കൊച്ചി: കഴിഞ്ഞ 70 വർഷമായി കൂടെ കൊണ്ടു നടക്കുന്ന സൈക്കിൾ തിരിച്ചു കിട്ടാൻ പ്രകാശനെ സഹായിക്കാൻ ബോബി ചെമ്മണ്ണൂർ രംഗത്തെത്തി. ബുധനാഴ്ച രാത്രി ഇടപ്പള്ളി ടോളിലെ കടയുടെ മുന്നിൽ നിന്നാണ് സൈക്കിൾ മോഷണം പോയത്. പത്താംവയസ്സിൽ പിതാവ് എം.ആർ. ബാലകൃഷ്ണൻ ഏൽപ്പിച്ചതായിരുന്നു ഈ സൈക്കിൾ. 70 വർഷത്തിലേറെ പഴക്കമുള്ള റാലി സൈക്കിളായിരുന്നു അത്. ടയർ കമ്പനി ജീവനക്കാരനായ പിതാവ് അന്ന് ജോലിക്ക് പോകാൻ ഉപയോഗിച്ച സൈക്കിൾ ആണ് മകന് സമ്മാനമായി നൽകിയത്. ഈ സൈക്കിൾ ആർക്കും വിൽക്കരുതെന്നും നശിപ്പിക്കരുതെന്നും മരിക്കും മുമ്പ് പിതാവ് പ്രകാശനോട് പറഞ്ഞിരുന്നു. അങ്ങനെ 70 വർഷമായി സന്തതസഹചാരിയായി സൈക്കിൾ പ്രകാശനൊപ്പം ഉണ്ട്. ഈ സൈക്കിളാണ് കഴിഞ്ഞദിവസം കാണാതായത്. പിതാവിന്റെ ചരമവാർഷികത്തിന്റെ തലേന്നാണ് സൈക്കിൾ മോഷണംപോയത്. ഇതറിഞ്ഞ ബോബി ചെമ്മണ്ണൂർ പ്രകാശനെ സഹായിക്കാൻ രംഗത്തെത്തുകയായിരുന്നു.
കള്ളൻ സൈക്കിൾ തിരികെ നൽകുകയാണെങ്കിൽ 5 ലക്ഷം രൂപ പാരിതോഷികമാണ് ബോബി ചെമ്മണ്ണൂർ പ്രഖ്യാപിച്ചിരിക്കുന്നത്. ഇക്കാര്യം തന്റെ ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം അറിയിച്ചത്. കള്ളനെ കുറിച്ചുള്ള യാതൊരു വിവരവും പുറത്തുവിടില്ലെന്നും ബോബി പറയുന്നു. മോഷണം അവസാനിപ്പിച്ചാൽ ജോലിയും നൽകുമെന്നാണ് ബോബി ചെമ്മണ്ണൂർ പറയുന്നത്. സൈക്കിൾ മോഷണം പോയതിൽ പ്രകാശൻ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.








