കൊടക്കാട് നാരായണൻ
ചൈനയുടെ സാമ്രാജ്യത്വ ഹൃദയത്തിലേക്കുള്ള ഒരു സഞ്ചാരം:
ബീജിംഗിന്റെ ഹൃദയഭാഗത്ത്, കാലത്തിന്റെ പൊടിപടലങ്ങൾക്കിടയിലും തന്റെ പ്രൗഢി നഷ്ടപ്പെടാതെ നിൽക്കുന്ന ഒരു അത്ഭുതനഗരമുണ്ട് — ഫോർബിഡൻ സിറ്റി . ചുവന്ന മതിലുകളും സ്വർണ്ണവർണ മേൽക്കൂരകളും തീർത്ത ഈ രാജകീയ സമുച്ചയം, ചൈനയുടെ അഞ്ചു നൂറ്റാണ്ടിലേറെ നീണ്ട സാമ്രാജ്യത്വ ചരിത്രത്തിന്റെ ജീവിക്കുന്ന സാക്ഷ്യമാണ്.
രാജാക്കന്മാരുടെ നഗരത്തിലേക്ക്
പ്രഭാതത്തിന്റെ മൃദുലമായ വെളിച്ചത്തിൽ ഫോർബിഡൻ സിറ്റിയുടെ വിശാലമായ കവാടത്തിനു മുന്നിൽ നിൽക്കുന്ന ഏതൊരാൾക്കും, ഒരു നഗരത്തിലല്ല, ഒരു കാലഘട്ടത്തിലേക്കാണ് പ്രവേശിക്കുന്നതെന്ന തോന്നലാണ് ഉണ്ടാവുക.യാത്രാനന്ദ ട്രാവൽ പാക്കേജിൽ ചൈന സന്ദർശിക്കാനെത്തിയ ഞങ്ങൾ 34 പേർക്കും സമാനമായ അനുഭവം തന്നെയാണ് ഉണ്ടായത്.
ഒരു കാലത്ത് സാധാരണ ജനങ്ങൾക്ക് പ്രവേശനം നിഷേധിക്കപ്പെട്ടിരുന്നതു കൊണ്ടാണ് ഈ രാജ നഗരം “ഫോർബിഡൻ സിറ്റി” എന്നറിയപ്പെടുന്നതെന്ന് യാത്ര നായകൻ ഷിജിൻ പറഞ്ഞു.
ഫോർബിഡൻ സിറ്റി എന്നതിന്റെ മലയാളം നിഷിദ്ധ നഗരം അല്ലെങ്കിൽ നിരോധിത നഗരം എന്നാണ്.
എന്നാൽ ചരിത്ര വിജ്ഞാനീയത്തിലും വിനോദസഞ്ചാര സാഹിത്യത്തിലും “ഫോർബിഡൻ സിറ്റി” എന്ന പേരാണ് കൂടുതലായി ഉപയോഗിക്കുന്നത്, കാരണം അത് ലോകപ്രശസ്തമായ ഒരു പ്രത്യേക സ്ഥല നാമമാണ്.
മിങ്, ക്വിങ് രാജവംശങ്ങളുടെ കാലത്ത് ഈ രാജകൊട്ടാര സമുച്ചയത്തിലേക്ക് ചക്രവർത്തിയുടെ പ്രത്യേക അനുമതിയില്ലാതെ സാധാരണ ജനങ്ങൾക്ക് പ്രവേശനം ഉണ്ടായിരുന്നില്ല പോലും. അതിനാലാണ് ഇതിനെ “നിഷിദ്ധ നഗരം” (ഫോർബി ഡൻ സിറ്റി ) എന്ന് വിളിച്ചതത്രെ.
“എല്ലാ കോട്ടകളും പുരാതന വസ്തുക്കളായി മാറും.എല്ലാ പീരങ്കികളും നിശബ്ദമായി തുരുമ്പെടുക്കും.എല്ലാ സുൽത്താന്മാരും ഇരുണ്ട ഗുഹകളിലേക്ക് ഓടിപ്പോകും.”കടമ്മനിട്ട കവിതയിൽ ഉറക്കെ പറയുന്നതു പോലെ കാലത്തിന്റെ മാറ്റത്തിൽ
രാജരക്തത്തിൽ പിറന്നവർക്ക് മാത്രം പ്രവേശനം ഉണ്ടായിരുന്ന ആ കൊട്ടാര മുറ്റത്ത് ഇപ്പോൾ നാനാ ലോകങ്ങളിലെ എല്ലാ വിഭാഗം ജനങ്ങളും അണിനിരക്കുന്ന ടൂറിസം ഉത്സവങ്ങളാണ് എല്ലാ ദിനങ്ങളിലും നടക്കുന്നത്.ഇപ്പോൾ അവിടെ മനുഷ്യൻ വേർതിരിവില്ലാത്ത ഉത്സവങ്ങളുടെ ആഘോഷത്തിമിർപ്പിലാണ്.
