പണം കുമിഞ്ഞു കൂടിയപ്പോള്‍ തലയില്‍ മുടി വച്ചു പിടിപ്പിച്ചു; ബന്ധുവീടുകളിലെ പരിപാടികള്‍ക്കെല്ലാം സ്വര്‍ണവള സമ്മാനം, ഒടുവില്‍ വ്യാജ സ്വര്‍ണ്ണ പണയക്കേസില്‍ സംഘത്തലവന്‍ നവാസ് അറസ്റ്റില്‍, പ്രതിക്ക് 4 ഭാര്യമാര്‍

കണ്ണൂര്‍: വ്യാജ സ്വര്‍ണ്ണാഭരണങ്ങള്‍ പണയം വച്ച് ലക്ഷങ്ങള്‍ തട്ടിയ റാക്കറ്റിന്റെ തലവന്‍ അറസ്റ്റില്‍. ഇരിക്കൂര്‍, പെരുളത്തുപറമ്പ് സ്വദേശിയും മലപ്പുറം, മംഗലശേരി കരുവമ്പ്രം നൂര്‍ മഹലില്‍ താമസക്കാരനുമായ കെ,പി നവാസി(49)നെയാണ് കൂത്തുപറമ്പ് അസി. സിറ്റി പൊലീസ് കമ്മീഷണര്‍ സിബി ടോമും സംഘവും അറസ്റ്റു ചെയ്തത്.
പെരുവളത്ത് പറമ്പിലെ സഹോദരിയുടെ വീട്ടില്‍ വച്ച് ഇന്ന് (വ്യാഴം) പുലര്‍ച്ചെയാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. മട്ടന്നൂര്‍ എയര്‍പോര്‍ട്ട് പൊലീസ് ഇന്‍സ്‌പെക്ടര്‍ കെആര്‍ ബിജു വിശദമായി ചോദ്യം ചെയ്ത ശേഷം ഉച്ചയോടെ അറസ്റ്റ് രേഖപ്പെടുത്തി. കണ്ണൂര്‍, കോഴിക്കോട് ജില്ലകളില്‍ വ്യാജ സ്വര്‍ണം പണയം വച്ച് പണം തട്ടുന്ന വര്‍ക്കായി വളകള്‍ നിര്‍മ്മിച്ച് നല്‍കുന്നത് നവാസിന്റെ നേതൃത്വത്തിലാണെന്നാണ് പൊലീസിന് ലഭിച്ച സൂചന.
ബംഗളൂരുവില്‍ നിന്ന് 25,000 രൂപയ്ക്ക് വാങ്ങുന്ന വളകള്‍ 30,000 രൂപക്കാണ് ആവശ്യക്കാര്‍ക്ക് വില്‍ക്കുന്നത് എന്നാണ് നവാസ് പൊലീസിന് നല്‍കിയ മൊഴി. എന്നാല്‍ പ്രതിയുടെ ഈ മൊഴി പൊലീസ് മുഖവിലക്കെടുത്തിട്ടില്ല. സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ സമാന രീതിയില്‍ തട്ടിപ്പ് നടത്തുന്നതിന് ആഭരണങ്ങള്‍ പണിതു നല്‍കുന്ന റാക്കറ്റുമായി നവാസിന് അടുത്ത ബന്ധം ഉണ്ടെന്ന സംശയത്തിലാണ് പൊലീസ്. എറണാകുളത്തെ രണ്ട് സംഘങ്ങളുമായും മുംബൈ കേന്ദ്രീകരിച്ചുള്ള മറ്റൊരു സംഘവുമായും ഇയാള്‍ക്ക് ബന്ധം ഉള്ളതായാണ് പൊലീസിന്റെ സംശയം. പ്രതിയുടെ മൊബൈല്‍ ഫോണില്‍ നിന്ന് തട്ടിപ്പുകാരായ നിരവധി പേരുടെ വിവരങ്ങള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്.
നവാസ് തളിപ്പറമ്പിലും പരിസരങ്ങളിലുമായി നാലു വിവാഹങ്ങള്‍ കഴിച്ചിട്ടുള്ളതായി പൊലീസ് അന്വേഷണത്തില്‍ വ്യക്തമായി. അടുത്തിടെ വ്യാജ സ്വര്‍ണ്ണ വളകള്‍ പണയം വയ്ക്കാനുള്ള ശ്രമത്തിനിടയില്‍ രണ്ടുപേരെ മട്ടന്നൂര്‍ പൊലീസ് പിടികൂടിയിരുന്നു. ഉളിക്കലിലെ നിധിന്‍ (30), കൂടാളിയിലെ വിഷ്ണു (32) എന്നിവരാണ് അന്ന് അറസ്റ്റിലായത്. ഇവര്‍ക്ക് വ്യാജ സ്വർണ വള നല്‍കിയത് നവാസാണെന്ന് സംശയിക്കുന്നു. ബന്ധുക്കള്‍ക്കെല്ലാം പ്രിയങ്കരനായിരുന്നു നവാസ്. അവരുടെ വീടുകളില്‍ ഏത് പരിപാടികളില്‍ പങ്കെടുക്കുകയും സ്വര്‍ണ്ണ വളകള്‍ സമ്മാനമായി നല്‍കുന്നതും ഇയാളുടെ രീതിയാണ്. ഇവയും വ്യാജ സ്വര്‍ണ്ണമാണോയെന്ന് സംശയം ഉയര്‍ന്നിട്ടുണ്ട്. നേരത്തെ കഷണ്ടി ബാധിച്ച തലയായിരുന്നു നവാസിന്റേത്. എന്നാല്‍ വ്യാജ സ്വര്‍ണ്ണ ഇടപാടുകളിലൂടെ പണം കുമിഞ്ഞു കൂടിയതോടെ തലയില്‍ മുടിവച്ച് പിടിപ്പിച്ചതായും അന്വേഷണ വൃത്തങ്ങള്‍ പറഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
വയോധികയുടെ മാലപ്പൊട്ടിച്ചോടിയ സംഘം കര്‍ണ്ണാടകയിലേയ്ക്ക് കടന്നത് കാസര്‍കോട്ട് നിന്നു വാടകയ്‌ക്കെടുത്ത വാഹനത്തില്‍; ജില്ലാ പൊലീസ് മേധാവിയുടെ സ്‌ക്വാഡിന്റെ സഹായത്തോടെ പ്രതികള്‍ സുറത്ക്കല്ലിൽ പിടിയില്‍
Scroll to top

You cannot copy content of this page