ഇസ്ലാമാബാദ്: പാകിസ്ഥാനിലെ ബലൂചിസ്ഥാനിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞ് വൻ ദുരന്തം. 40 പേർ കൊല്ലപ്പെട്ടു. എട്ട് യാത്രക്കാർക്ക് ഗുരുതരമായി പരിക്കേറ്റു. വെള്ളിയാഴ്ച പുലർച്ചെ ബലൂചിസ്ഥാൻ – ഖൈബർ പഖ്തൂൺഖ്വ അതിർത്തിക്ക് സമീപമുള്ള ഷെറാനി-ഷോബ് ഹൈവേയിലെ ദാനാ സർ എന്ന മലയോര മേഖലയിലാണ് അപകടമുണ്ടായത്. ക്വറ്റയിൽ നിന്ന് തലസ്ഥാനമായ ഇസ്ലാമാബാദിലേക്ക് വരികയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്. നിയന്ത്രണം വിട്ട ബസ് കൊക്കയിലേക്ക് പതിക്കുകയായിരുന്നു. 40 മൃതദേഹങ്ങൾ കണ്ടെടുത്തു. പരിക്കേറ്റ എട്ട് യാത്രക്കാരെ വിദഗ്‌ധ ചികിത്സയ്ക്കായി ഷോബിലെ ട്രോമ സെന്ററിലേക്ക് മാറ്റിയിട്ടുണ്ട്. ദുർഘടമായ മലയോര മേഖലയായതിനാൽ രക്ഷാപ്രവർത്തനം ഏറെ പ്രയാസമായിരുന്നു. ബസിൽ 60ലേറെ ആളുകൾ ഉണ്ടായിരുന്നുവെന്നും വാഹനം അമിതവേഗതയിലായിരുന്നുവെന്നുമാണ് പ്രാഥമിക വിവരം. വഴിയിൽ കേടായിക്കിടന്ന മറ്റൊരു ബസിലെ യാത്രക്കാരെക്കൂടി ഇതിൽ കയറ്റിയതോടെയാണ് തിരക്ക് വർധിക്കാൻ കാരണമായത്. അപകടത്തിന്റെ കൃത്യമായ കാരണം കണ്ടെത്തുന്നതിനായി മോട്ടോർ വാഹന വകുപ്പും പൊലീസും സംയുക്തമായി ഔദ്യോഗിക അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വടക്കുപടിഞ്ഞാറൻ പാകിസ്ഥാനിൽ 17 പേരുടെ മരണത്തിനിടയാക്കിയ മറ്റൊരു മാരകമായ ഹൈവേ അപകടത്തിന് ആഴ്ചകൾക്കുള്ളിലാണ് ഏറ്റവും പുതിയ അപകടം സംഭവിക്കുന്നത്.








