കാസര്‍കോട്: കാര്യങ്കോട് പുഴ കരകവിഞ്ഞതിനെ തുടര്‍ന്ന് നീലേശ്വരം നഗരസഭയിലെ ചാത്തമത്തെ 15 ഓളം കുടംബങ്ങളെ ശനിയാഴ്ച അര്‍ധരാത്രി മാറ്റിപ്പാര്‍പ്പിച്ചു. 46 ആളുകളെയും ചാത്തമത്ത് പാടാര്‍കുളങ്ങര ഭഗവതി ക്ഷേത്ര ഓഡിറ്റോറിയത്തിലേക്കാണ് മാറ്റിയത്. വീട്ടുമൃഗങ്ങളെയും കന്നുകാലികളെയും മാറ്റിപ്പാര്‍പ്പിച്ചിരുന്നു. നഗരസഭാ ചെയര്‍മാന്‍ മുഹമ്മദ് റാഫിയും റവന്യൂവകുപ്പ് അധികൃതരും നാട്ടുകാരും ദുരിതബാധിതരെ മാറ്റിപ്പാര്‍പ്പിക്കാനെത്തിയിരുന്നു. ദുരന്തമുഖത്ത് ഒരുമയോടെ രക്ഷാപ്രവര്‍ത്തനം നടത്തുന്നതിന് ചാത്തമത്തെ യുവജനങ്ങള്‍ ഒറ്റക്കെട്ടായി രാത്രിയെ പകലാക്കി മാറ്റി. രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് പൊലീസിന്റെയും മറ്റ് സര്‍ക്കാര്‍ സേവനം ഇല്ലാതെ പോയത് പ്രതിഷേധത്തിനിടയാക്കി. ഞായറാഴ്ച രാവിലെ വെള്ളം ഇറങ്ങിയതിനെ തുടര്‍ന്ന് പകുതിയോളം കുടുംബങ്ങള്‍ തിരിച്ചുവീടുകളിലേക്ക് തിരിച്ചെത്തി. 6 കുടുംബങ്ങളിലായി 18 പേര്‍ ഇപ്പോള്‍ ക്യാംപിലുണ്ട്. വെള്ളം കയറിയതിനെ തുടര്‍ന്ന് ശനിയാഴ്ച രാത്രി കയ്യൂര്‍ പൊതാവൂരിലെ 30 ഓളം പേരെ വായനശാലയിലേക്ക് മാറ്റിപ്പാര്‍പ്പിച്ചു. കിണാവൂരില്‍ 24 പേരെ മാറ്റിപ്പാര്‍പ്പിച്ചു.








