കാസര്‍കോട്: പിതാവിനൊപ്പം ബാര്‍ബര്‍ ഷോപ്പില്‍ മുടിമുറിക്കാനെത്തിയ രണ്ടാംക്ലാസുകാരനെ പീഡിപ്പിക്കാന്‍ ശ്രമം. സംഭവത്തില്‍ തൊഴിലാളിയായ 17 കാരന്‍ പിടിയില്‍. ഞായറാഴ്ച വൈകീട്ട് ചന്തേര പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ഒരു ബാര്‍ബര്‍ ഷോപ്പില്‍ ആണ് സംഭവം. പിതാവിനൊപ്പം ബാര്‍ബര്‍ ഷോപ്പില്‍ മുടിമുറിക്കാനെത്തിയതായിരുന്നു കുട്ടി. മുടിമുറിക്കാനിരിത്തിയ ശേഷം പിതാവ് സമീപത്തെ ഒരു കടയില്‍ പോയിരുന്നു. ഈ തക്കത്തില്‍ തൊഴിലാളി കുട്ടിയോട് മോശമായി പെരുമാറുകയായിരുന്നു. ഇതേ തുടര്‍ന്ന് കുട്ടി ബഹളം വച്ചതോടെ ആളുകള്‍ തടിച്ചുകൂടി. വിവരമറിഞ്ഞ പിതാവ് നാട്ടുകാരുടെ സഹായത്തോടെ തൊഴിലാളിയെ പിടികൂടി പൊലീസിന് കൈമാറി. പരാതിയില്‍ പോക്‌സോ പ്രകാരം കേസെടുത്ത പൊലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തു.







