ന്യൂഡല്‍ഹി: പരീക്ഷാ ചോദ്യപേപ്പര്‍ ചോര്‍ച്ചയിലും ക്രമക്കേടുകളിലും പ്രതിഷേധിച്ച് സമരം ശക്തമാക്കിയതിന് പിന്നാലെ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ രാജിവെച്ചു. ശനിയാഴ്ച ഉച്ചയോടെയാണ് രാജി പ്രഖ്യാപനം. പ്രധാനമന്ത്രിക്കാണ് രാജി സമര്‍പ്പിച്ചത്. അവസാന നിമിഷവും ധര്‍മേന്ദ്ര പ്രധാനെ വിദ്യാഭ്യാസ മന്ത്രാലയത്തില്‍ നിന്ന് മറ്റൊരു വകുപ്പിലേക്ക് മാറ്റാന്‍ സര്‍ക്കാര്‍ ശ്രമിച്ചിരുന്നു.
കഴിഞ്ഞ 10 ദിവസങ്ങളില്‍ നടന്ന സംഭവങ്ങളില്‍ താന്‍ ദുഃഖിതനാണെന്നും പ്രധാനമന്ത്രിക്ക് രാജി സമര്‍പ്പിച്ചെന്നും ധര്‍മേന്ദ്ര പ്രധാന്‍ പറഞ്ഞു. വിദ്യാര്‍ത്ഥികള്‍ സംശയങ്ങളുടെ ദുരന്തവലയത്തില്‍പ്പെടാതിരിക്കാന്‍ താന്‍ പ്രതിജ്ഞാബദ്ധനാണെന്നും ദേശീയ ഐക്യം മുന്‍നിര്‍ത്തിയും, വിദ്യാര്‍ത്ഥികള്‍ നിയമപരമായ കുരുക്കുകളില്‍പ്പെടാതെ പഠനത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് ശോഭനമായ ഭാവി കെട്ടിപ്പടുക്കുന്നതിന് സമയം വിനിയോഗിക്കാനുമാണ് താന്‍ രാജിവെയ്ക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രധാന്‍ രാജിവെക്കേണ്ടതില്ലെ എന്നായിരുന്നു കേന്ദ്ര സര്‍ക്കാറിന്റെ നിലപാട്. എന്നാല്‍ പ്രധാന്‍ രാജിവെക്കാതെ പിന്നോട്ടില്ലെന്ന് സമരക്കാരും തീരുമാനമെടുത്തതോടെ കേന്ദ്ര സര്‍ക്കാര്‍ വഴങ്ങുകയായിരുന്നു. സമരക്കാരുടെ പ്രധാന ആവശ്യങ്ങളിലൊന്നായിരുന്നു പ്രധാന്റെ രാജി.