ഭാഷയുടെയും ജാതിയുടെയും വേഷത്തിന്റെയും അതിർവരമ്പുകൾ ഭേദിച്ച് ലോകം ഇവിടെ ഒരു ഗ്രാമമാവുകയാണ്. ഉത്സവ പറമ്പിലെന്ന പോലെ ഓരോ വർഷവും ലക്ഷങ്ങൾക്ക് മുന്നിലാണ് കൊട്ടിയടക്കപ്പെട്ട വാതിലുകൾ മലർക്കെ തുറന്നു കിടക്കുന്നത്. കാലത്തിന്റെ പ്രവാഹത്തിൽ ഏത് വലിയ കോട്ടയും തകർന്നുപോകുമെന്ന,എല്ലാ പീരങ്കികളും നിശബ്ദമാകുമെന്ന കവി വാക്യത്തിന്റെ സംഘ ധ്വനിയാണ് എവിടെയും മുഴങ്ങുന്നത്. അടിച്ചമർത്തലുകളുടെ പ്രതീകങ്ങളായ ഭരണാധികാരികളും ആയുധങ്ങളും ഒരുനാൾ നിഷ്പ്രഭമാകും. എല്ലാ പീരങ്കികളും നിശബ്ദമാകും. പഴയകാല അടിച്ചമർത്തലുകൾ മാഞ്ഞുപോകു.. ജനങ്ങൾക്ക് പുതിയൊരു ലോകം സൃഷ്ടിക്കാൻ കഴിയും. കവിയുടെ പ്രതീക്ഷയാണോ ഇവിടെ പൂവണിഞ്ഞിരിക്കുന്നതെന്ന് സംശയിച്ചു പോകും. കവികൾ എപ്പോഴും പ്രവാചകന്മാരാണല്ലോ !
എല്ലാ കോട്ടയും കൊത്തളവും കൊട്ടാരവും പുരാവസ്തു ആയിരിക്കുന്നു. ഇപ്പോൾ അവിടെ മനുഷ്യൻ വേർതിരിവില്ലാത്ത ഉത്സവങ്ങളുടെ ആഘോഷത്തിമിർപ്പിലാണ്.
1406-ൽ യോംഗിൾ എമ്പററുടെ ഉത്തരവുപ്രകാരം നിർമ്മാണം ആരംഭിച്ച് 1420-ൽ പൂർത്തിയായ ഈ മഹാസമുച്ചയം, പിന്നീട് മിങ് എമ്പറേ ഴ്‌സ് മാരുടെയും ഖിങ് എമ്പേറേഴ്‌സ് മാരുടെയും രാജവസതിയും ഭരണകേന്ദ്രവുമായി മാറി.

ചുവന്ന മതിലുകൾക്കപ്പുറം
ഏകദേശം 180 ഏക്കറിലധികം വിസ്തൃതിയിൽ വ്യാപിച്ചുകിടക്കുന്ന ഈ സമുച്ചയത്തിൽ 900-ലധികം കെട്ടിടങ്ങളും ആയിരക്കണക്കിന് മുറികളുമുണ്ട്. ഓരോ കവാടവും ഓരോ പ്രാകാരവും ( കോർട്ട്യാർഡ് ) ഓരോ കൊട്ടാരവും അധികാരത്തിന്റെയും ആചാരത്തിന്റെയും കലാസൗന്ദര്യത്തിന്റെയും കഥകൾ പറയുന്നു.
മഞ്ഞനിറത്തിലുള്ള തിളങ്ങുന്ന ടൈലുകൾ സാമ്രാജ്യത്വ അധികാരത്തിന്റെ പ്രതീകമാണ്. ചുവന്ന മതിലുകൾ സമൃദ്ധിയെയും ഭാഗ്യത്തെയും സൂചിപ്പിക്കുന്നു. കല്ലിലും മരത്തിലും കൊത്തിയ ഡ്രാഗണുകൾ രാജശക്തിയുടെ അടയാളങ്ങളായി എല്ലായിടത്തും തല ഉയർത്തി നിൽക്കുന്നു.
