സര്‍വ ധര്‍മ്മ സമഭാവ

സത്യം ബ്രൂയാത്; പ്രിയം ബ്രൂയാത്; നബ്രൂയാത് സത്യം അപ്രിയം (സത്യം പറയണം, പ്രിയംകരമായത് പറയണം, അപ്രിയസത്യം പറയരുത്).

ഈ ആര്‍ഷവചനം കൊണ്ട് എന്താണ് അര്‍ത്ഥമാക്കുന്നത്? തനിക്ക് ഇഷ്ടമല്ലാത്ത സത്യം പറയരുത് എന്നോ? പറയാം എന്നോ? സത്യംത അസത്യം; ന്യായംത അന്യായം; ധര്‍മ്മംഃ അധര്‍മ്മം- ഇവയൊന്നും തന്നെ പരസ്പര വിരുദ്ധമല്ല എന്നോ?

ഇതുപോലൊരു ന്യായമാണ് കഴിഞ്ഞ ദിവസം മദ്രാസ് ഹൈക്കോടതി പറഞ്ഞത്- കോടതി വ്യക്തമാക്കി എന്ന് പത്ര ലേഖകന്‍ എഴുതി (27-07-2026 മാതൃഭൂമി) എന്നാല്‍ ഒട്ടും വ്യക്തതയില്ല; കോടതി വ്യക്തമാക്കിയത് എന്തെന്ന് പറയാം.

ആ പരാമര്‍ശം കുറ്റകരമല്ല; എന്നാല്‍ അനുചിതമാണ്. ഉചിതമല്ലാത്തത് കുറ്റകരമല്ലേ? അല്ല എന്ന് കോടതി വ്യക്തമാക്കുന്നു; പരാമര്‍ശം ഇങ്ങനെ: ഹിന്ദു ഭീകരതയ്‌ക്കെതിരെ ഒന്നിക്കണം. ദ്രാവിഡ കഴകം നേതാവായ അഡ്വക്കേറ്റ് എസ് കുമാര ദേവന്‍ ആഹ്വാനം ചെയ്തത്. ഇദ്ദേഹത്തിനെതിരെ കേസെടുക്കണം എന്ന് ആരാണ് ആവശ്യപ്പെട്ടത് എന്ന് വാര്‍ത്തയില്‍ കണ്ടില്ല. പൊലീസ് കേസെടുത്തു. 2017ലാണ് ഇത് ഉണ്ടായത്. അത് റദ്ദാക്കണം എന്ന് അഭ്യര്‍ത്ഥിച്ച് കുമാരദേവന്‍ ഹൈക്കോടതിയെ സമീപിച്ചു. കോടതി പൊലീസ് നടപടി നിരാകരിച്ചു. കുമാരദേവന്റെ പരാമര്‍ശം കുറ്റകരമല്ല; അനുചിതമാണ്. പറയാന്‍ പാടില്ലാത്തതാണ്. വിദ്വേഷപരാമര്‍ശമാണെന്ന് പറയാനാവില്ല.

വിദ്വേഷമുളവാക്കുന്ന പരാമര്‍ശം എന്ന് പറയാന്‍ പാടില്ല എന്ന് പറയാനുള്ള കാരണം ഹൈക്കോടതി വ്യക്തമാക്കി. ആ പരാമര്‍ശത്തെത്തുടര്‍ന്ന് നാട്ടില്‍ അനിഷ്ട സംഭവമൊന്നും ഉണ്ടായിട്ടില്ല. അതുകൊണ്ട് തന്നെ കലാപത്തിന് വഴിയൊരുക്കുന്ന പരാമര്‍ശം നടത്തി എന്ന് പറഞ്ഞ് കേസെടുക്കാനാവില്ല.

എന്താണ് കുമാരദേവന്റെ വിവാദ പരാമര്‍ശം? ഏകീകൃത വ്യക്തി നിയമം കൊണ്ടുവരണം എന്ന് ആവശ്യപ്പെടുന്നത് ഹിന്ദു ഭീകരന്മാരാണ്; അതിനെ ഒറ്റക്കെട്ടായി ചെറുക്കണം എന്ന് -കുമാര ദേവന്‍ ആഹ്വാനം ചെയ്തു.

ഏകീകൃത വ്യക്തിനിയമം -യൂണിഫോം പേഴ്‌സണല്‍ ലോ- അത് ഹിന്ദു ഭീകരരുടെ ആവശ്യമാണോ?പേഴ്‌സണല്‍ ലോ- വ്യക്തി നിയമം യൂണിഫോം- ഏകീകൃതം. എല്ലാവര്‍ക്കും ഒരേ വ്യക്തി നിയമം വേണം. ജാതിയും മതവും തിരിഞ്ഞ്, വ്യത്യസ്ത വ്യക്തി നിയമങ്ങള്‍- അത് പാടില്ല എന്ന് ആവശ്യപ്പെടുന്നത് ഹിന്ദു ഭീകരന്മാരാണോ?

