മുംബൈ: മഹാരാഷ്ട്രയിലെ ഭീവണ്ടിയില്‍ നാലുനില പാര്‍പ്പിട സമുച്ചയം തകര്‍ന്നു വീണ് ഏഴ് പേര്‍ക്ക് ദാരുണാന്ത്യം. അപകടത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. വെള്ളിയാഴ്ച പുലര്‍ച്ചെയോടെയാണ് അപകടം. നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരുന്ന തൊഴിലാളികളാണ് അപകടത്തില്‍പ്പെട്ടത്. മരിച്ചവരില്‍ ഷമീം ഷെയ്ഖ് (32), മിറാജ് റസൂല്‍ ഷെയ്ഖ് (34) എന്നിവരെ തിരിച്ചറിഞ്ഞിട്ടുണ്ട്. ബാക്കി അഞ്ചുപേരുടെ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. കെട്ടിടത്തിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ നാലോ അഞ്ചോ ആളുകള്‍ കുടുങ്ങികിടക്കുന്നതായാണ് സംശയം. ദേശീയ ദുരന്തനിവാരണ സംഘം, അഗ്‌നിരക്ഷാസേന, പൊലീസ് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് രക്ഷാപ്രവര്‍ത്തനം നടക്കുന്നത്. തിരച്ചിലിനായി ഡോഗ് സ്‌ക്വാഡിനെയും മണ്ണുമാന്തി യന്ത്രങ്ങളെയും എത്തിച്ചുണ്ട്. കാലപ്പഴക്കം കാരണമാണ് കെട്ടിടം തകര്‍ന്നുവീണതെന്നാണ് പ്രാഥമികനിഗമനം. കെട്ടിടത്തിന്റെ അറ്റകുറ്റപ്പണി നടക്കുന്നതിനിടെയാണ് അപകടം നടന്നത്. കെട്ടിടം അപകടാവസ്ഥയിലാണെന്നു കാണിച്ച് കോര്‍പറേഷന്‍ നാലോ അഞ്ചോ തവണ നോട്ടിസ് നല്‍കിയിരുന്നതായി സ്ഥലം സന്ദര്‍ശിച്ച എംഎല്‍എ മഹേഷ് ചൗഗുലെ പറഞ്ഞു.