സുപ്രീം ഹാർമണിയുടെ മഹാമന്ദിരം
(ഹാൾ ഓഫ് സുപ്രീം ഹാർമണി )ഫോർബിഡൻ സിറ്റിയിലെ ഏറ്റവും പ്രധാനപ്പെട്ട കെട്ടിടമാണ്.
ഇവിടെയാണ് ചക്രവർത്തിമാരുടെ സ്ഥാനാരോഹണച്ചടങ്ങുകളും മറ്റു പ്രധാന രാജകീയ ആഘോഷങ്ങളും നടന്നിരുന്നത്. വിശാലമായ പ്രാകാരത്തിലൂടെ ആ മന്ദിരത്തിലേക്ക് നടക്കുമ്പോൾ, ഒരുകാലത്ത് മന്ത്രിമാരും സൈന്യാധിപന്മാരും രാജകുടുംബാംഗങ്ങളും ഇതേ വഴിയിലൂടെ നടന്നിട്ടുണ്ടാകുമെന്ന ചിന്ത ഞങ്ങളുടെ മനസ്സിൽ ഉയർന്നു.
സ്വർണ്ണസിംഹാസനത്തിനു മുന്നിൽ നിൽക്കുമ്പോൾ, ചരിത്രം നിശ്ശബ്ദമായി സംസാരിക്കുന്നതുപോലെ അനുഭവപ്പെട്ടു.
ഫോർബിഡൻ സിറ്റി അധികാരത്തിന്റെ കേന്ദ്രം മാത്രമായിരുന്നില്ല; ആയിരക്കണക്കിന് ആളുകൾ ജീവിച്ചിരുന്ന ഒരു സ്വതന്ത്ര നഗരവുമായിരുന്നു.
ചക്രവർത്തിമാർ,രാജ്ഞിമാർ,രാജകുമാരന്മാർ,കൊട്ടാര ഉദ്യോഗസ്ഥർ,പണ്ഡിതന്മാർ,കലാകാരന്മാർ…..
എല്ലാവരുടെയും ജീവിതം ഈ മതിലുകൾക്കുള്ളിൽ തന്നെയായിരുന്നു. സന്തോഷങ്ങളും ഗൂഢാലോചനകളും വിജയങ്ങളും പരാജയങ്ങളും ഈ കൊട്ടാരങ്ങൾ കണ്ടറിഞ്ഞിട്ടുണ്ടായിരിക്കണം.
രാജകീയ ഉദ്യാനങ്ങളിൽ എത്തുമ്പോൾ ഫോർബിഡൻ സിറ്റിയുടെ മറ്റൊരു മുഖം കാണാം. അലങ്കാരശിലകൾ, പുഷ്പങ്ങൾ, പുരാതന വൃക്ഷങ്ങൾ, ചെറിയ മണ്ഡപങ്ങൾ—എല്ലാം ചേർന്ന് ധ്യാനത്തിനും വിശ്രമത്തിനുമായി രൂപകൽപ്പന ചെയ്ത ഒരു ലോകം സൃഷ്ടിക്കുന്നു.
മങ്ങിപ്പോകുകയും പ്രകൃതിയുടെ സംഗീതം മാത്രം ശേഷിക്കുകയും ചെയ്യുന്ന ഇടമാണ് അധികാര സ്ഥലികൾ.
1987-ൽ യുനസ്കോ ഫോർബിഡൻ സിറ്റിയെ ലോക പൈതൃക പട്ടികയിൽ ഉൾപ്പെടുത്തി.
ലോകത്തിലെ ഏറ്റവും വലിയ സംരക്ഷിക്കപ്പെട്ട മരനിർമിത രാജകൊട്ടാര സമുച്ചയം,
മിങ്, ക്വിങ് രാജവംശങ്ങളുടെ ഭരണചരിത്രത്തിന്റെ അപൂർവ രേഖ,
ചൈനീസ് വാസ്തുവിദ്യയുടെ ഉന്നത മാതൃക,
കലാസമ്പത്തിന്റെയും സാംസ്കാരിക പാരമ്പര്യത്തിന്റെയും അമൂല്യ നിധി,ഇതൊക്കെയാണ് ഫോർബിഡൻ സിറ്റി .യുനസ്കോ യുടെ പൈതൃക പട്ടികയിൽ ഇടം നേടാൻ ( 1987 ) കാരണമായത്.
