ഫാത്തിമത്ത് റിസയുടെ ആത്മഹത്യ; ഭർത്താവ് ആസിഫിനായി പൊലീസ്‌ ലുക്ക് ഔട്ട് സെർക്കുലർ പുറത്തിറക്കി

കണ്ണൂർ:പൊയ്ത്തുംകടവിലെ ഫാത്തിമത്ത് റിസ (20) ജീവനൊടുക്കിയ കേസില്‍ പ്രതിയായ ഭര്‍ത്താവ് ആസിഫിനായി പൊലീസ് ലുക്കൗട്ട് സര്‍ക്കുലര്‍ പുറത്തിറക്കി. ആസിഫ്(29) ദുബായിലേക്ക് കടന്നുവെന്ന സംശയത്തെ തുടര്‍ന്നാണ് ലുക്കൗട്ട് സര്‍ക്കുലര്‍ പുറപ്പെടുവിച്ചത്.
ജൂണ്‍ 28നാണ് യുവതി ജീവനൊടുക്കിയത്. ഭര്‍ത്താവിന്റെ പീഡനം മൂലമാണ് യുവതി ജീവനൊടുക്കിയതെന്ന് ബന്ധുക്കള്‍ ആരോപിച്ചിരുന്നു. ഭര്‍ത്താവിനൊപ്പം കഴിയവേ ആസിഫിന്റെ മയക്കുമരുന്ന് ഉപയോഗം റിസ ചോദ്യം ചെയ്യുകയും ഇതേ തുടര്‍ന്ന് അതിക്രൂരമായി മര്‍ദിക്കുകയും ചെയ്തുവെന്നുമാണ് ആരോപണം. ഇതിന് തെളിവായി റിസ കൂട്ടുകാരിക്ക് അയച്ച വാട്‌സ്ആപ്പ് സന്ദേശങ്ങള്‍ പൊലീസിന് കൈമാറിയിട്ടുണ്ട്. ജീവനൊടുക്കുന്നതിന് മുമ്പ് ഭര്‍ത്താവില്‍ നിന്നുണ്ടായ പീഡന വിവരങ്ങള്‍ റിസ ഫോണ്‍ സംഭാഷണത്തിലൂടെ കൂട്ടുകാരിയുമായി പങ്കുവെച്ചിരുന്നു. ഭര്‍ത്താവിന്റെ ക്രൂരതകള്‍ പുറത്തറിയണമെന്നതടക്കമുള്ള ശബ്ദ സന്ദേശവുമുണ്ടായിരുന്നു.2026 ജനുവരി എട്ടിനായിരുന്നു മുണ്ടേരിമൊട്ട മായന്‍മുക്ക് സ്വദേശി ആസിഫുമായുള്ള റിസയുടെ വിവാഹം കഴിഞ്ഞത്. യുവതിയുടെ ആത്മഹത്യയെ തുടര്‍ന്ന് ഭര്‍ത്താവിനെതിരെ പ്രേരണാകുറ്റത്തിനും പീഡനത്തിനും വളപട്ടണം പൊലീസ് കേസെടുത്തിരുന്നു. റിസയുടെ മരണവിവരം അറിഞ്ഞ് വിദേശത്ത് നിന്ന് നാട്ടിലെത്തിയ ആസിഫ് ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ വിദേശത്തേക്ക് കടന്നതായാണ് സംശയിക്കുന്നത്. യു.എ.ഇയിലെ എയര്‍പോര്‍ട്ടിലാണ് ആസിഫ് ജോലി ചെയ്യുന്നത്. ഇയാളെ പിടികൂടുന്നതിന് ഇന്റര്‍പോളിന്റെ സഹായം പൊലീസ് തേടിയിട്ടുണ്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page