ഫാലിമി, തലൈവര്‍ തമ്പി തലൈമയില്‍ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം നിതീഷ് സഹദേവ് സംവിധാനം ചെയ്യുന്ന പുതിയ സിനിമയില്‍ അഭിനയിക്കാന്‍ നടന്‍ മമ്മൂട്ടി എത്തി. ലൊക്കേഷനില്‍ നിന്നുമുള്ള ഫോട്ടോകള്‍ പങ്കിട്ട് മമ്മൂട്ടി തന്നെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ഒരാഴ്ച മുന്‍പാണ് കാരക്കുടിയില്‍ സിനിമയുടെ ചിത്രീകരണം ആരംഭിച്ചത്. തമിഴില്‍ ധനുഷിനൊപ്പം അഭിനയിക്കുന്ന ഓം പൂര്‍ത്തിയാക്കിയ ശേഷമാണ് തിങ്കളഴ്ച മമ്മൂട്ടി പുതിയ ചിത്രത്തിന്റെ ലൊക്കേഷനിലെത്തിയത്. മുണ്ടും ഷര്‍ട്ടും ധരിച്ചെത്തിയ മമ്മൂട്ടിയുടെ ചിത്രം ഇതിനകം തന്നെ സോഷ്യല്‍മീഡിയയില്‍ വൈറലാണ്. കളങ്കാവല്‍ എന്ന ബ്‌ളോക് ബസ്റ്റര്‍ ചിത്രത്തിനുശേഷം മമ്മൂട്ടി കമ്പനി നിര്‍മ്മിക്കുന്ന ഒന്‍പതാമത്തെ ചിത്രമാണിത്. ആക്ഷന്‍ കോമഡി എന്റര്‍ടെയ്‌നറായിരിക്കുമെന്നാണ് പുറത്ത് വരുന്ന വിവരം. മമ്മൂട്ടി കമ്പനി നിര്‍മ്മിക്കുന്ന ഏറ്റവും ചെലവേറിയ ചിത്രമെന്ന പ്രത്യേകതയും ഉണ്ട്. കാരക്കുടിയില്‍ 50 ദിവസവും തുടര്‍ന്ന് എറണാകുളത്തുമാണ് ചിത്രീകരണം നടക്കുക. ജീന്‍ പോള്‍ ലാല്‍, സിദ്ധാര്‍ത്ഥ് ഭരതന്‍ എന്നിവരും നിരവധി പുതുമുഖങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നു. നിതീഷ് സഹദേവും അനുരാജ് ഒ.ബിയും ചേര്‍ന്നാണ് രചന. ജിംഷി ഖാലിദ് ഛായാഗ്രഹണം നിര്‍വഹിക്കുന്നു. വിഷ്ണു വിജയ് ആണ് സംഗീതം. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ അരോമ മോഹന്‍.








