കാസര്‍കോട്: 25 കോല്‍ താഴ്ചയും എട്ടുകോല്‍ വെള്ളവുമുള്ള കിണറില്‍ വീണ 65 കാരനെ ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന് സാഹസികമായി രക്ഷപ്പെടുത്തി. ചെമ്മനാട്, അണിഞ്ഞയിലെ രാജ്‌മോഹ(65)നെയാണ് രക്ഷപ്പെടുത്തിയത്. ഇദ്ദേഹത്തെ ഇന്ന് (വെള്ളി) രാവിലെയാണ് വീട്ടു കിണറ്റില്‍ വീണ നിലയില്‍ കാണപ്പെട്ടത്. വിവരമറിഞ്ഞെത്തിയ നാട്ടുകാരുടെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം തുടങ്ങി. എന്നാല്‍ കരയ്ക്കു കയറ്റാന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് ഫയര്‍ഫോഴ്‌സിനെ വിവരം അറിയിച്ചു. സീനിയര്‍ ഫയര്‍ ആന്റ് റെസ്‌ക്യു ഓഫീസര്‍ വി എം സതീശന്റെ നേതൃത്വത്തില്‍ ഫയര്‍ഫോഴ്‌സ് എത്തിയാണ് രാജ്‌മോഹനെ പരിക്കുകളൊന്നുമില്ലാതെ കരയ്‌ക്കെടുത്തത്. ഫയര്‍ഫോഴ്‌സ് സംഘത്തില്‍ ഫയര്‍ ആന്റ് റെസ്‌ക്യു ഓഫീസര്‍മാരായ ടി. അമല്‍രാജ്, ജിതിന്‍ കൃഷ്ണന്‍, ഇ പ്രസീദ്, ഹോംഗാര്‍ഡുമാരായ എന്‍ പി രാകേഷ്, വി വി ഉണ്ണികൃഷ്ണന്‍ എന്നിവരും ഉണ്ടായിരുന്നു.







