ച് മരിക്കാമെന്നും വിശ്വസിപ്പിച്ചാണ് ഇയാള്‍ യുവതിയെ വര്‍ക്ഷോപ്പിലേക്ക് വിളിച്ചുവരുത്തിയത്.
തുടര്‍ന്ന് ഇരുവരും രണ്ടു സ്റ്റൂളുകളില്‍ കയറി നിന്ന് കഴുത്തില്‍ കുരുക്കിട്ടപ്പോള്‍ വൈശാഖന്‍ പെട്ടെന്ന് താഴെയിറങ്ങി യുവതി നിന്ന സ്റ്റൂള്‍ തട്ടിത്തെറിപ്പിക്കുകയായിരുന്നു. മരണം ഉറപ്പാക്കാന്‍ കുരുക്കിടുന്നതിനു മുന്‍പ് യുവതിക്ക് വിഷം നല്‍കിയിരുന്നു. തുടര്‍ന്ന് യുവതിയുടെ കെട്ടറുത്ത് നിലത്തു കിടത്തി ലൈംഗികമായി ഉപയോഗിച്ചതായി ഇയാള്‍ പൊലീസിന് മൊഴി നല്‍കി. മരണം ഉറപ്പാക്കിയ ശേഷം ജീവനൊടുക്കിയതാണെന്ന് വരുത്തിത്തീര്‍ക്കാന്‍ ഭാര്യയെ വിളിച്ചുവരുത്തി യുവതിയെ കാറില്‍ ആശുപത്രിയിലെത്തിക്കുകയായിരുന്നു. കൊലപാതകത്തിന്റെയും പീഡനത്തിന്റെയും ദൃശ്യങ്ങള്‍ വര്‍ക്ഷോപ്പിലെ സിസിടിവിയില്‍ നിന്ന് പോലീസ് ശേഖരിച്ചിരുന്നു. കൂടാതെ, യുവതിയെ പ്രായപൂര്‍ത്തിയാകുന്നതിന് മുന്‍പ് തന്നെ വൈശാഖന്‍ പീഡനത്തിനിരയാക്കിയതായും അന്വേഷണത്തില്‍ തെളിഞ്ഞു. പ്രതിക്കെതിരെ പോക്‌സോ കേസുമുണ്ടായിരുന്നു. എലത്തൂര്‍ ഇന്‍സ്‌പെക്ടര്‍ കെ.ആര്‍. രഞ്ജിത്തിന്റെ നേതൃത്വത്തില്‍ അന്വേഷണം പൂര്‍ത്തിയാക്കി കൊയിലാണ്ടി മജിസ്ട്രേറ്റ് കോടതിയില്‍ 490 പേജുള്ള വിശദമായ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page