കാസർകോട്: ഓപ്പറേഷൻ തൂഫാന്റെ പേരിൽ പള്ളിക്കരയിലെ സ്കൂൾ മൈതാനത്ത് അപകടകരമായ കാർ റേസിംഗ്. തടയാൻ എത്തിയ ബേക്കൽ പൊലീസ് സ്റ്റേഷനിലെ പ്രൊബേഷൻ എസ്ഐക്ക് നേരെ ആക്രമണം. ആറ് കാറുകൾ പൊലീസ് പിടിച്ചെടുത്തു. സംഘത്തിലുൾപ്പെട്ടവരെ പൊലീസ് കസ്റ്റഡിയിലെടുത്തു. പരിക്കേറ്റ എസ് ഐ പ്രിൻസ് ജോണിനെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച വൈകിട്ട് പള്ളിക്കര ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ മൈതാനത്താണ് സംഭവം. സ്കൂൾ വിട്ടു മടങ്ങുന്ന സമയത്ത് അനുമതിയില്ലാതെ എത്തിയവർ മൈതാനത്ത് അപകടമായ രീതിയിൽ ആറ് കാറുകൾ ഉപയോഗിച്ച് റേസിംഗ് നടത്തുകയായിരുന്നു. ഫുട്ബോൾ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഫോട്ടോയുള്ള സ്റ്റിക്കറുകൾ പതിപ്പിച്ച കാറുകളാണ് ഉണ്ടായിരുന്നത്. അമിതവേഗത്തിലും അപകടകരമായ തരത്തിലും റേസിംഗ് പ്രകടനം കണ്ട നാട്ടുകാർ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. പൊലീസ് എത്തിയിട്ടും കാർ റേസിംഗ് നിർത്തിയില്ല. എസ്‌ഐ പ്രിൻസ് ജോൺ റേസിംഗ് അവസാനിപ്പിക്കാൻ ആവശ്യപ്പെട്ടപ്പോൾ സംഘത്തിലുണ്ടായിരുന്ന ചിലർ ആക്രമിച്ചു. റേസിംഗിൽ പങ്കെടുത്തവരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഉദ്യോഗസ്ഥനെ ആക്രമിച്ചവരെ തിരിച്ചറിയാനുള്ള അന്വേഷണം പുരോഗമിക്കുകയാണ്.








