ഛണ്ഡീഗഡ്: ഫരീദാബാദില്‍ യുവതി കാമുകനെ കഴുത്തറുത്തുകൊന്നു. മധ്യപ്രദേശിലെ സത്ന ജില്ല സ്വദേശിനിയായ അനിത (33)യാണ് കാമുകനായ സദാഖത്തിനെ അതിക്രൂരമായി കൊലപ്പെടുത്തിയത്. ഇരുവരും ഏറെക്കാലമായി പ്രണയത്തിലായിരുന്നു. വിവാഹം കഴിക്കണമെന്ന് നിരന്തരം ആവശ്യപ്പെട്ടിട്ടും വൈകിപ്പിച്ചതാണ് യുവതിയെ പ്രകോപിപ്പിച്ചത്.
അനിത അനന്തപുര്‍ ഗ്രാമത്തിലുള്ള തന്റെ മുറിയിലേക്ക് സദാഖത്തിനെ വിളിച്ചു വരുത്തുകയായിരുന്നു. തുടര്‍ന്ന് മദ്യമടക്കം നല്‍കി സല്‍ക്കരിച്ചു. രാത്രി വൈകി മദ്യലഹരിയില്‍ സദാഖത്ത് ഉറങ്ങിയ സമയം നോക്കി കഴുത്തറുത്തു കൊലപ്പെടുത്തുകയായിരുന്നുവെന്നു പൊലീസ് പറഞ്ഞു. കൊലപാതകത്തിന് ശേഷം അനിത മുറി പുറത്ത് നിന്നു പൂട്ടി സ്ഥലം വിടുകയായിരുന്നു. നേരത്തെ വിവാഹിതയായ അനിത ഒരു സ്വകാര്യ സ്‌കൂളില്‍ ശുചീകരണ തൊഴിലാളിയായിരുന്നു. അനിതയെ ഭര്‍ത്താവ് നേരത്തെ ഉപേക്ഷിച്ചിരുന്നു. അതിനു ശേഷം അനിതയും സദാഖത്തും ഒരേ മുറിയിലായിരുന്നു താമസം. ഈ വിവരമറിഞ്ഞ് മുറി ഉടമ അനിതയെ താമസസ്ഥലത്ത് നിന്ന് ഒഴിവക്കി. അതിന് ശേഷം അനജ്പുര്‍ ജില്ലയിലായിരുന്നു അനിത താമസിച്ചിരുന്നത്. മിക്ക ദിവസങ്ങളിലും സദാഖത്ത് അവിടെയെത്തി അനിതക്കൊപ്പം താമസിച്ചിരുന്നു. തന്നെ വിവാഹം കഴിക്കണമെന്ന് അനിത നിരന്തരം ആവശ്യപ്പെട്ടിരുന്നുവെങ്കിലും വൈകിപ്പിച്ചതാണ് പ്രകോപനത്തിനും കൊലപാതകത്തിനും പ്രേരിപ്പിച്ചതെന്നു പൊലീസ് പറഞ്ഞു.








