മംഗളൂരു: കർണാടകയിലെ ഒരു പ്രമുഖ കരാറുകാരനെ അവിഹിത ബന്ധവുമായി ബന്ധപ്പെട്ട അശ്ലീല ഫോട്ടോയും വീഡിയോയും ലഭിച്ചിട്ടുണ്ടെന്ന് ഭീഷണിപ്പെടുത്തി 2.77 കോടി രൂപ തട്ടിപ്പ് ആക്കിയ സ്വന്തം ജോലിക്കാരും കോൺഗ്രസ് – യൂത്ത് കോൺഗ്രസ് ജില്ലാ ഭാരവാഹികളുമായ രണ്ടുപേരെ ഉർവ പോലീസ് അറസ്റ്റ് ചെയ്തു .സംഭവം കർണാടകയിൽ വിവാദമായിരിക്കുകയാണ്. അറസ്റ്റിനെത്തുടർന്ന് യൂത്ത് കോൺഗ്രസിന്റെ ജില്ലാ ജനറൽ സെക്രട്ടറിയായ പ്രതിയെ സംഘടന പ്രാഥമിക അംഗത്വത്തിൽ നിന്നും ഭാരവാഹിത്വത്തിൽ നിന്നും പുറത്താക്കിയതായി ജില്ലാ പ്രസിഡന്റ് അറിയിച്ചു. അതേസമയം കോൺഗ്രസ് നേതാക്കൾക്കും മുഖ്യമന്ത്രിക്കും ഒപ്പമുള്ള പ്രതികളുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയകളിൽ പറക്കുന്നു. യൂത്ത് കോൺഗ്രസ് ദക്ഷിണ കർണാടക ജില്ലാ ജനറൽ സെക്രട്ടറി ജിതേഷ് , കോൺഗ്രസ് നേതാവ് നിസാം എന്ന ഇബ്രാഹിം എന്നിവരാണ് അറസ്റ്റിൽ ആയത്. കർണാടകയിലെ ഒരു പ്രമുഖ കരാറുകാരന്റെ കമ്പനിയിലെ ജീവനക്കാരാണ് ഇവർ.2024 ജനുവരിയിൽ ജിതേഷ് ഫോൺ ചെയ്തു കരാറുകാരന്റെ അവിഹിത ബന്ധവുമായി ബന്ധപ്പെട്ട അശ്ലീല ഫോട്ടോയും വീഡിയോയും തനിക്ക് ലഭിച്ചിട്ടുണ്ടെന്നും പ്രശ്നം ഒതുക്കി തീർക്കുന്നതിന് 35 ലക്ഷം രൂപ ഉടൻ നൽകണമെന്നും ആവശ്യപ്പെട്ടു. അല്ലാത്ത പക്ഷം ഫോട്ടോയും വീഡിയോയും ഇരയായ യുവതി കരാറുകാരന്റെ ഭാര്യക്കു അയച്ചുകൊടുക്കുമെന്നും സാമൂഹ്യ മാധ്യമങ്ങളിൽ പരസ്യപ്പെടുത്തുന്നുമെന്നും ഭീഷണി മുഴക്കുന്നുണ്ടെന്ന് അറിയിച്ചു.
സംഗതി നാട്ടുകാർ അറിഞ്ഞാൽ തന്റെ പ്രശസ്തിയും മാന്യതയും നഷ്ടപ്പെടും എന്ന് ഭയന്ന കരാറുകാരൻ ജിതേഷിനു 10 ലക്ഷം രൂപ വീതമുള്ള രണ്ട് ചെക്കുകളും 15 ലക്ഷം രൂപയുടെ മറ്റൊരു ചെക്കും കൊടുത്തു. 10 ലക്ഷം രൂപയുടെ ചെക്കുകൾ മാറുകയും 15 ലക്ഷം രൂപയുടെ ചെക്ക് അക്കൗണ്ടിൽ പണമില്ലെന്ന അറിയിപ്പോടെ മടങ്ങുകയും ചെയ്തു. ഇതിനെത്തുടർന്നു 2024 മേയിൽ ജിതേഷ് കരാറുകാരന്റെ വീട്ടിലെത്തി കൂടുതൽ പണം ആവശ്യപ്പെട്ടു. അതിനുശേഷം എന്ത് ചെയ്യണമെന്ന് അറിയാതെ അസ്വസ്ഥനായ കരാറുകാരന് ഒരു ബുദ്ധിയുദിച്ചു. കമ്പനിയിലെ മറ്റൊരു ജീവനക്കാരനും കോൺഗ്രസ് നേതാവുമായ നിസാം എന്ന് ഇബ്രാഹിമിനെ വിളിച്ചുവരുത്തി വിവരം അറിയിച്ചു. അതോടെ തട്ടിപ്പ് അതിലും ഭീകരമായി മാറുകയായിരുന്നു. വിവരമറിഞ്ഞ് ഇബ്രാഹിം നേരെ ജിതേഷിന്റെ വീട്ടിലെത്തി അയാളെ കൂട്ടിക്കൊണ്ടുപോയി ഒളിവിൽ താമസിപ്പിച്ചു. അതിനുശേഷം കരാറുകാരനെ കണ്ടു ജിതേഷ് ആത്മഹത്യ ചെയ്തു എന്നും ആത്മഹത്യാ ക്കുറിപ്പിൽ കരാറുകാരന്റെ പീഡനമാണ് കാരണമെന്നും കരയാറുകാരന്റെ അശ്ലീല ഫോട്ടോകളും മറ്റും ആത്മഹത്യാക്കുറിപ്പിനൊപ്പം ഉണ്ടെന്നും അറിയിച്ചു. പോലീസുകാരെയും രാഷ്ട്രീയക്കാരെയും സ്വാധീനിച്ച് തെളിവ് നശിപ്പിക്കാൻ പലതവണയായി 2.5 7 കോടി രൂപയും കരാറുകാരനെ പറ്റിച്ച് ഇയാൾ തട്ടിയെടുത്തു.
ഇതോടെ മാനസികമായി തകർന്ന കരാറുകാരൻ അടുത്തിടെ ഓരോന്ന് ആലോചിച്ചു റോഡിലൂടെ നടന്നു പോയപ്പോൾ ആത്മഹത്യ ചെയ്തതെന്ന് ഇബ്രാഹിം പറഞ്ഞ ജിതേഷ് റോഡിലൂടെ നടന്നു പോകുന്നത് കണ്ടു. അതോടെ താൻ കബളിപ്പിക്കപ്പെടുകയായിരുന്നു എന്ന് ബോധ്യപ്പെട്ട കരാറുകാരൻ ഉർവ പോലീസിൽ പരാതിപ്പെടുകയും പൊലീസ് തന്ത്രപരമായ നീക്കത്തിലൂടെ നേതാക്കന്മാരെ തൂക്കിയെടുക്കുകയുംചെയ്തു. സംഭവം ജോലി ചെയ്യുന്ന സ്ഥാപനത്തോടുള്ള ജീവനക്കാരുടെ മനോഭാവത്തെ കുറിച്ചും രാഷ്ട്രീയ നേതാക്കന്മാരുടെ സൽസ്വഭാവത്തെക്കുറിച്ചും സംഘടന – തൊഴിൽ സംസ്കാരത്തെ കുറിച്ചും കർണാടകയിൽ സജീവ ചർച്ചയ്ക്ക് വഴി വച്ചിട്ടുണ്ട്.







