കണ്ണൂര്‍: സൈക്കിള്‍ അപകടത്തില്‍പ്പെട്ട് ചികിത്സയിലായിരുന്ന തന്നടയിലെ 12 വയസുകാരി മരണത്തിന് കീഴടങ്ങി. ചാല തന്നട മുബാറക് മന്‍സിലില്‍ ഫൈസലിന്റെയും നസ്രിയയുടെയും മകള്‍ ആയിഷ മര്‍വ (12)യാണ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ബുധനാഴ്ച മരിച്ചത്. കഴിഞ്ഞ ശനിയാഴ്ചയായിരുന്നു അപകടം. തന്നട ഹാജിമുക്കില്‍ സൈക്കിള്‍ ഓടിച്ച് കളിക്കുന്നതിനിടയില്‍ നിയന്ത്രണം വിട്ട് സമീപത്തെ മതിലില്‍ ഇടിക്കുകയായിരുന്നു. അപകടത്തില്‍ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ പെണ്‍കുട്ടിയെ ഉടന്‍ തന്നെ ചാലയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിക്കുകയും തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. 4 ദിവസം വെന്റിലേറ്ററിലായിരുന്നു. ബുധനാഴ്ച ഉച്ചയോടെ മരണം സംഭവിച്ചു. തലശേരി ജനറലാശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം നടത്തി. പൊതുവാച്ചേരി ജുമാ മസ്ജിദ് കബറിസ്ഥാനില്‍ കബറടക്കി. സഹോദരന്‍ മുഹമ്മദ് നാസീം.








