കാസര്‍കോട്/ കൊച്ചി: പ്രതിശ്രുത വധൂവരന്മാര്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്. ഇരുവരുടേയും മൊബൈല്‍ ഫോണ്‍ പരിശോധനയ്ക്ക് വിധേയമാക്കുമെന്ന് പൊലീസ് അറിയിച്ചു. പള്ളിക്കര പൂച്ചക്കാട്ടെ പി അനുശ്രീ (25), ഇരിട്ടി വിളമന അമ്പലത്തട്ടിലെ വി അമല്‍ (26) എന്നിവരാണ് മരിച്ചത്. അനുശ്രീയെ ഹുന്‍സൂരിലെ താമസ സ്ഥലത്തും അമലിനെ എറണാകുളത്തെ ഹോട്ടല്‍ മുറിയിലുമാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ബുധനാഴ്ച രാവിലെ മണിക്കൂറുകളുടെ വ്യത്യാസത്തിലാണ് ഇരുവരും ജീവനൊടുക്കിയത്. അനുശ്രീ ഹുന്‍സൂരിലും അമല്‍ എറണാകുളത്തും സ്റ്റേറ്റ് ബാങ്ക് ഉദ്യോഗസ്ഥരാണ്. രണ്ടുമാസം മുമ്പ് വിവാഹനിശ്ചയം കഴിഞ്ഞ ഇരുവരുടെയും വിവാഹം ഡിസംബര്‍ 26-ന് നടക്കാനിരിക്കുകയായിരുന്നു. ചൊവ്വാഴ്ച രാത്രി അമല്‍ ഫോണില്‍ സംസാരിച്ചിരുന്നതായി സഹോദരി വിളിച്ചപ്പോള്‍ അനുശ്രീ പറഞ്ഞിരുന്നു. ബുധനാഴ്ച രാവിലെ വീട്ടുകാര്‍ പലതവണ വിളിച്ചിട്ടും അനുശ്രീ ഫോണ്‍ എടുക്കാത്തതിനെ തുടര്‍ന്ന് അയല്‍വാസികളെ വിളിച്ചു പറഞ്ഞു. ഇവര്‍ ചെന്ന് നോക്കിയപ്പോഴാണ് അനുശ്രീയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. അനുശ്രീ മരിച്ചതറിഞ്ഞ അമല്‍ രാവിലെ 8.45-ന് എറണാകുളം നോര്‍ത്ത് റെയില്‍വേ സ്റ്റേഷന് സമീപത്തെ ലോഡ്ജില്‍ മുറിയെടുത്ത ശേഷം തന്റെ ലൊക്കേഷന്‍ സുഹൃത്തുക്കള്‍ക്ക് അയച്ചുകൊടുത്തു. ഫോണ്‍വിളിച്ചപ്പോള്‍ എടുക്കാത്തതിനെ തുടര്‍ന്ന് ലോഡ്ജില്‍ അന്വേഷിച്ചെത്തിയ സുഹൃത്തുക്കള്‍ വാതില്‍ തള്ളിത്തുറന്ന് നോക്കിയപ്പോഴാണ് അമലിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. മരിക്കുന്നതിന് മുമ്പ് ഇവര്‍ വിഡിയോ കോള്‍ ചെയ്തതായി വ്യക്തമായിട്ടുണ്ട്. അതില്‍ എന്താണ് പ്രശ്‌നം നടന്നതെന്ന് വ്യക്തമല്ല. അത് കണ്ടെത്താനാണ് പൊലീസിന്റെ ശ്രമം. ഫോണുകള്‍ ഇതുവരെയും കസ്റ്റഡിയിലെടുത്തിട്ടില്ല. ഹുന്‍സൂര്‍ പൊലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനുശേഷം ബുധനാഴ്ച വൈകീട്ടോടെ പൂച്ചക്കാട്ടെ വീട്ടിലെത്തിച്ച് സംസ്‌കരിച്ചു. എറണാകുളം നോര്‍ത്ത് പൊലീസ് ഇന്‍ക്വസ്റ്റ് നടത്തിയശേഷം മൃതദേഹം ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ പോസ്റ്റ്മോര്‍ട്ടം നടന്നു. വൈകീട്ട് നാട്ടിലെത്തിക്കും.