സൂര്യൻ പടിഞ്ഞാറോട്ട് ചായുമ്പോൾ സ്വർണ്ണമേൽക്കൂരകളിൽ അവസാന കിരണങ്ങൾ പതിക്കുന്നു. ചുവന്ന മതിലുകൾ കൂടുതൽ തിളക്കമാർജിക്കുന്നു. സന്ദർശകർ മടങ്ങിത്തുടങ്ങുമ്പോൾ, ഈ പുരാതന നഗരം വീണ്ടും തന്റെ നൂറ്റാണ്ടുകളുടെ ഓർമ്മകളുമായി നിശ്ശബ്ദതയിലേക്ക് മടങ്ങുന്നു.
അപ്പോൾ മനസ്സിലാകും — ഫോർബിഡൻ സിറ്റി ഒരു കൊട്ടാരം മാത്രമല്ല; അത് ചൈനയുടെ ആത്മാവിന്റെ ഒരു മഹാഗ്രന്ഥമാണ്. ഓരോ കവാടവും ഒരു അധ്യായം, ഓരോ മന്ദിരവും ഒരു കഥ, ഓരോ കല്ലും ഒരു ചരിത്രസാക്ഷ്യം തന്നെയാണ്.
ബീജിംഗിലെ ഈ രാജനഗരം സന്ദർശിക്കുന്നത് ഒരു സ്ഥലദർശനം മാത്രമല്ല; അഞ്ചു നൂറ്റാണ്ടുകളുടെ ചരിത്രത്തിലൂടെ നടത്തുന്ന ഒരു മഹായാത്രയാണ്. സംശയമില്ല.
ഫോർബിഡൻ സിറ്റി: വാസ്തുവിദ്യയുടെ വിസ്മയവും ലോക പൈതൃകത്തിന്റെ മഹിമയും :
ഫോർബിഡൻ സിറ്റി ലോകത്തിലെ ഏറ്റവും വലിയതും ഏറ്റവും നന്നായി സംരക്ഷിക്കപ്പെട്ടതുമായ പുരാതന രാജകൊട്ടാര സമുച്ചയമാണ്. 1406 മുതൽ 1420 വരെ നിർമ്മിക്കപ്പെട്ട ഈ രാജനഗരം മിങ്, ക്വിങ് രാജവംശങ്ങളിലെ 24 ചക്രവർത്തിമാരുടെ വസതിയും ഭരണകേന്ദ്രവുമായിരുന്നു.

നിർമ്മാണത്തിലെ ആർക്കിടെക്ചറൽ വൈദഗ്ധ്യം :
കൃത്യമായ അക്ഷീയ (ആക്സിയൽ ) ആസൂത്രണം.
ഫോർബിഡൻ സിറ്റിയുടെ ഏറ്റവും വലിയ സവിശേഷത അതിന്റെ നിർമ്മി തിയിലുള്ള ആസൂത്രണമാണ്.
ഏകദേശം 8 കിലോമീറ്റർ നീളമുള്ള ബീജിംഗിന്റെ കേന്ദ്ര അക്ഷരേഖയിലാണ് ഇത് സ്ഥിതിചെയ്യുന്നത്.
പ്രധാന കെട്ടിടങ്ങളെല്ലാം ഒരു നേർരേഖയിൽ ക്രമീകരിച്ചിരിക്കുന്നു.
ചൈനീസ് തത്വചിന്തയിലെ “സന്തുലിതാവസ്ഥയും ക്രമവും” പ്രതിഫലിപ്പിക്കുന്ന രൂപകൽപ്പന.
മരനിർമാണത്തിലെ അത്ഭുതം :
900-ലധികം കെട്ടിടങ്ങൾ.
ലോകത്തിലെ ഏറ്റവും വലിയ പുരാതന മരനിർമിത കൊട്ടാര സമുച്ചയമായി കണക്കാക്കപ്പെടുന്നു.
ഇരുമ്പ് ആണികൾ വളരെ കുറച്ച് ഉപയോഗിച്ചാണ് പല ഘടനകളും നിർമ്മിച്ചിരിക്കുന്നത്.
