വയോധികയുടെ മൂന്നു പവന്‍ മാലപ്പൊട്ടിച്ച കേസ്; സ്വര്‍ണ്ണം വില്‍ക്കാന്‍ സഹായിച്ച കാസര്‍കോട് സ്വദേശികൾ അറസ്റ്റില്‍

കണ്ണൂര്‍: വാടക വീട് ചോദിച്ചെത്തി വയോധികയുടെ കഴുത്തില്‍ നിന്നു മൂന്നു പവന്‍ സ്വര്‍ണ്ണമാല പൊട്ടിച്ചോടിയ കേസില്‍ കാസര്‍കോട് സ്വദേശികളായ രണ്ടുപേരെ ധര്‍മ്മടം പൊലീസ് അറസ്റ്റു ചെയ്തു. തളങ്കരയിലെ പി എം ഷഹസാന്‍ (23), ബോവിക്കാനത്തെ ഉബൈസ് (33) എന്നിവരെയാണ് അറസ്റ്റു ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ മൂന്നു ദിവസത്തേയ്ക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ടു. സ്വര്‍ണ്ണമാല വീണ്ടെടുക്കുന്നതിനായി പ്രതികളെ ഇന്ന് (വെള്ളി) കാസര്‍കോട്ടേക്ക് കൊണ്ടുപോകും.
ചൊവ്വാഴ്ച ഉച്ചയ്ക്കാണ് കേസിനാസ്പദമായ സംഭവം. വാടക വീട് അന്വേഷിച്ചെത്തിയ സംഘം ചാത്തോത്തെ ലീലയുടെ കഴുത്തില്‍ നിന്നാണ് മാലപ്പൊട്ടിച്ചോടിയത്. വയോധികയുടെ നിലവിളി കേട്ടെത്തിയ പരിസര വാസികളാണ് വിവരം പൊലീസിനെ അറിയിച്ചത്. തുടര്‍ന്ന് തലശ്ശേരി എ എസ് പി ഡോ. എം നന്ദഗോപന്‍ കാസര്‍കോട് ജില്ലാ പൊലീസ് മേധാവിയെ ബന്ധപ്പെട്ടു. സി സി ടി വി ക്യാമറകളിലെ ദൃശ്യങ്ങള്‍ പിന്തുടര്‍ന്ന് എത്തിയ പൊലീസ് ലീലയുടെ കഴുത്തില്‍ നിന്നു പൊട്ടിച്ചെടുത്ത മാല കാസര്‍കോട്ട് വില്‍പ്പന നടത്തിയതായി കണ്ടെത്തി. പ്രതികള്‍ വാഹനം വാടകയ്‌ക്കെടുത്ത് കര്‍ണ്ണാടകയിലേയ്ക്ക് രക്ഷപ്പെട്ടതായും കണ്ടെത്തി. തുടര്‍ന്ന് ജില്ലാ പൊലീസ് മേധാവിയുടെ സ്‌ക്വാഡിന്റെ സഹായത്തോടെ ധര്‍മ്മടത്തെ മുഹമ്മദ് യാസിന്‍ (20), മട്ടാമ്പ്രത്തെ മുഹമ്മദ് അനസ് (22) എന്നിവരെ മംഗ്ളൂരു, സുരത്ത്കല്ലില്‍ വച്ച് പിടികൂടുകയായിരുന്നു. ഇവരെ വിശദമായി ചോദ്യം ചെയ്തപ്പോഴാണ് മാല വില്‍ക്കാന്‍ സഹായിച്ചത് ഷഹസാസും ഉബൈസുമാണെന്ന് വ്യക്തമായത്. തുടര്‍ന്നാണ് ഇരുവരെയും അറസ്റ്റു ചെയ്തത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page