കാസര്‍കോട്: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറിയും കാസര്‍കോട് സംയുക്ത മുസ്ലിം ജമാഅത്ത് ഖാസിയുമായ പ്രൊഫ. കെ ആലിക്കുട്ടി മുസ്ലിയാര്‍ അന്തരിച്ചു. 81 വയസായിരുന്നു. വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് പെരിന്തല്‍മണ്ണയിലെ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. വ്യാഴാഴ്ച ഉച്ചയ്ക്ക് മൂന്നു മണിയോടെയാണ് അന്ത്യം സംഭവിച്ചത്. സ്വദേശമായ മലപ്പുറം തിരൂര്‍കാട്ടെ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കും. ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്ലിയാരുടെ മരണത്തെ തുടര്‍ന്ന് 2016 ഫെബ്രുവരി 27 നാണ് സമസ്ത ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുത്തത്. നിലവില്‍ അഖിലേന്ത്യ മുസ്ലിം വ്യക്തി നിയമബോര്‍ഡ് ദേശീയസമതിയംഗം എന്ന നിലയിലും പ്രവര്‍ത്തിച്ചുവരികയായിരുന്നു. 2009ല്‍ സമസ്ത വിദ്യാഭ്യാസ ബോര്‍ഡ് വൈസ് പ്രസിഡന്റാണ്. 2003 മുതല്‍ 2006 വരെ കേരള കേരള ഹജ്ജ് കമ്മിറ്റി ചെയര്‍മാനായിരുന്ന അദ്ദേഹം 2006 മുതല്‍ 2009 വരെ ഇന്ത്യാ ഹജ്ജ് കമ്മിറ്റി വൈസ് ചെയര്‍മാനായും പ്രവര്‍ത്തിച്ചു. മന്ത്രിയല്ലാത്ത ഒരാള്‍ ചെയര്‍മാന്‍ പദവിയില്‍ ആദ്യമായി എത്തുന്നത് ആലിക്കുട്ടി മുസ്ലിയാരാണ്. മലപ്പുറം തിരൂര്‍ക്കാട് കുന്നത്ത് മൂസ ഹാജിയുടെയും മാടമ്പി ഇയ്യാത്തുട്ടിയുടെയും മകനായി 1945 ആയിരുന്നു ജനനം. 16-ാം വയസില്‍ തിരൂര്‍ക്കാട് മഹല്ല് ഖത്തീബ് ആയി. 20-ാം വയസില്‍ മഹല്ല് ഖാസിയായും നിയമിക്കപ്പെട്ടു. പട്ടിക്കാട് ജാമിഅ നൂരിയ്യ അറബിക് കോളേജില്‍ നിന്ന് ഫൈസി ബിരുദം നേടി. തുടര്‍ന്ന് മീനാര്‍കുഴി ദര്‍സില്‍ ആദ്യ സേവനം ആരംഭിച്ചു. 1979ല്‍ പട്ടിക്കാട് ജാമിഅ നൂരിയയില്‍ ശംസുല്‍ ഉലമയുടെ ഒഴിവില്‍ അധ്യാപകനായും പിന്നീട് 2003 മുതല്‍ അവിടെ പ്രിന്‍സിപ്പലായും നിയമിതനാവുകയായിരുന്നു. 2013 മുതല്‍ കാസര്‍കോട് സംയുക്ത ഖാസിയാണ്.