“ഡൗഗോങ് ” എന്ന പ്രത്യേക മരക്കെട്ട് സാങ്കേതികവിദ്യ ഭൂകമ്പങ്ങളെ പ്രതിരോധിക്കാൻ സഹായിക്കുന്നു.
വർണങ്ങളുടെ പ്രതീകാത്മക ഉപയോഗം
മഞ്ഞ മേൽക്കൂരകൾ – സാമ്രാജ്യത്വ അധികാരത്തിന്റെ സൂചകങ്ങളാണ്.
ചുവന്ന മതിലുകൾ – സമൃദ്ധിയും ഭാഗ്യവും സൂചിപ്പിക്കുന്നു.
വെളുത്ത മാർബിൾ അടിത്തറകൾ വിശുദ്ധിയുടെയും മഹത്വത്തിന്റെയും പ്രതീകമാണ്.
ഉയർന്ന മാർബിൾ പ്ലാറ്റ്ഫോമിന് മുകളിൽ നിർമ്മിച്ചതിലൂടെ അധികാരത്തിന്റെ മഹത്വം പ്രകടമാക്കുന്ന നിർമ്മാണം.
സംരക്ഷണത്തിലെ കരുതൽ :
- പരമ്പരാഗത നവീകരണം
ഫോർബിഡൻ സിറ്റിയിലെ പുനരുദ്ധാരണ പ്രവർത്തനങ്ങളിൽ
പഴയ മരവസ്തുക്കളുടെ മാതൃകകൾ ഉപയോഗിക്കുന്നു.
പരമ്പരാഗത ചൈനീസ് വർണങ്ങളും അലങ്കാരരീതികളും പിന്തുടരുന്നു.
യഥാർത്ഥ രൂപകൽപ്പനയിൽ മാറ്റം വരുത്താതിരിക്കാൻ ശ്രദ്ധിക്കുന്നു. - അഗ്നിസുരക്ഷ:
മരനിർമാണം കൂടുതലായതിനാൽ:
ആധുനിക അഗ്നിശമന സംവിധാനങ്ങൾ സ്ഥാപിച്ചിട്ടുണ്ട്.
നിരന്തര നിരീക്ഷണ സംവിധാനം പ്രവർത്തിക്കുന്നു. - സന്ദർശക നിയന്ത്രണം :
പ്രതിവർഷം കോടിക്കണക്കിന് സന്ദർശകർ എത്തുന്നതിനാൽ:
ചില മേഖലകളിലേക്ക് നിയന്ത്രിത പ്രവേശനം.
പുരാതന കലാവസ്തുക്കൾക്കായി പ്രത്യേക സംരക്ഷണ സംവിധാനങ്ങൾ.
ഡിജിറ്റൽ രേഖപ്പെടുത്തലും ത്രിമാന സ്കാനിംഗും.
പൈതൃക പട്ടികയിൽ ഇടം നേടാൻ
പ്രധാന കാരണങ്ങൾ
✅ ലോകത്തിലെ ഏറ്റവും വലിയ രാജകൊട്ടാര സമുച്ചയം
✅ മിങ്-ക്വിങ് രാജവംശങ്ങളുടെ ചരിത്രത്തിന്റെ പ്രധാന രേഖ
✅ ചൈനീസ് വാസ്തുവിദ്യയുടെ ഉന്നത മാതൃക
✅ അപൂർവമായ കലാസമ്പത്തുകളുടെ ശേഖരം
✅ നഗരാസൂത്രണത്തിന്റെ മികച്ച ഉദാഹരണം
സമ്മർ പാലസും ഫോർബിഡൻ സിറ്റിയും തമ്മിലുള്ള പൊരുത്തങ്ങൾ :
സമ്മർ പാലസ് വേനൽക്കാല വിശ്രമകേന്ദ്രമാണെങ്കിൽ
ഫോർബിഡൻസിറ്റി
ഔദ്യോഗിക രാജവസതിയും ഭരണകേന്ദ്രവും ആണ്.
ഫോർ ബിഡൻ സിറ്റി മിങ്, ക്വിങ് രാജവംശം അധികാരത്തിലെത്തിയപ്പോഴാണ് നിർമിച്ചതെങ്കിൽ സമ്മർ പാലസ് പ്രധാനമായും നിർമ്മിച്ചത് ക്വിങ് രാജ വംശമാണ്.
