തിരുവനന്തപുരത്ത് ഹണിട്രാപ്പ് തട്ടിപ്പ്; യുവവ്യവസായിയിൽ നിന്ന് തട്ടിയത് 5 കോടിയോളം രൂപ, ഫ്ലാറ്റും 45 പവൻ സ്വർണവും കൈക്കലാക്കി, യുവതിക്കും സുഹൃത്തുക്കൾക്കുമെതിരെ കേസ്

തിരുവനന്തപുരം: തലസ്ഥാനത്ത് ഹണി ട്രാപ്പ് തട്ടിപ്പ്. ബ്ലാക്ക് മെയിൽ ചെയ്തും ഭീഷണിപ്പെടുത്തിയും വ്യവസായിയുടെ അഞ്ചു കോടിയോളം രൂപ തട്ടിയെടുത്തതായി പരാതി. സംഭവത്തിൽ നെയ്യാറ്റിൻകര സ്വദേശിനിക്കും മൂന്ന് സുഹൃത്തുക്കൾക്കുമെതിരെ വഞ്ചിയൂർ പൊലീസ് കേസെടുത്തു. തെലങ്കാന സ്വദേശിയായ വിജയകുമാർ നൽകിയ പരാതിയിലാണ് നടപടി.
നെയ്യാറ്റിൻകര അരുവിപ്പുറം സ്വദേശിനി റോഷ്നി സുരേഷ് ആണ് കേസിലെ ഒന്നാം പ്രതി. ഇവരുടെ സുഹൃത്തുക്കളായ ജിബിൻ, ഉണ്ണിമോൾ ജിബിൻ, അഭിഷേക് എന്നിവരാണ് മറ്റ് പ്രതികൾ. അറസ്റ്റ് ചെയ്ത ഇവരെ പിന്നീട് ജാമ്യത്തിൽ വിട്ടു. യുവ വ്യവസായിയുമായി ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെട്ട റോഷ്നി തനിക്ക് ജനിച്ച ആണ്‍കുഞ്ഞ് വ്യവസായിയുടെതാണ് പറഞ്ഞാണ് പണം തട്ടിയത്. ആൺകുട്ടി ജനിച്ച കാര്യം വ്യവസായിയുടെ കുടുംബത്തെ അറിയിക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് പണം തട്ടിപ്പിന് തുടക്കമിട്ടത്. 2023 ജൂൺ ആറിനാണ് ഒന്നാം പ്രതി ആണ്‍കുഞ്ഞിനെ പ്രസവിച്ചത്. അന്ന് മുതല്‍ പണം തട്ടാന്‍ തുടങ്ങിയെന്ന് വ്യവസായി നൽകിയ പരാതിയിൽ പറയുന്നു. ഇയാള്‍ ഡയറക്ടറായ കമ്പനിയുടെ വാർഷിക ലാഭത്തിന്‍റെ 50 ശതമാനം ഒന്നാം പ്രതിയായ യുവതി സ്വന്തം അക്കൗണ്ടിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്യിച്ചു. കമ്പനി ലാഭവിഹിതത്തിനു പുറമെ ഫ്ലാറ്റും സ്ഥലവും സ്വർണവും പ്രതികൾ ഭീഷണിപ്പെടുത്തി തട്ടിയെടുത്തു. കൂടുതൽ പണം നൽകിയില്ലെങ്കിൽ ഭാര്യയെയും കുട്ടിയെയും തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തുമെന്നും, ഭാര്യയെ സെക്സ് റാക്കറ്റിനു വിൽക്കുമെന്നും പ്രതികൾ ഭീഷണിപ്പെടുത്തിയതായാണ് പരാതി. പണം തിരിച്ച് ആവശ്യപ്പെട്ടപ്പോള്‍ കുടുംബത്തെയടക്കം അപായപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയെന്നും പരാതിയുണ്ട്. തിരുവനന്തപുരം, കൊച്ചി എന്നീ സ്ഥലങ്ങളിലെ പല ജൂവലറികളിൽ നിന്നും ഉദ്ദേശം 45 പവനോളം സ്വർണ്ണാഭരണങ്ങൾ യുവതി യുവവ്യവസായിയെ കൊണ്ട് വാങ്ങിപ്പിച്ചു. തുടര്‍ന്നും പണം ആവശ്യപ്പെട്ടപ്പോഴാണ് പരാതിയുമായി പൊലീസിന് സമീപിച്ചത്. സംഭവത്തിൽ വഞ്ചിയൂര്‍ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page