ചെന്നൈ: മണിക്കൂറുകളോളം മൊബൈൽ ഫോണിൽ ഗെയിം കളിച്ചതിനെ തുടർന്ന് കഴുത്തിലെ ഞരമ്പുകൾക്ക് ഗുരുതരമായി പരിക്കേറ്റ് ശസ്ത്രക്രിയയ്ക്ക് വിധേയയായി നടി ഷക്കീല. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു ശസ്ത്രക്രിയ. ചികിത്സയ്ക്ക് ശേഷം വീട്ടിൽ തിരിച്ചെത്തിയ നടി തന്റെ യൂട്യൂബ് ചാനലിൽ പങ്കുവെച്ച വീഡിയോയിലൂടെയാണ് ആരോഗ്യസ്ഥിതിയെക്കുറിച്ചും ബുദ്ധിമുട്ടുകളെ കുറിച്ചും വ്യക്തമാക്കിയത്.
കഴുത്തിന് പരിക്കേറ്റതിനെ തുടർന്ന് കോളർ നെക്ക് ധരിച്ചാണ് ഷക്കീല വീഡിയോയിൽ പ്രത്യക്ഷപ്പെടുന്നത്. കിടക്കയിൽ നിന്നെഴുന്നേൽക്കുന്നതിനും ഭക്ഷണം കഴിക്കുന്നതിനുമെല്ലാം ആളുകളുടെ സഹായം വേണം. ഈ അവസ്ഥയ്ക്ക് കാരണം തുടർച്ചയായ ഫോൺ ഉപയോഗമാണെന്ന് ഷക്കീല പറയുന്നു. ഫോൺ നമുക്ക് ഏറെ ഉപകാരമുള്ള വസ്തുവാണ്. പക്ഷേ ആവശ്യത്തിലധികം ഉപയോഗിക്കാതിരിക്കുകയാണ് വേണ്ടതെന്നു നടി പറയുന്നു.
കിടക്കയിൽ ചരിഞ്ഞുകിടന്ന് തുടർച്ചയായി മണിക്കൂറുകൾ വരെ ഫോണിൽ ഗെയിം കളിക്കാറുണ്ടായിരുന്നു. അതിനിടെ ചായയോ കാപ്പിയോ കുടിക്കാൻ വേണ്ടി മാത്രമാണ് എഴുന്നേൽക്കുന്നത്. ചായ കുടിച്ച് വന്ന ശേഷം മൊബൈലിൽ തന്നെയാണ് സമയം കളയുന്നത്. ഇതു കാരണം കഴുത്തിലെ ഞരമ്പുകളെ ബാധിക്കുകയും ഒടുവിൽ സർജറി ചെയ്യേണ്ട അവസ്ഥ വന്നു. ഡിജിറ്റൽ ലോകത്ത് സമയം ചെലവഴിക്കുമ്പോൾ എല്ലാവരും അതീവ ജാഗ്രത പുലർത്തണമെന്ന് ഷക്കീല ഓർമ്മിപ്പിക്കുന്നു. “കുട്ടികളുടെ കൈകളിൽ മൊബൈൽ ഫോൺ കൊടുക്കുന്നത് പൂർണ്ണമായും ഒഴിവാക്കണം. ആവശ്യമുള്ള കാര്യങ്ങൾക്ക് മാത്രം ഫോൺ ഉപയോഗിക്കുക. എന്റെ വീഡിയോ അടക്കം അനാവശ്യമായി കാണുന്നത് ഒഴിവാക്കുക, ഉപകാരപ്രദമായ കാര്യങ്ങൾ മാത്രം കാണുക. അല്ലെങ്കിൽ 3 ലക്ഷം രൂപയും പോകും, അതിനൊപ്പം സഹിക്കാനാവാത്ത നല്ല വേദനയും അനുഭവിക്കേണ്ടി വരും,” എന്നും ഷക്കീല പറയുന്നു.
പോസ്റ്റിന് താഴെ താരത്തിന് എത്രയും വേഗം ആരോഗ്യം വീണ്ടെടുക്കട്ടെ എന്ന് ആശംസിച്ചുകൊണ്ട് നിരവധി ആരാധകരും പ്രേക്ഷകരുമാണ് കമന്റുകളുമായി എത്തുന്നത്.