ഫോർബിഡൻ സിറ്റി 1987 ൽ ലോക പൈതൃക പട്ടികയിൽ ഇടം നേടിയപ്പോൾ സമ്മർ പാലസിന് 11 കൊല്ലം കൂടി കാത്തിരിക്കേണ്ടി (1998) വന്നു.
ഫോർബിഡൻ സിറ്റിയിൽ രാജകീയ കൊട്ടാര സമുച്ചയമാണ് വാസ്തു ശൈലിയെങ്കിൽ
പാലസിൽ
രാജകീയ ഉദ്യാന സമുച്ചയമാണ് അവലംബിച്ചത്.
ഒന്നാമത്തേതിൽ പ്രധാന ഘടകം
കൊട്ടാരങ്ങൾ ആണെങ്കിൽ രണ്ടാമത്തേതിൽ
തടാകവും കുന്നുകളും ആണ് പ്രധാന ആകർഷണം. ഫോർബിഡൻ സിറ്റി
ബീജിംഗ് നഗരമധ്യത്തിലാണെങ്കിൽ സമ്മർ പാലസ് സ്ഥിതി ചെയ്യുന്നത്
ബീജിംഗിന്റെ വടക്കുപടിഞ്ഞാറ് ഭാഗത്താണ്.
പൊതു സവിശേഷതകൾ :
- സാമ്രാജ്യത്വ പാരമ്പര്യം
ഇരുവരും ചൈനീസ് ചക്രവർത്തിമാരുടെ ജീവിതവുമായി ബന്ധപ്പെട്ടിരിക്കുന്നു. - ഫെങ് ഷുയ് ആശയങ്ങൾ
പ്രകൃതിയും നിർമ്മിതികളും തമ്മിലുള്ള സന്തുലിതാവസ്ഥ ഉറപ്പാക്കുന്ന ഫെങ് ഷുയ് തത്വങ്ങൾ ഇരിടത്തും പ്രയോഗിച്ചിട്ടുണ്ട്. - ചൈനീസ് വാസ്തുവിദ്യയുടെ മികവ്
മഞ്ഞ മേൽക്കൂരകൾ
ചുവന്ന മതിലുകൾ
മരനിർമാണം:
സമമിതിയും അലങ്കാരകലയും - ലോക പൈതൃക കേന്ദ്രങ്ങൾ
ഇരുവരും ചൈനയുടെ സാംസ്കാരിക മഹത്വത്തിന്റെ പ്രതീകങ്ങളാണ്. - കലാ സമ്പത്തിന്റെ നിധിശേഖരങ്ങൾ
ചിത്രകല, ശില്പകല, മരപ്പണി, ഉദ്യാനകല എന്നിവയുടെ അതുല്യ ഉദാഹരണങ്ങൾ രണ്ടിടങ്ങളിലും കാണാം.
ഫോർബിഡൻ സിറ്റി ചൈനയുടെഫോർബിഡൻ സിറ്റി :ഔദ്യോഗിക രാജവസതിയും ഭരണകേന്ദ്രവും അധികാരത്തിന്റെയും ഭരണത്തിന്റെയും പ്രതീകമാണെങ്കിൽ, സമ്മർ പാലസ് പ്രകൃതിയോടുള്ള സ്നേഹത്തിന്റെയും വിശ്രമത്തിന്റെയും പ്രതീകമാണ്.
ഫോർബിഡൻ സിറ്റിയിൽ ചക്രവർത്തിയുടെ ശക്തിയും മഹത്വവും കാണാം; സമ്മർ പാലസിൽ പ്രകൃതിയുമായുള്ള അദ്ദേഹത്തിന്റെ സൗഹൃദം കാണാം. ഒന്നിൽ സാമ്രാജ്യത്തിന്റെ ഹൃദയമിടിപ്പും മറ്റൊന്നിൽ അതിന്റെ ആത്മാവിന്റെ ശാന്തതയും അനുഭവിക്കാം. ഈ രണ്ട് പൈതൃക കേന്ദ്രങ്ങളും ചേർന്നാണ് ബീജിംഗിന്റെ ചരിത്ര മഹിമ പൂർണമാകുന്നത്.
തുടരും : നാളെ ടെറക്കോട്ട വാരിയേ ർസ് (ടെറാക്കോട്ട യോദ്ധാക്കൾ )







