കാസര്‍കോട്: മുസ്ലീം യൂത്ത് ലീഗിനെതിരെ സോഷ്യല്‍ മീഡിയയില്‍ വ്യാജ പോസ്റ്ററുകള്‍ പ്രചരിപ്പിച്ചുവെന്ന പരാതിയില്‍ പൊലീസ് കേസെടുത്തു. മധൂര്‍, ചെട്ടുംകുഴി, ഇസാം മഹലിലെ കലന്തര്‍ ഷാഫി നല്‍കിയ പരാതിയില്‍ വിദ്യാനഗര്‍ പൊലീസാണ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്.
ജൂണ്‍ ഒന്‍പതാം തീയ്യതി മുതല്‍, സമൂഹത്തില്‍ ലഹള ഉണ്ടാക്കണമെന്ന ഉദ്ദേശത്തോടെ ഇന്‍സ്റ്റഗ്രാമില്‍ വ്യാജ പ്രചരണം നടത്തിയെന്നാണ് പരാതി. ദ കമ്മ്യൂണിസ്റ്റ് വേ, ഡിവൈ എഫ് ഐ ഉക്കിനടുക്ക, ലെഫ്റ്റിസ്റ്റസ്, കോമ്രേഡ്‌സ് ചെട്ടുംകുഴി എന്നീ പേജുകളിലൂടെയാണ് വിഭാഗീയത വളര്‍ത്തുന്ന വിധത്തിലുള്ള പ്രചരണം നടത്തിയതെന്നു പരാതിയില്‍ പറഞ്ഞു. സംഭവത്തില്‍ വിദ്യാനഗര്‍ എസ് ഐ എസ് അനൂപിന്റെ നേതൃത്വത്തിൽ അന്വേഷണം പുരോഗമിക്കുന്നു.
അതേസമയം വിവിധ സാമൂഹിക മാധ്യമ പ്ലാറ്റ് ഫോമുകള്‍ വഴി വ്യാജ പ്രചരണങ്ങള്‍ സജീവമായതായി രഹസ്യാന്വേഷണ വിഭാഗം നേരത്തെ കണ്ടെത്തിയിരുന്നു. ഇതു സംബന്ധിച്ച് സൈബര്‍ സെല്‍ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.







