നടി പത്മപ്രിയ 46-ാം വയസില്‍ അമ്മയായി. സോഷ്യല്‍ മീഡിയയിലൂടെയാണ് താരം ഇക്കാര്യം ആരാധകരുമായി പങ്കുവച്ചിരിക്കുന്നത്. കുഞ്ഞിന്റെ ഒന്നാം പിറന്നാള്‍ ദിനത്തിലാണ് താന്‍ അമ്മയായ വിവരം പത്മപ്രിയ ആദ്യമായി വെളിപ്പെടുത്തിയത്. ‘ജീവിതത്തിന്റെ 365 ദിവസങ്ങള്‍’, എന്ന ഹൃദയസ്പര്‍ശിയായ അടിക്കുറിപ്പോടെയാണ് പോസ്റ്റ് പങ്കുവെച്ചത്. രണ്ട് ചിത്രങ്ങളാണ് നടി പങ്കുവച്ചിരിക്കുന്നത്. ചിത്രത്തില്‍ അമ്മയുടെ വസ്ത്രം മുറുകെപ്പിടിച്ച കുഞ്ഞിക്കൈകളും രണ്ട് കുഞ്ഞിക്കൈകള്‍ ചേര്‍ത്തുപിടിച്ചിരിക്കുന്നതുമാണ് കാണുന്നത്. എന്നാല്‍ കുഞ്ഞിന്റെ മുഖമോ, ആണ്‍കുഞ്ഞാണോ പെണ്‍കുഞ്ഞാണോ എന്ന വിവരങ്ങളോ താരം ഇതുവരെ പുറത്തുവിട്ടിട്ടില്ല.
കുഞ്ഞിപ്പോള്‍ തന്നെ വലിയ ആളായി എന്നായിരുന്നു സംവിധായിക അഞ്ജലി മേനോന്‍ കുറിച്ചത്. റിമ കല്ലിങ്കല്‍, സംവൃത സുനില്‍, നിത്യ മേനന്‍, പാര്‍വതി തിരുവോത്ത് തുടങ്ങി സിനിമാമേഖലയിലെ സുഹൃത്തുക്കളെല്ലാം കുഞ്ഞിനും മാതാവിനും ആശംസയേകി. 2014 നവംബര്‍ 12 ന് മുംബയില്‍ വച്ചാണ് പത്മപ്രിയ ഗുജറാത്ത് സ്വദേശിയായ ജാസ്മിന്‍ ഷായെ വിവാഹം കഴിച്ചത്.
സീനു വാസന്തി ലക്ഷ്മി എന്ന തെലുങ്ക് ചിത്രത്തിലൂടെയാണ് പത്മപ്രിയ അഭിനയത്തില്‍ അരങ്ങേറ്റം കുറിച്ചത്. തമിഴ്, തെലുങ്ക്, മലയാളം, കന്നഡ, ബംഗാളി ഭാഷകളിലായി ഒട്ടേറെ ചിത്രങ്ങളില്‍ അഭിനയിച്ചു. നടന്‍ മോഹന്‍ലാലിന്റെ വടക്കുംനാഥന്‍ സിനിമ ഏറെ ഹിറ്റായിരുന്നു. താരസംഘടനയായ ‘അമ്മ’യില്‍നിന്ന് രാജിവെച്ച് നടി അടുത്തിടെ വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു.








