പയ്യന്നൂർ: കൂട്ടുകാർക്കൊപ്പം ചിറയിൽ കുളിക്കാൻ ഇറങ്ങിയ യുവാവ് മുങ്ങി മരിച്ചു.
കുഞ്ഞിമംഗലം കവ്വപ്പുറം സ്വദേശി പാറമ്മൽ ഉമ്മറിന്റെ മകൻ ആഷിർ (23) ആണ് മരിച്ചത്.
ഞായറാഴ്ച വൈകുന്നേരം ആറുമണിയോടെ ചെറുതാഴം കോക്കാട് ചിറയിലായിരുന്നു അപകടം. സുഹൃത്തുക്കൾക്കൊപ്പം കുളിക്കുന്നതിനിടെ ആഷിറിനെ പെട്ടെന്ന് കാണാതാവുകയായിരുന്നു. ഉടൻതന്നെ ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കളും നാട്ടുകാരും വിവരമറിയിച്ചതിനെ തുടർന്ന് എത്തിയ ഫയർഫോഴ്സും ചേർന്ന് നടത്തിയ തിരച്ചിലിലാണ് ആഷിറിനെ കണ്ടെത്താനായത്.
ഉടൻ തന്നെ പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം നിലവിൽ പരിയാരം മെഡിക്കൽ കോളേജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. തിങ്കളാഴ്ച പോസ്റ്റ്‌മോർട്ടം നടത്തും. പാറമ്മൽ ഉമ്മറിന്റെയും കുഞ്ഞാസിയയുടെയും മകനാണ്. സഹോദരങ്ങൾ: അനസ്, ഉമൈറ, ഉവൈസ്.








