കുമ്പളയില്‍ വന്‍ ലഹരിവേട്ട: കാറില്‍ കടത്തിയ 30 കിലോ കഞ്ചാവുമായി അന്തര്‍സംസ്ഥാന കുറ്റവാളി ലാലാ കബീറും കൂട്ടാളിയും പിടിയില്‍

കാസര്‍കോട്: ഓപ്പറേഷന്‍ തൂഫാന്‍ പദ്ധതിയുടെ ഭാഗമായി ജില്ലാ പൊലീസ് മേധാവിയുടെ കീഴിലുള്ള ഡാന്‍സാഫ് ടീമും കുമ്പള പൊലീസും സംയുക്തമായി നടത്തിയ നീക്കത്തില്‍ അന്തര്‍സംസ്ഥാന കുറ്റവാളി ലാലാ കബീറിനെയും കൂട്ടാളിയെയും അറസ്റ്റു ചെയ്തു. ഇവര്‍ സഞ്ചരിച്ചിരുന്ന ഹോണ്ട സിറ്റി കാറില്‍ നിന്നു 30 കിലോ കഞ്ചാവ് പിടികൂടി. കാഞ്ഞങ്ങാട് സ്വദേശിയായ ലാലാ കബീറിനൊപ്പം കൂട്ടാളിയായ മുഹമ്മദ് നിഹാലും പിടിയിലായി. രഹസ്യവിവരത്തെ തുടര്‍ന്ന് ഇന്ന് (ശനി) രാവിലെ കുമ്പള ദേശീയ പാതയില്‍ ആരിക്കാടി ടോള്‍ പ്ലാസക്കു സമീപത്ത് വച്ചാണ് ഇരുവരും പിടിയിലായത്. കുമ്പള പൊലീസ് ഇന്‍സ്‌പെക്ടര്‍ ബൈജു കെ ജോസ്‌, എസ്‌ഐ കെ.പി ഗണേശന്‍ എന്നിവരുടെ നേതൃത്വത്തില്‍ പരിശോധന തുടരുന്നു.
കവര്‍ച്ച, തട്ടിക്കൊണ്ടു പോകല്‍, ക്വട്ടേഷന്‍ തുടങ്ങി നിരവധി കേസുകളില്‍ പ്രതിയാണ് ലാലാ കബീര്‍. കേരളം, കര്‍ണ്ണാടക, സംസ്ഥാനങ്ങളിലായി ഇയാള്‍ക്കെതിരെ നിരവധി കേസുകളുണ്ടെന്ന് പൊലീസ് പറഞ്ഞു. മൈസൂരില്‍ ജയിലിലായിരുന്ന ലാലാ കബീര്‍ അടുത്തിടെയാണ് പുറത്തിറങ്ങിയത്. കൂടുതല്‍ വിവരങ്ങള്‍ പുറത്തു വരുന്നതേയുള്ളു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page