ഹരിയാന: മക്കള്‍ക്കായി ജീവിതം ഉഴിഞ്ഞുവച്ച പിതാവ് വയോജന മന്ദിരത്തില്‍ മരിച്ചു. മരണ വിവരം അറിഞ്ഞിട്ടും പിതാവിനെ അവസാനമായി ഒരു നോക്ക് കാണാന്‍ മൂന്നു മക്കളും എത്തിയില്ല. വരാന്‍ താല്‍പര്യം പോലുമുണ്ടായില്ല. നേപ്പാളിലും ഉത്തര്‍പ്രദേശിലും താമസിക്കുന്ന മക്കള്‍ ഒടുവില്‍ വീഡിയോ കോളിലൂടെ അന്ത്യകര്‍മ്മങ്ങളില്‍ പങ്കുചേര്‍ന്നു. സോണിപ്പട്ടിലെ വയോജന മന്ദിരത്തില്‍ കഴിയുകയായിരുന്ന മുന്‍ ടെക്സ്റ്റൈല്‍ വ്യാപാരിയായ ശിവചരണ്‍ റാം രത്തന്‍ ഗുപ്തയാണ് അന്തരിച്ചത്. വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് ചൊവ്വാഴ്ച പുലര്‍ച്ചെയാണ് മരണം സംഭവിച്ചത്. കഴിഞ്ഞ ഒന്നര വര്‍ഷമായി സോണിപ്പട്ടിലെ വെസ്റ്റ് റാം നഗറിലുള്ള സമാജ് കല്യാണ്‍ ശിക്ഷാ സമിതി നടത്തുന്ന വയോജന മന്ദിരത്തിലാണ് ശിവചരണ്‍ റാം കഴിഞ്ഞിരുന്നത്. പിതാവ് അവശനിലയിലാണെന്ന് മക്കളെ 20 ദിവസം മുമ്പ് അറിയിച്ചിരുന്നെങ്കിലും കാണാനോ ഫോണിലൂടെ സംസാരിക്കാനോ ആരും തയ്യാറായില്ലെന്ന് വയോജന മന്ദിര അധികൃതര്‍ പറയുന്നു. മരണപ്പെട്ടത് അറിയിച്ചപ്പോള്‍, സംസ്‌കാര ചടങ്ങുകള്‍ക്കായി സോണിപ്പട്ടില്‍ എത്താന്‍ കഴിയില്ലെന്ന് മൂവരും പറഞ്ഞു. നേപ്പാളില്‍ അധ്യാപികയായി ജോലി ചെയ്യുന്ന മൂത്തമകള്‍ അനിത പിതാവിന്റെ അന്ത്യകര്‍മ്മങ്ങള്‍ക്കായി 5,100 രൂപ ഓണ്‍ലൈനായി അയച്ചുനല്‍കിയതായും അധികൃതര്‍ പറഞ്ഞു. തുടര്‍ന്ന് വിഡിയോ കോളിലൂടെ അവര്‍ അന്ത്യകര്‍മങ്ങളില്‍ പങ്കുചേര്‍ന്നു. വയോജന മന്ദിര അധികൃതരുടെയും നാട്ടുകാരുടെയും സഹായത്തോടെയാണ് സംസ്‌കാര ചടങ്ങുകള്‍ നടത്തിയത്.’ഇനി എത്ര സമയമെടുക്കും? ഞങ്ങള്‍ക്ക് ഭക്ഷണം കഴിക്കാനും കുളിക്കാനും ഉള്ളതാണ്,’ എന്ന് അവരിലൊരാള്‍ പറയുന്നത് വീഡിയോയില്‍ കാണാം. മൂന്ന് പെണ്‍മക്കള്‍ക്കും ഉയര്‍ന്ന വിദ്യാഭ്യാസം നല്‍കാനാണ് അദ്ദേഹം ജീവിതം മാറ്റിവച്ചതെന്നും അധികൃതര്‍ പറയുന്നു. ഭാര്യ ഏറെ വര്‍ഷം മുമ്പ് മരണപ്പെട്ടിരുന്നു. ഗുപ്തയുടെ മരണശേഷം അദ്ദേഹത്തിന്റെ കണ്ണുകള്‍ ദാനം ചെയ്തു.








