ബെംഗളൂരു∙ ബൈക്ക് ഡിവൈഡറിലിടിച്ച് മറിഞ്ഞ് രണ്ട് മലയാളി നഴ്സിങ് വിദ്യാർഥികൾ മരിച്ചു. എറണാകുളം മുളന്തുരുത്തി പെരുമ്പള്ളി സ്വദേശി എരുമേലിൽ വീട്ടിൽ ഗീരിഷ്കുമാറിന്റെ മകൻ ഗൗരീശങ്കർ (22), കണ്ണൂർ ശ്രീകണ്ഠാപുരം സ്വദേശി അതുൽ (22) എന്നിവരാണ് മരിച്ചത്. കെങ്കേരി ബിജിഎസ് നഴ്സിങ് കോളേജിലെ ബിഎസ്‌സി നഴ്സിങ് നാലാം വർഷ വിദ്യാർഥികളാണ് ഇരുവരും. ശനിയാഴ്ച പുലർച്ചെ 3 മണിയോടെ
കെങ്കേരി രാജരാജേശ്വരി ഡെന്റൽ കോളജിന് സമീപത്തു വച്ചായിരുന്നു അപകടം നടന്നത്.
മൈസൂരുവിൽനിന്ന് ബെംഗളൂരുവിലേക്ക് ബൈക്കിൽ വരികയായിരുന്ന ഇരുവരും. ബൈക്ക് നിയന്ത്രണംവിട്ട് ഡിവൈഡറിലിടിക്കുകയായിരുന്നു. അപകടം നടന്ന ഉടന്‍ തന്നെ ഇരുവരെയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹങ്ങൾ രാജരാജേശ്വരി മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ശനിയാഴ്ച ഉച്ചയോടെ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹങ്ങൾ ബന്ധുക്കള്‍ക്ക് കൈമാറി. കെങ്കേരി പൊലീസ് സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു.







