തിരുവനന്തപുരം: എഡിജിപി എം.ആർ. അജിത് കുമാറിന് സസ്‌പെൻഷൻ. ആലപ്പുഴയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദിച്ച സംഭവത്തിലെ കേസ് റിപ്പോർട്ടിൽ അട്ടിമറി നടത്തിയതിലാണ് നടപടി. ആഭ്യന്തര മന്ത്രി നൽകിയ സസ്‌പെൻഷൻ ശുപാർശ അംഗീകരിച്ച് മുഖ്യമന്ത്രി ഉത്തരവിൽ ഒപ്പുവെക്കുകയായിരുന്നു. കേസ് അട്ടിമറിക്കാൻ അജിത് കുമാർ ഇടപെട്ടതായി പ്രത്യേക അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. അന്വേഷണ സംഘത്തിന്റെ റിപ്പോർട്ട് തുടർനടപടിക്കായി ഡിജിപി റാവാഡ ചന്ദ്രശേഖർ ആഭ്യന്തര വകുപ്പിനു കൈമാറിയിരുന്നു. കേസിലെ പ്രതികളെ രക്ഷിക്കുന്നതിനായി കേസ് ഡയറിയിലെ ഫയലുകളിൽ തിരുത്തൽ വരുത്താൻ അജിത് കുമാർ കീഴുദ്യോഗസ്ഥരെ നിർബന്ധിച്ചതായും നിർദ്ദേശങ്ങൾ നൽകിയതായും എസ്.ഐ.ടിയുടെ അന്തിമ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. അജിത് കുമാറിനെതിരെ നടപടി വൈകുന്നതിനെതിരെ യുഡിഎഫിനുള്ളിൽ നിന്നുൾപ്പെടെ പലകോണുകളിൽ നിന്നും കടുത്ത വിമർശനമാണ് ഉയർന്നത്. ഈ മാസം 31-ന് അജിത് കുമാറിന് ഡിജിപിയായി സ്ഥാനക്കയറ്റം ലഭിക്കാനിരിക്കെയാണ് സർക്കാരിന് മുന്നിൽ നിർണായകമായ ഈ റിപ്പോർട്ട് എത്തിയത്. നിലവിൽ സസ്‌പെൻഷനോ കാരണം കാണിക്കൽ നോട്ടിസോ നൽകിയാൽ പോലും എഡിജിപിയുടെ സ്ഥാനക്കയറ്റത്തെ അത് ബാധിക്കും.








