കാസര്‍കോട്: തായന്നൂരിലെ സിപിഎം ലോക്കല്‍ കമ്മിറ്റി ഓഫീസ് ആക്രമിച്ച സംഭവത്തില്‍ ബിജെപി പ്രവര്‍ത്തകരായ രണ്ട് പേര്‍ അറസ്റ്റില്‍. എണ്ണപ്പാറ സ്വദേശി വിശാല്‍ ബാബു(21), പറക്കളായി തോണിക്കല്ല് സ്വദേശി അഭിനവ്(22) എന്നിവരെയാണ് അമ്പലത്തറ പൊലീസ് അറസ്റ്റ് ചെയ്തത്. ബുധനാഴ്ച പുലർച്ചെ ഓഫീസിന്റെ ജനല്‍ ചില്ലുകളും കൊടി മരങ്ങളും തകര്‍ത്തിരുന്നു. പിന്നില്‍ ബിജെപി പ്രവര്‍ത്തകരാണ് സിപിഎം ആരോപിച്ചിരുന്നു. ബോധപൂര്‍വ്വം സംഘര്‍ഷമുണ്ടാക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും അവര്‍ പറഞ്ഞിരുന്നു. സംഭവത്തിൽ കേസെടുത്ത പൊലീസ് പിന്നാലെ അന്വേഷണം ആരംഭിക്കുകയും പ്രതികളെ പിടികൂടുകയും ആയിരുന്നു. ആക്രമികൾ സ്കൂട്ടറിൽ സഞ്ചരിക്കുന്നത് സിസിടിവിയിൽ കണ്ടെത്തിയിരുന്നു. അക്രമത്തിനിടെ പ്രതികളിൽ ഒരാൾക്ക് പരിക്കേറ്റിരുന്നു. ആശുപത്രിയിൽ ചികിത്സ തേടിയപ്പോഴാണ് പൊലീസ് പ്രതിയെ പിടികൂടിയത്. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ പ്രതികൾ കുറ്റം സമ്മതിച്ചു. എസ് ഐ എം വി പ്രകാശന്റെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ കോടതിയിൽ ഹാജരാക്കി. പിടിയിലായവർ ബിജെപി പ്രവർത്തകർ ആണെന്ന് പൊലീസ് പറഞ്ഞു.







