കോട്ടയം: പ്രശസ്ത ധ്യാനഗുരുവും മലയാള ക്രൈസ്തവ ഭക്തിഗാന രംഗത്ത് അതുല്യ സംഭാവനകള്‍ നല്‍കിയ രചയിതാവുമായ ഫാ. മൈക്കിള്‍ പനച്ചിക്കല്‍ വിസി അന്തരിച്ചു. 77 വയസ്സായിരുന്നു. കോട്ടയം അടിച്ചിറയിലെ ധ്യാനകേന്ദ്രത്തിലായിരുന്നു അന്ത്യം. സംസ്കാരം വ്യാഴാഴ്ച കോട്ടയം അടിച്ചിറ പരിത്രാണ ധ്യാനകേന്ദ്രത്തിൽ നടക്കും. വിന്‍സെന്‍ഷ്യന്‍ സഭ സെന്റ് ജോസഫ് പ്രോവിന്‍സ് അംഗവും വചനപ്രഘോഷകനും സാഹിത്യകാരനും മാധ്യമപ്രവര്‍ത്തകനുമായിരുന്നു. തിരുനാമകീര്‍ത്തനം പാടുവാനല്ലെങ്കില്‍, നിത്യത തീര്‍ക്കുന്ന നിമിഷങ്ങളില്‍, ശ്യാമാംബരത്തിലെ സൗന്ദര്യമായി നീ, പിതാവേ അനന്ത നന്മയാകും തുടങ്ങി 700ല്‍ അധികം ഗാനങ്ങളുടെ രചയിതാവാണ്. വചനോത്സവം മാസികയുടെ സ്ഥാപക പത്രാധിപരായിരുന്നു അദ്ദേഹം. നിരവധി നോവലുകളും കഥകളും രചിച്ചിട്ടുണ്ട്. ആത്മാവിൽ ദരിദ്രർ ഭാഗ്യവാന്മാർ, സത്യം നിങ്ങളെ സ്വതന്ത്രരാക്കും, ക്രിസ്തു പരാമർഥം തുടങ്ങിയവയാണ് പ്രധാന ഗ്രന്ഥങ്ങൾ. 1974 ഡിസംബര്‍ 19ന് വൈദികനായ ഫാ. മൈക്കിള്‍ പനച്ചിക്കല്‍, അഞ്ച് പതിറ്റാണ്ടിലേറെ നീണ്ട പൗരോഹിത്യജീവിതത്തിലൂടെ ഇന്ത്യയിലും വിദേശത്തുമായി ആത്മീയ നവോത്ഥാന രംഗത്തു പ്രവര്‍ത്തിച്ചു. ഇടവക-മിഷന്‍ ശുശ്രൂഷകളില്‍ കോയമ്പത്തൂര്‍ ഹോളി ട്രിനിറ്റി ഫൊറോനയില്‍ അസിസ്റ്റന്റ് വികാരിയായും പാലക്കയം ഇടവകയില്‍ വികാരിയായും സേവനം ചെയ്തിരുന്നു.
ആറ്റിങ്ങല്‍ സെന്റ് ജൂഡ് മിഷന്‍ പള്ളി, നെടുമങ്ങാട് സെന്റ് തോമസ് മിഷന്‍ പള്ളി, കിള്ളി സെന്റ് ജോണ്‍ പോള്‍ രണ്ടാമന്‍ മിഷന്‍ പള്ളി എന്നിവിടങ്ങളില്‍ പ്രീസ്റ്റ്-ഇന്‍-ചാര്‍ജായും പ്രവര്‍ത്തിച്ചിരുന്നു. കെസിബിസി അവാര്‍ഡ്, ശാലോം മീഡിയ അവാര്‍ഡ്, സിസിലിയന്‍ അവാര്‍ഡ്, ഗുഡ്നസ് മീഡിയ അവാര്‍ഡ്, വിന്‍സെന്‍ഷ്യന്‍ ജനറലൈറ്റിന്റെ ലൂമിനസ് അവാര്‍ഡ് തുടങ്ങി നിരവധി അംഗീകാരങ്ങള്‍ അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്. അന്തീനാട് പനച്ചിക്കല്‍ പരേതരായ ദേവസ്യ-ഏലി ദമ്പതികളുടെ മകനാണ്.







