തിരുവനന്തപുരം: യുവമോര്‍ച്ചാ നേതാവ് തിരുവനന്തപുരം, കണ്ണമ്മൂലയിലെ വിഷ്ണു എന്ന അപ്പു (19)വിനെ അതിക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയ കേസിലെ ഏഴു പ്രതികളെ ജീവപര്യന്തം തടവിനു ശിക്ഷിച്ചു. വയല്‍ നികത്തിയ വീട്ടില്‍ അരുണ്‍, തോട്ടരികത്ത് വീട്ടില്‍ ലല്ലു, തോട്ടു വരമ്പില്‍ വീട്ടില്‍ രാജേഷ് എന്ന പൂച്ച രാജേഷ്, മടമ്പല്‍ വീട്ടില്‍ സനല്‍ കുമാര്‍ എന്ന സഞ്ജു, കുളവരമ്പില്‍ വീട്ടില്‍ ശ്രീനാഥ് എന്ന ബോള്‍ജി, മഠത്തു വിളാകം വീട്ടില്‍ വിജീഷ്, കണ്ണമ്മൂലയിലെ മനു എന്ന ഷെട്ടി മനു എന്നിവരെയാണ് തിരുവനന്തപുരം എസ് സി- എസ് ടി കോടതി ശിക്ഷിച്ചത്. ഡിനിബാബു, ജയന്‍, അജേഷ്, ഉണ്ണികൃഷ്ണന്‍, ദിലീപ് എന്നിവരെ കുറ്റക്കാരല്ലെന്നു കണ്ട് കോടതി വിട്ടയച്ചിരുന്നു. എട്ടാം പ്രതി നേരത്തെ മരണപ്പെട്ടിരുന്നു.
2016 ഒക്ടോബര്‍ ഏഴിന് പുത്തന്‍ പാലം വിദ്യാധിരാജ റോഡിനു സമീപത്തുള്ള വീടിനു സമീപത്തു നില്‍ക്കുമ്പോഴാണ് യുവമോര്‍ച്ചാ യൂണിറ്റ് സെക്രട്ടറിയായിരുന്ന വിഷ്ണു കൊല്ലപ്പെട്ടത്.മാതാപിതാക്കളുടെ മുന്നിൽ വച്ചായിരുന്നു അതിക്രൂരമായ കൊലപാതകം നടന്നത്. അക്രമം തടയാന്‍ ശ്രമിച്ച മാതാവ് ബിന്ദുവിനും ബന്ധു ലൈലയ്ക്കും വെട്ടേറ്റിരുന്നു. കോടതി വെറുതെ വിട്ടയച്ച ഡിനിബാബുവിന്റെ സഹോദരന്‍ സുനില്‍ ബാബുവിനെ 2015ല്‍ വെട്ടിക്കൊലപ്പെടുത്തിയിരുന്നു. പ്രസ്തുത കേസിലെ പ്രതികളില്‍ ഒരാള്‍ വിഷ്ണുവിന്റെ ബന്ധുവായിരുന്നു. ഈ വിരോധത്തിലാണ് വിഷ്ണുവിനെ കൊലപ്പെടുത്തിയതെന്നാണ് പൊലീസ് കേസ്.








