കണ്ണൂർ: അലക്കാൻ പോയ വീട്ടമ്മ പുഴയിൽ വീണ് മരിച്ചു. നെല്ലിക്കുറ്റിയിലെ ഗ്രേസി മലയത്താഴത്ത് (58) ആണ് മരിച്ചത്. വ്യാഴാഴ്ച വൈകിട്ട് ആറുമണിയോടെ നെല്ലിക്കുറ്റി പുഴയിൽ ആണ് അപകടം. പുഴയിൽ വസ്ത്രം അലക്കുന്നതിനിടെ അബദ്ധത്തിൽ പുഴയിൽ വീണതാകാമെന്നാണ് പ്രാഥമിക നിഗമനം. സംഭവസമയത്ത് പുഴയിൽ ശക്തമായ ഒഴുക്കുണ്ടായിരുന്നതായി നാട്ടുകാർ പറഞ്ഞു. നെല്ലിക്കുറ്റി ടൗണിന് സമീപത്താണ് സംഭവം നടന്നത്. സമയം ഏറെ കഴിഞ്ഞിട്ടും വീട്ടിലേക്ക് മടങ്ങിയെത്താതിരുന്നതിനെ തുടർന്ന് വീട്ടുകാർ പുഴയ്ക്ക് സമീപം എത്തിയിരുന്നു. നാട്ടുകാരും കുടിയാന്മല പൊലീസും ചേർന്ന് നടത്തിയ തിരച്ചിലിൽ നെല്ലിക്കുറ്റി ഹൈസ്കൂളിന് മുകളിലുള്ള പുഴഭാഗത്ത് നിന്ന് മൃതദേഹം കണ്ടെത്തി. തുടർനടപടികൾക്കായി മൃതദേഹം പരിയാരം മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി.








