കണ്ണൂര്‍: മദ്യപിക്കാന്‍ പണം നല്‍കാത്ത വിരോധത്തില്‍ യുവാവ് വീടിന്റെ ജനൽ ചില്ലുകൾ അടിച്ചു തകര്‍ത്തു.എന്നിട്ടും കലിയടങ്ങാതെ അമ്മയെയും സഹോദരിയെയും ക്രൂരമായി ആക്രമിച്ചു. ഇരിട്ടി, കീഴൂര്‍, വികാസ് നഗറിലെ വയല്‍പ്പീടികയില്‍ ഹൗസില്‍ വി പി സൈനബ (70) മകള്‍ വി പി നസീമ (47) എന്നിവര്‍ക്കാണ് മര്‍ദ്ദനമേറ്റത്. സംഭവത്തില്‍ സൈനബയുടെ മകന്‍ ഷെരീഫിനെതിരെ ഇരിട്ടി പൊലീസ് കേസെടുത്തു.
ബുധനാഴ്ച വൈകുന്നേരമാണ് കേസിനാസ്പദമായ സംഭവം. സൈനബയും മകള്‍ നസീമയും താമസിക്കുന്ന വീട്ടിലേയ്ക്ക് എത്തിയ ഷെരീഫ് മദ്യപിക്കാന്‍ പണം ആവശ്യപ്പെടുകയായിരുന്നുവെന്നു പറയുന്നു. പണം നല്‍കാന്‍ വിസമ്മതിച്ചതോടെ പ്രകോപിതനായ ഷെരീഫ് വീടിന്റെ ജനല്‍ ചില്ലുകളും കുഴല്‍ കിണറിന്റെ പൈപ്പും അടിച്ചു തകര്‍ത്തു. ഇതോടെ വീടിനു പുറത്തേയ്ക്ക് ഇറങ്ങിയ സൈനബയെ കല്ലു കൊണ്ട് തലയ്ക്കടിച്ചു പരിക്കേല്‍പ്പിക്കുകയും സഹോദരി നസീമയെ തള്ളിയിടുകയായിരുന്നുവെന്നു പരാതിയില്‍ പറഞ്ഞു.








