ടോക്കിയോ: ജപ്പാനില്‍ ശക്തമായ ഭൂചലനം. തെക്കന്‍ ദ്വീപായ ക്യൂഷുവിന്റെ തീരത്ത് റിക്ടര്‍ സ്‌കെയിലില്‍ 7.1 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം അനുഭവപ്പെട്ടു. ജപ്പാന്‍ കാലാവസ്ഥാ ഏജന്‍സി സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചു. ഇന്ത്യന്‍ സമയം ചൊവ്വാഴ്ച പുലര്‍ച്ചെ 3.27 മണിയോടെയാണ് ഭൂകമ്പമുണ്ടായത്. 30 മിനുട്ടിന് ശേഷം അഞ്ചോളം തുടര്‍ചലനങ്ങളുമുണ്ടായി. സമുദ്രോപരിതലത്തില്‍നിന്ന് 10 കിലോമീറ്റര്‍ താഴ്ചയിലാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമെന്ന് ജപ്പാന്‍ കാലാവസ്ഥാ ഏജന്‍സി അറിയിച്ചു. തീരദേശവാസികളോട് ഉയര്‍ന്ന പ്രദേശങ്ങളിലേക്ക് മാറാനും ഔദ്യോഗിക നിര്‍ദേശങ്ങള്‍ പാലിക്കാനും അഭ്യര്‍ഥിച്ചു. ഭൂകമ്പത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റതായും മേഖലയില്‍ ഒരു കെട്ടിടം തകര്‍ന്നതായും ജപ്പാന്‍ പ്രധാനമന്ത്രി സനേ തകായിച്ചി പറഞ്ഞു.
തെക്കന്‍ ദ്വീപായ ക്യൂഷുവിലെ കുമാമോട്ടോ, നാഗസാക്കി, കഗോഷിമ, ഫുക്കുവോക്ക, സാഗ, ഓയിറ്റ, മിയാസാക്കി എന്നീ പ്രവിശ്യകളില്‍ അടിയന്തര മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഭൂചലനത്തെ തുടര്‍ന്ന് നിലവില്‍ ആളപായമോ വലിയ തോതിലുള്ള നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. അധികൃതര്‍ സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണ്. ലോകത്ത് ഏറ്റവും കൂടുതല്‍ ഭൂകമ്പ സാധ്യതയുള്ള രാജ്യങ്ങളിലൊന്നാണ് ജപ്പാന്‍. ലോകത്തിലെ ഭൂകമ്പങ്ങളുടെ ഏകദേശം 18 ശതമാനവും ഇവിടെയാണ് സംഭവിക്കുന്നത്. ജൂണ്‍ 25 ന് വടക്കന്‍ ജപ്പാനില്‍ 7.2 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ഉണ്ടായെങ്കിലും മരണമോ വലിയ നാശനഷ്ടങ്ങളോ ഉണ്ടായില്ല.








