തിരുവനന്തപുരം: പതിമൂന്ന് വയസുകാരിയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ച അയല്‍വാസിയുടെ കാല്‍ പിതാവ് തല്ലിയൊടിച്ചു. തിങ്കളാഴ്ച വൈകീട്ട് തിരുവനന്തപുരം പോത്തന്‍കോട്ട് ആണ് സംഭവം. വീട്ടില്‍ മറ്റാരും ഇല്ലാത്ത സമയത്ത് അയല്‍വാസിയായ 40-കാരന്‍ പെണ്‍കുട്ടിയോട് തന്റെ വീട്ടിലേക്ക് വരാന്‍ ആവശ്യപ്പെടുകയായിരുന്നു. കുട്ടി വീട്ടിലെത്തിയപ്പോള്‍ ഇയാള്‍ ലൈംഗികമായി ഉപദ്രവിച്ചു. അതിനിടെ കുട്ടിയുടെ പിതാവ് അവിടേക്ക് എത്തുകയായിരുന്നു. സംഭവം നേരില്‍ കണ്ട പിതാവ്
സമീപത്തുണ്ടായിരുന്ന തടിക്കഷണം എടുത്ത് അയല്‍വാസിയെ അടിച്ചു. അടിയേറ്റ് അയല്‍വാസിയുടെ കാല്‍ ഒടിഞ്ഞു. എന്നാല്‍, മുന്‍വൈരാഗ്യം മൂലം തന്നെ മര്‍ദ്ദിച്ചതാണെന്ന് കാണിച്ച് അയല്‍വാസി പൊലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് പോത്തന്‍കോട് പൊലീസ് പെണ്‍കുട്ടിയുടെ പിതാവിനെ അറസ്റ്റ് ചെയ്ത് റിമാന്‍ഡ് ചെയ്തിരുന്നു. പിന്നീട് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയുടെയും പൊലീസിന്റെയും കൗണ്‍സിലിംഗിലാണ് കുട്ടി തനിക്കെതിരെ നടന്ന പീഡനശ്രമം വെളിപ്പെടുത്തിയത്. കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ ശേഷമാണ് പൊലീസ് അയല്‍വാസിക്കെതിരെ പോക്‌സോ വകുപ്പുകള്‍ ചുമത്തിയത്. ആശുപത്രിയില്‍ ചികിത്സയിലുള്ള പ്രതിയുടെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തും. കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ അന്വേഷണം ഊര്‍ജ്ജിതമാക്കിയതായി പൊലീസ് അറിയിച്ചു








