മംഗളൂരു: കനത്ത മഴയെത്തുടര്‍ന്ന്, മൈസൂരു റെയില്‍വേ ഡിവിഷനിലെ യെദകുമാരി, ഷിരിബാഗിലു റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയിലുള്ള അരെബെട്ടയ്ക്ക് സമീപം ട്രാക്കില്‍ മണ്ണിടിഞ്ഞു. ഇതോടെ ബെംഗളൂരു-മംഗളൂരു പാതയിലെ ട്രെയിന്‍ ഗതാഗതം തടസപ്പെട്ടു. ശനിയാഴ്ച പുലര്‍ച്ചെയാണ് മണ്ണിടിഞ്ഞത്. വലിയപാറകല്ലുകളും ട്രാക്കിലേക്ക് പതിച്ചിരുന്നു. ഇതേ തുടര്‍ന്ന് സൗത്ത് വെസ്റ്റേണ്‍ റെയില്‍വേ ഏഴ് പ്രധാന ട്രെയിനുകളുടെ സര്‍വീസുകള്‍ ഭാഗികമായി റദ്ദാക്കി. ബംഗളൂരുവില്‍ നിന്ന് ഹാസന്‍ വരെ സര്‍വീസ് നടത്തും. ബംഗളൂരു-മുരുഡേശ്വര്‍ എക്‌സ്പ്രസ്, കെഎസ്ആര്‍ ബെംഗളൂരു-കോഴിക്കോട് എക്‌സ്പ്രസ്,
വിജയപുര -മംഗലാപുരം സെന്‍ട്രല്‍ എക്‌സ്പ്രസ്, കെഎസ്ആര്‍ ബെംഗളൂരു – കാര്‍വാര്‍ എക്‌സ്പ്രസ് എന്നിവ ഹാസനില്‍ സര്‍വീസ് അവസാനിപ്പിക്കും. മംഗളൂരു സെന്‍ട്രല്‍ – വിജയപുര എക്‌സ്പ്രസ് സുബ്രഹ്‌മണ്യ റോഡ് സ്റ്റേഷനില്‍ സര്‍വീസ് അവസാനിപ്പിക്കും. കോഴിക്കോട് – കെഎസ്ആര്‍ ബെംഗളൂരു എക്‌സ്പ്രസ് കബക പുത്തൂര്‍ വരെ മാത്രമേ സര്‍വീസ് നടത്തൂ. കനത്ത മഴയെത്തുടര്‍ന്ന് വീണ്ടും മണ്ണിടിച്ചില്‍ ഉണ്ടാകുന്നത് ജോലികള്‍ തടസ്സപ്പെടുത്തുന്നുണ്ടെങ്കിലും, അധിക മണ്ണുമാന്തി യന്ത്രങ്ങളും കൂടുതല്‍ തൊഴിലാളികളെയും ഉപയോഗിച്ച് പാത ഗതാഗതയോഗ്യമാക്കാനുള്ള ശ്രമം യുദ്ധകാലാടിസ്ഥാനത്തില്‍ നടക്കുകയാണ്.









