ഇന്‍ക്വിസിഷന്‍ -പണ്ട്; ഇപ്പോള്‍ ഇന്‍വെസ്റ്റിഗേഷന്‍

തലയ്ക്ക് മേലേ ശൂന്യാകാശം; അതിനും മേലേ എന്തെങ്കിലും ഉണ്ടോ? മറ്റൊരു ലോകം? ബഹിരാകാശ ഗവേഷകര്‍ അന്വേഷിക്കട്ടെ. അന്വേഷിച്ചു, കണ്ടെത്തി: മറ്റൊരു ലോകം ഉണ്ട് എന്ന്; പലതരം ജീവജാലങ്ങളും കണ്ടെത്തി എന്ന് പറഞ്ഞാല്‍ എല്ലാവരും വിശ്വസിക്കുമോ? വെറുതേ മേനിനടിക്കാനായി, ഇല്ലാക്കഥ കെട്ടിച്ചമയ്ക്കുകയാണ് എന്ന് പറയില്ലേ ചിലര്‍?

ടെന്‍സിംഗും ഹിലാരിയും ലോകത്തിലെ ഏറ്റവും വലിയ കൊടുമുടിയില്‍ കയറി കൊടികുത്തി എന്ന് പറഞ്ഞത് ശരിയല്ല എന്ന് പറഞ്ഞവരില്ലേ? ആരാണ് ആ കൊടുമുടിയില്‍ ആദ്യം കാല്‍ വെച്ചത് ടെന്‍സിംഗ് എന്ന ഇന്ത്യക്കാരനോ, ഏഡ്മണ്ട് ഹിലാരി എന്ന വെള്ളക്കാരനോ? അതും തര്‍ക്കവിഷയം. സായ്പല്ലേ മുമ്പില്‍ നടക്കുക? നടക്കേണ്ടത്?

ഇത്‌പോലെയാകും ബഹിരാകാശ ഗവേഷകര്‍ ആകാശത്തിനും മീതേ മറ്റൊരു ലോകമുണ്ട്; തങ്ങള്‍ കണ്ടെത്തി എന്ന് പറഞ്ഞാലും.

ക്രൈസ്തവരുടെ വിശുദ്ധ ഗ്രന്ഥത്തില്‍ പറയുന്നു, ആദിയില്‍ ദൈവം ആകാശവും ഭൂമിയും സൃഷ്ടിച്ചു. വെളിച്ചം ഉണ്ടാകട്ടെ എന്ന് പറഞ്ഞു. ഉണ്ടായി. വെള്ളം ഉണ്ടാക്കി. വെള്ളത്തില്‍ ധാരാളം ജീവികള്‍ ഉണ്ടാകട്ടെ എന്ന് പറഞ്ഞു; ഉണ്ടായി. നമ്മുടെ പ്രതിച്ഛായയില്‍ നമുക്ക് സദൃശനായി മനുഷ്യന്‍ ഉണ്ടാകട്ടെ; ഉണ്ടായി. മനുഷ്യന്‍ ഏകനായിരിക്കുന്നത് നന്നല്ല. അയാള്‍ക്ക് പറ്റിയ ഒരു സഹായിയെ ഉണ്ടാക്കണം. മനുഷ്യനെ ഉറക്കിക്കിടത്തി. അവന്റെ ഒരു വാരിയെല്ല് ഊരിയെടുത്ത് സ്ത്രീയെ ഉണ്ടാക്കി. (ബൈബിള്‍. ഉല്‍പത്തി പുസ്തകം 1 മുതല്‍ 22 വരെ).

മുകളില്‍ ആകാശം; അതിനപ്പുറത്ത് മറ്റൊരു ലോകമില്ല. ക്രൈസ്തവരുടെ വിശ്വാസം അതാണ്. വേദ പുസ്തകത്തില്‍ പറയുന്നു.

