കാസർകോട്: മദ്യലഹരിയിൽ അപകടകരമാം വിധം ഥാർ കാർ ഓടിച്ച ആളെ പൊലീസ് കസ്റ്റഡിയിലെടുത്തു. തമിഴ്‌നാട് ധർമ്മപുരി സ്വദേശി ഡി. ശ്യാം രാജിനെ (55)ആണ് നാട്ടുകാർ തടഞ്ഞുവച്ച് പൊലീസിന് കൈമാറിയത്. എഴുന്നേറ്റ് നിൽക്കാൻ പോലും കഴിയാത്ത വിധം മദ്യ ലഹരിയിലായിരുന്നു ഡ്രൈവർ. ബുധനാഴ്ച വൈകിട്ടാണ് ഇയാൾ അമിത വേഗതയിൽ കാർ ഓടിച്ചു വന്നത്. ഒരു ടയർ പൊട്ടിയ നിലയിൽ അപകടകരമായ രീതിയിലാണ് ഥാർ കാർ ഓടിച്ചത്. ഇതു ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ പരപ്പ സ്‌കൂളിന് സമീപത്തു വച്ച് കാർ തടഞ്ഞു. നാട്ടുകാരുടെ വിവരത്തെ തുടർന്ന് വെള്ളരിക്കുണ്ട്
പൊലീസ് സ്ഥലത്തെത്തി. കാറിൽ നിന്ന് പുറത്തിറക്കിയപ്പോൾ ഡ്രൈവർ റോഡിൽ കുഴഞ്ഞു വീണു. മദ്യലഹരിയിലാണെന്ന് വ്യക്തമായതോടെ തമിഴ്‌നാട് സ്വദേശിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാൾ ഓടിച്ച വാഹനവും കസ്റ്റഡിയിലെടുത്തു.