ഇന്ത്യ മത രാഷ്ട്രമല്ല. പാക്കിസ്ഥാന്‍ മതരാഷ്ട്രമാണ്. ഇസ്ലാം മതം പാക്കിസ്ഥാന്റെ മതം. മതത്തിന്റെ അടിസ്ഥാനത്തില്‍ രൂപീകൃതമായ രാഷ്ട്രമാണ് പാക്കിസ്ഥാന്‍. എന്നാല്‍, ഇന്ത്യയില്‍ അനേകം മതക്കാരുണ്ട്. ഹിന്ദുക്കളാണ് ഭൂരിപക്ഷം. മുസ്ലീംങ്ങളും, ക്രൈസ്തവരും, പാഴ്‌സികളും, സിക്കുകാരും ബുദ്ധമതക്കാരും ജൈനമതക്കാരും ഇന്ത്യയിലുണ്ട്. ഇന്ത്യയിലെ പൗരന്മാരാണ് എല്ലാവരും. മതാടിസ്ഥാനത്തില്‍ അല്ല പൗരത്വം ഇന്ത്യയില്‍.

ഇവിടെ മതസ്വാതന്ത്ര്യമുണ്ട്. വ്യത്യസ്ത മതക്കാര്‍ക്ക് വ്യത്യസ്ത ആചാരങ്ങള്‍ അനുവദിക്കുന്നു. എന്നാല്‍ അനാചാരങ്ങള്‍ പാടില്ല. സിക്കു മതക്കാര്‍ക്ക് ‘കൃപാണം’ എന്ന ആയുധം ധരിച്ച് നടക്കാം. എന്നാല്‍ അതെടുത്ത് വീശാന്‍ പാടില്ല. അടുത്ത് നില്‍ക്കുന്നവര്‍ക്ക് പരുക്കേല്‍ക്കും. മാംസാഹാരം ആര്‍ക്കും വിലക്കിയിട്ടില്ല. ഏതൊക്കെ മൃഗങ്ങളുടെ മാംസം അനുവദനീയം, ഏത് നിഷിദ്ധം എന്നും പറയുന്നില്ല. ഇഷ്ടാനുസരണം ആഹാരം. ശരീര പുഷ്ടിക്ക് ഹാനികരമാകരുത് എന്ന് മാത്രം. വസ്ത്രധാരണം -അതും ഹിതാനുസരണം. ജൈനമതക്കാരില്‍ ശ്വേതാംബരന്മാര്‍, ദിഗംബരന്മാര്‍ എന്നിങ്ങനെ രണ്ട് വിഭാഗക്കാരുണ്ട്. ശ്വേതാംബരന്മാര്‍ വെളുത്ത വസ്ത്രം മാത്രം ധരിക്കുന്നു. ദിഗംബരന്മാര്‍ വസ്ത്രമേ ധരിക്കാന്‍ പാടില്ല. എന്നാല്‍, മതാചാരമാണെന്ന് പറഞ്ഞ് വസ്ത്രം ധരിക്കാതെ, പൂര്‍ണ്ണനഗ്നരായി പൊതു ഇടങ്ങളില്‍ സഞ്ചരിക്കരുത്. മതാചാരങ്ങള്‍ പലതും സാമൂഹ്യ സുരക്ഷിതത്വം കണക്കിലെടുത്ത് നിരോധിച്ചിട്ടുണ്ട്. ആനന്ദമാര്‍ഗ്ഗികള്‍ക്ക് ആയുധവും കലാപവും (തലയോട്) കൈകകളിലേന്തി നഗ്നരായി താണ്ഡവം നടത്താം എന്ന ആചാരം 1984ല്‍ സുപ്രീംകോടതി റദ്ദാക്കി. ബക്രിദിന് പശുവിനെ അറുക്കണം എന്ന് ഇസ്ലാമികാചാരം 1958ല്‍ സുപ്രീം കോടതി റദ്ദാക്കി.

ഇന്ത്യ ഒരു മതേതരരാഷ്ട്രം- സെക്യുലര്‍ സ്‌റ്റേറ്റ്. സെക്യുലര്‍ എന്ന്, 1950ല്‍ പ്രാബല്യത്തില്‍ വന്ന ഭരണഘടനയില്‍ പറഞ്ഞിട്ടില്ല. എന്നാല്‍ ആ അര്‍ത്ഥം വരുന്ന നിരീക്ഷണങ്ങളുണ്ട്. സത്യപ്രതിജ്ഞ (കോടതിയില്‍ മൊഴി കൊടുക്കും മുമ്പ്, നിയമനിര്‍മ്മാണ സഭകളില്‍ അംഗത്വമെടുക്കുന്നതിനു മുമ്പ്) ദൈവ നാമത്തില്‍ നടത്തണം എന്ന് അനുശാസിക്കുന്നില്ല; സ്വന്തം മനസ്സാക്ഷിയുടെ പേരില്‍ സത്യപ്രതിജ്ഞ നടത്താവുന്നതാണ്.

ഡോ. എസ് രാധാകൃഷ്ണന്‍ പറഞ്ഞു: ഇന്ത്യാ രാഷ്ട്രത്തിന് മതമില്ല. എല്ലാമതക്കാരെയും ഒരേപോലെ കാണുന്നു. ഇഷ്ടമുള്ള മതത്തില്‍ വിശ്വസിക്കാന്‍ അവകാശമുണ്ട്. വിശ്വസിക്കാതിരിക്കാനും.

സര്‍വ ധര്‍മ്മ സമഭാവ- നമ്മുടെ ഭരണഘടന ഉറപ്പ് നല്‍കുന്നത് ഇതാണ്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page