പയ്യന്നൂരിലെ സ്വര്‍ണ്ണ വ്യാപാരിയെ മംഗ്‌ളൂരു, ബൈക്കംപാടിയില്‍ കൊളളയടിച്ച കേസ്; അന്വേഷണം കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലേയ്ക്കു വ്യാപിപ്പിച്ചു; കൊള്ളസംഘം രക്ഷപ്പെട്ടത് പെര്‍ള ചെക്ക്‌ പോസ്റ്റ്‌ വഴിയെന്ന് സൂചന, കാർ ഉപേക്ഷിച്ച നിലയിൽ

കാസര്‍കോട്: പയ്യന്നൂരിലെ സ്വര്‍ണ്ണ വ്യാപാരിയെയും കുടുംബത്തെയും തട്ടികൊണ്ടുപോയി 20 ലക്ഷത്തില്‍പ്പരം രൂപ വിലമതിക്കുന്ന സ്വര്‍ണ്ണം കൊള്ളയടിച്ച കേസിന്റെ അന്വേഷണം പൊലീസ് കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലേയ്ക്ക് വ്യാപിപ്പിച്ചു. കുറ്റകൃത്യത്തിനു ശേഷം കൊള്ള സംഘം ബദിയഡുക്ക പൊലീസ് സ്റ്റേഷന്‍ പരിധിയിലെ പെര്‍ള ചെക്കുപോസ്റ്റുവഴിയാണ് രക്ഷപ്പെട്ടതെന്ന സൂചനകളെ തുടര്‍ന്നാണ് അന്വേഷണം കേരളത്തിലേയ്ക്കും വ്യാപിപ്പിച്ചത്. അന്വേഷണത്തിന്റെ ഭാഗമായി കര്‍ണ്ണാടക പൊലീസിന്റെ വിവിധ സംഘങ്ങള്‍ ഇരു ജില്ലകളിലും രഹസ്യാന്വേഷണം തുടരുകയാണ് എന്നാണ് സൂചന.
പയ്യന്നൂരിലെ സ്വര്‍ണ്ണ വ്യാപാരിയായ വികാസ് തിങ്കളാഴ്ച പുലര്‍ച്ചെയാണ് മംഗ്‌ളൂരു, ബൈക്കംപാടിയില്‍ കൊള്ളയ്ക്കിരയായത്. ഭാര്യയ്ക്കും മകനും ഒപ്പം മഹാരാഷ്ട്രയില്‍ നിന്നു പയ്യന്നൂരിലേയ്ക്ക് കാറില്‍ വരികയായിരുന്നു വികാസ്. ബൈക്കംപാടിയില്‍ എത്തിയപ്പോള്‍ രണ്ടു ഇന്നോവകാറുകളിലും സ്വിഫ്റ്റ് കാറിലും എത്തിയ സംഘം തടഞ്ഞു നിര്‍ത്തുകയും തട്ടിക്കൊണ്ടുപോവുകയുമായിരുന്നു. ആദ്യം വികാസിനെ കാറില്‍ നിന്നു ഇറക്കിവിട്ട സംഘം ഭാര്യയെയും മകനെയും കൊണ്ടു കാറുമായി കുതിച്ചു പാഞ്ഞു. രണ്ടു കിലോ മീറ്റര്‍ ദൂരം പിന്നിട്ട് പണമ്പൂര്‍ ബീച്ച് റോഡില്‍ ഭാര്യയെയും മകനെയും ഇറക്കിവിട്ടു. തുടര്‍ന്നു കാറുമായി സംഘം രക്ഷപ്പെട്ടു. സ്വര്‍ണ്ണ വ്യാപാരിയുടെ കാര്‍ പിന്നീട് 26 കിലോമീറ്റര്‍ അകലെ ബണ്ട്വാളില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. കാറിന്റെ സീറ്റുകള്‍ കീറിയ നിലയിലായിരുന്നു. സ്വര്‍ണ്ണമോ, പണമോ ഒളിപ്പിച്ചുവച്ചിരിക്കാമെന്ന സംശയം മൂലമാണ് സീറ്റുകള്‍ കീറിയതെന്നു സംശയിക്കുന്നു.
കേരള രജിസ്‌ട്രേഷനിലുള്ള നമ്പർ പ്ലേറ്റുകളാണ് കൊള്ള സംഘം എത്തിയ കാറുകളില്‍ ഉണ്ടായിരുന്നത്. ഇവ വ്യാജമാണോയെന്നു സംശയിക്കുന്നു. ബൈക്കംപാടിയില്‍ അരങ്ങേറിയതു പോലെ സമാനമായ രീതിയിലുള്ള സ്വര്‍ണ്ണക്കൊള്ള അടുത്തിടെ പയ്യന്നൂര്‍, വെള്ളൂരിലും നടന്നിരുന്നു. പ്രസ്തുത കേസില്‍ ഒരാളെ പൊലീസ് അറസ്റ്റു ചെയ്യുകയും മറ്റു പ്രതികള്‍ക്കായുള്ള അന്വേഷണം തുടരുന്നതിനിടയിലാണ് മറ്റൊരു സ്വര്‍ണ്ണ വ്യാപാരി കൂടി സമാന രീതിയിൽ കൊള്ളയടിക്കിരയായത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page