മൊഗ്രാല്‍ പുത്തൂര്‍ ആസാദ് നഗറില്‍ ലോറിയില്‍ കക്കൂസ് മാലിന്യം തള്ളാനെത്തി; വാഹനം നാട്ടുകാര്‍ പിടികൂടി, ഡ്രൈവറും സഹായിയും രക്ഷപെട്ടു

കാസര്‍കോട്: മൊഗ്രാല്‍ പുത്തൂര്‍ ആസാദ് നഗറില്‍ കക്കൂസ് മാലിന്യം തള്ളാനെത്തിയ ടാങ്കര്‍ ലോറി നാട്ടുകാര്‍ പിടികൂടി. ഡ്രൈവറും സഹായിയും വാഹനത്തില്‍ നിന്ന് ഇറങ്ങിയോടി. വാഹനത്തിന് പഞ്ചായത്ത് 25000 രൂപ പിഴ ചുമത്തി. വ്യാഴാഴ്ച പുലര്‍ച്ചെ ഒരുമണിയോടെയാണ് മാലിന്യം തള്ളാനെത്തിയത്. സ്ഥലത്ത് നിരവധി തവണ മാലിന്യം തള്ളിയ പ്രശ്‌നം നിലനില്‍ക്കുന്നതിനാല്‍ നാട്ടുകാര്‍ കാവലിരുന്ന് നിരീക്ഷിച്ചുവരികയായിരുന്നു. ദിവസം നൂറുകണക്കിന് ആളുകള്‍ പോകുന്ന റോഡരികിലാണ് പുലര്‍ച്ചെ മാലിന്യം തള്ളിയത്. മാലിന്യം തള്ളാന്‍ ടാങ്കര്‍ ലോറി എത്തിയതറിഞ്ഞ് നാട്ടുകാര്‍ സംഘടിച്ച് സ്ഥലത്തെത്തി. ഇതുകണ്ട ഡ്രൈവറും സഹായിയും ഓടിരക്ഷപ്പെട്ടു. നാട്ടുകാരുടെ വിവരത്തെ തുടര്‍ന്ന് പൊലീസും സ്ഥലത്തുവന്നു. സംഭവത്തില്‍ മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് നിയമാനുസൃത നടപടി സ്വീകരിച്ച് വാഹന ഉടമയില്‍ നിന്ന് 25,000 പിഴ ഈടാക്കാന്‍ നോട്ടീസ് അയച്ചു. വാഹനം പൊലീസ് കസ്റ്റഡിയിലെടുത്തു. ഒരാഴ്ച മുമ്പ് കുക്കാറിലും സമാനമായ സംഭവമുണ്ടായിരുന്നു. അന്ന് നാട്ടുകാര്‍ ലോറി തടയാന്‍ ശ്രമിച്ചപ്പോള്‍ അതിവേഗത്തില്‍ ഓടിച്ചുപോവുകയായിരുന്നു. പരിസ്ഥിതിക്കും പൊതുജനാരോഗ്യത്തിനും ഗുരുതര ഭീഷണിയാകുന്ന ഇത്തരം നിയമലംഘനങ്ങള്‍ക്കെതിരെ ശക്തമായ നടപടികള്‍ തുടര്‍ന്നും സ്വീകരിക്കുമെന്ന് പഞ്ചായത്ത് അധികൃതര്‍ പറഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page