എന്നാല്‍, ആ നിലപാട് മാറി. കത്തോലിക്കാ സഭയുടെ ആഗോള തലസ്ഥാനമായ വത്തിക്കാനില്‍ രണ്ടായിരത്തി ഒമ്പത് നവമ്പര്‍ മാസത്തില്‍ ഒരന്വേഷണം. വത്തിക്കാന്‍ പോണ്ടിഫിക്കല്‍ അക്കാദമി ഓഫ് സയന്‍സിന്റെ നേതൃത്വത്തില്‍. കത്തോലിക്കരുടെ ഇത: പര്യന്തമുള്ള വിശ്വാസത്തെ അടിമുടി, പിടിച്ചു കുലുക്കാനിടയുള്ളത്. അസ്‌ട്രോബയോളജി -എന്ന പഠനശാഖ. ഈ ഭൂമിക്കപ്പുറം ജീവജാലങ്ങളുണ്ടോ? ദ സ്റ്റഡി ബിയോണ്ട് ദ ഏര്‍ത്ത്. അതാണ് ആസ്‌ട്രോ ബയോളജി. ശാസ്ത്രജ്ഞന്മാരും മതനേതാക്കളും റോമില്‍ സമ്മേളിക്കുന്നു. പ്രപഞ്ചത്തില്‍, ഈ ഭൂമിക്കപ്പുറം മറ്റൊരിടമുണ്ടോ, ജീവജാലങ്ങള്‍ ഉള്ളതായിട്ട്?

കത്തോലിക്കാസഭയെ വളരെക്കാലമായി അലട്ടിക്കൊണ്ടിരിക്കുന്ന പ്രശ്‌നമാണിത്. ഈ വിഷയം ഉന്നയിച്ചതിന്റെ പേരില്‍ പലരും ക്രൂരമായി ശിക്ഷിക്കപ്പെട്ടിട്ടുണ്ട്. ഇന്‍ക്വിസിഷന്‍ എന്ന മതദ്രോഹ വിചാരണയും ക്രൂരശിക്ഷയും. ജീവനോടെ സര്‍വാംഗം തൊലിയുരിക്കുക, ഇരുമ്പ് തൂണില്‍ കെട്ടിയിട്ട് ചുറ്റും കല്‍ക്കരി കൂട്ടി തീയിടുക; എരിഞ്ഞെരിഞ്ഞ് ചാകണം. ഇങ്ങനെ പലതരം ക്രൂര ശിക്ഷകള്‍ അനുഭവിക്കേണ്ടിവന്നു സംശയാലുക്കള്‍; സത്യാന്വേഷകര്‍. അന്വേഷിച്ച് കണ്ടെത്തിയ കാര്യങ്ങള്‍ പറഞ്ഞതിനുള്ള ശിക്ഷ.

കത്തോലിക്കാസഭയുടെ മതദ്രോഹ വിചാരണയും ശിക്ഷയും- ഇന്‍ക്വിസിഷന്‍. ആയിരത്തി അറുനൂറുകളില്‍ ഇന്‍ക്വിസിഷന് ഇരയാക്കപ്പെട്ട ജിയോഡാര്‍ണോ ബ്രൂണോ- ഇറ്റാലിയന്‍ സന്യാസി. ഈ ലോകത്തിനപ്പുറത്ത് മറ്റൊരു ലോകമുണ്ട് എന്ന് പറഞ്ഞതിനുള്ള ശിക്ഷ. ദൈവം തന്റെ രൂപത്തില്‍ മനുഷ്യനെ സൃഷ്ടിച്ചു എന്ന വിശ്വാസം ആശയക്കുഴപ്പമുണ്ടാക്കുന്നു. മനുഷ്യന്‍ ദൈവത്തെപ്പോലെയോ? ദൈവത്തിന്റെ മഹത്വം കുറച്ച് കാണിക്കുകയല്ലേ ഈ വിശ്വാസം.

രക്ഷകന്‍ എന്ന നിലയില്‍ ക്രിസ്തുവിന്റെ റോള്‍; എന്താണ്? അതും വിവാദ പ്രശ്‌നം. ആശയക്കുഴപ്പമുണ്ടാക്കുന്നു. ക്രിസ്തുരക്ഷകനോ? ആരുടെ രക്ഷകന്‍? എല്ലാ മനുഷ്യരുടെയും രക്ഷകനോ? അതല്ല, ചിലരുടെ മാത്രം രക്ഷകനോ? മറ്റു ചിലരെ ഒഴിവാക്കിയോ, അഥവാ, ഒഴിവാക്കുമോ തന്റെ രക്ഷാകര ദൗത്യത്തില്‍ നിന്ന്? എങ്കില്‍, ഇത് വിവേചനപരമല്ലേ? ദൈവം വിവേചനം കാണിക്കാന്‍ പാടുണ്ടോ?

