അഹമ്മദാബാദ്: റിസര്‍വ്വ് വനത്തില്‍ അതിക്രമിച്ചു കയറിയ യുവാവിനെ സിംഹം കടിച്ചുകൊന്നു. ഗുജറാത്തിലെ അമ്രേലി ജില്ലയിലെ ലുവാരിയ റിസര്‍വ്വ് വനത്തിലാണ് ദാരുണമായ സംഭവം നടന്നത്. സോഹില്‍ മേമന്‍ (21) എന്നയാളാണ് കൊല്ലപ്പെട്ടത്.
സോഹില്‍ മേമനും ഏതാനും സുഹൃത്തുക്കളും കഴിഞ്ഞ ദിവസം അനധികൃതമായാണ് റിസര്‍വ്വ് ഫോറസ്റ്റില്‍ കടന്നതെന്നു വനം വകുപ്പ് അധികൃതര്‍ പറഞ്ഞു. സിംഹങ്ങള്‍ ഇണചേരുന്ന സമയമാണിത്. ഈ സമയത്ത് സിംഹങ്ങളെ അടുത്തു നിന്നു കാണുകയായിരുന്നു സംഘത്തിന്റെ ലക്ഷ്യം. ഇണചേരുന്ന സിംഹങ്ങള്‍ക്കു അടുത്തെത്തി സംഘം പ്രകോപനം ഉണ്ടാക്കിയതോടെയാണ് ആണ്‍ സിംഹം അക്രമാസക്തനായ തെന്നു അധികൃതർ പറഞ്ഞു.സോഹിലിനെ ആക്രമിച്ച സിംഹം കാട്ടിനകത്തേയ്ക്ക് ഓടിപ്പോയി. കൂടെ ഉണ്ടായിരുന്നവര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് വനം വകുപ്പ് അധികൃതര്‍ മയക്കുവെടി വെച്ച് സിംഹത്തെ കീഴടക്കുകയായിരുന്നു. അപ്പോഴേയ്ക്കും യുവാവ് മരണപ്പെട്ടിരുന്നു.