മറ്റൊന്ന്: വേറെയും ലോകങ്ങളുണ്ടെങ്കില്‍, ആ ലോക വാസികള്‍ക്ക് അവരുടേതായ ദൈവമുണ്ടോ? മറ്റൊരു ദൈവം?

ഗലീലിയോ ഗലീലി, കോപ്പര്‍നിക്കസ് എന്നീ ശാസ്ത്രജ്ഞന്മാര്‍, ഭൂമിയല്ല, പ്രപഞ്ചകേന്ദ്രം എന്ന് പറഞ്ഞു. അതും ദൈവ നിന്ദയായി സഭ കണ്ടു. അവരെയും മതദ്രോഹ വിചാരണയ്ക്ക് വിധേയരാക്കി. ശിക്ഷിച്ചു. കാലാന്തരത്തില്‍ അവരുടെ കണ്ടു പിടുത്തങ്ങളുടെ ആധികാരികത അംഗീകരിക്കപ്പെട്ടു.

പരിണാമവാദം അവതരിപ്പിച്ച ചാള്‍സ് ഡാര്‍വിന്‍ വിശ്വാസികളുടെ ദൃഷ്ടിയില്‍ നിന്ദ്യനായിരുന്നു. ഭൂമിയില്‍ ആദ്യം ഏകകോള ജീവികളുണ്ടായി. പിന്നെ ദ്വികോശ- ത്രികോശ- ബഹുകോശ ജീവികളും. ഇതു സഭയ്ക്ക് സ്വീകാര്യമായില്ല. കേരളത്തിലെ സ്‌കൂള്‍ പാഠപുസ്തകത്തില്‍ പരിണാമ സിദ്ധാന്തം ഉള്‍പ്പെടുത്തിയത് വിമര്‍ശിക്കപ്പെട്ടിരുന്നു- ഒരു കാലത്ത്.

വത്തിക്കാനിലെ നിരീക്ഷണ കേന്ദ്രത്തിലെ ശാസ്ത്രജ്ഞന്‍- ജെസ്യൂട്ട് അസ്‌ട്രോണമര്‍, ഫാദര്‍ ജോണ്‍ ഫ്യൂണ്‍സ് പറഞ്ഞു: ഭൂമിയില്‍ ജൈവവൈവിധ്യമുള്ളത് പോലെ ദൈവം സൃഷ്ടിച്ച വേറെയും ഭൂമിയും ജൈവ വൈവിധ്യങ്ങളും ഉണ്ടാകും. എല്ലാം ദൈവം സുഷ്ടിച്ചവ.

വത്തിക്കാനിലെ സമ്മേളനത്തെക്കുറിച്ചറിഞ്ഞ്, ചങ്ങനാശ്ശേരിയിലെ സി എം ജോസഫ് എഴുതിയ കത്ത്( ഇന്ത്യന്‍ എക്‌സ്പ്രസ്സ്- 11-11-2009): സ്വര്‍ഗ്ഗത്തിന്റെ സ്ഥാനം എവിടെയാണെന്നും, ദൈവം സ്വന്തം രൂപത്തില്‍ ദൈവത്തെ സങ്കല്‍പ്പിച്ചതോ, അതല്ല, മനുഷ്യന്‍ സ്വന്തം രൂപത്തില്‍ ദൈവത്തെ സങ്കല്‍പ്പിച്ചതോ? കണ്ടെത്താന്‍ വത്തിക്കാനിലെ സമ്മേളനത്തിന് സാധിക്കട്ടെ.

മനുഷ്യന്‍ സ്വന്തം രൂപത്തില്‍ സൃഷ്ടിച്ചു എന്ന് പറഞ്ഞാല്‍? അവനെ കല്ലെറിയുക, തീപ്പന്തം എറിയുക എന്ന് ആക്രോശിക്കുമായിരുന്നു ഒരു കാലത്ത്.

വത്തിക്കാനും മാറിച്ചിന്തിക്കാന്‍ തുടങ്ങിയല്ലോ: പണ്ട് ഇന്‍ക്വിസിഷനിരയാക്കിയവരോട് മാപ്പ് ചോദിക്കുമോ? പശ്ചാത്താപം പ്രായശ്ചിത്തം!

ഇന്‍ക്വിസിഷന്‍ പണ്ട്; ഇപ്പോള്‍ ഇന്‍വെസ്റ്റിഗേഷന്‍ പിന്നെ ഇന്‍ഫോര്‍മേഷന്‍.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page