അമേരിക്ക – ഇറാൻ പോരാട്ടം: ഹോർമുസ് കടലിടുക്കിന് സമീപം കപ്പലുകളെ ലക്ഷ്യമിട്ട് ഇറാൻ ഡ്രോൺ ആക്രമണം നടത്തിയതിനെ തുടർന്ന്, യുഎസ് സൈന്യം ഇറാന്റെ റഡാർ കേന്ദ്രങ്ങൾക്ക് നേരെ പ്രത്യാക്രമണം നടത്തി. ഇതിന് പിന്നാലെ കുവൈറ്റിലേക്കും ബഹ്റൈനിലേക്കും ഇറാൻ മിസൈലുകൾ തൊടുത്തുവിട്ടതായും റിപ്പോർട്ടുകളുണ്ട്.
ലബനനിലെ സ്ഥിതി: പ്രഖ്യാപിച്ച ഉടമ്പടികൾ ലംഘിക്കപ്പെടുകയും ഇസ്രായേൽ ലബനനിൽ ആക്രമണം ശക്തമാക്കുകയും ചെയ്തതോടെ ലക്ഷക്കണക്കിന് ആളുകൾ അവിടെനിന്ന് പലായനം ചെയ്യുകയാണ്.
ആഗോള ഭക്ഷ്യപ്രതിസന്ധി: ഹോർമുസ് കടലിടുക്കിലെ തടസ്സങ്ങൾ ആഗോളതലത്തിൽ വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നു. സൊമാലിയ, അഫ്ഗാനിസ്ഥാൻ തുടങ്ങിയ രാജ്യങ്ങളിൽ കോടിക്കണക്കിന് ആളുകൾ ഇതുമൂലം പട്ടിണിയിലാകുന്നതായി ഐക്യരാഷ്ട്രസഭയുടെ ഭക്ഷ്യ ഏജൻസി മുന്നറിയിപ്പ് നൽകുന്നു.
ഈ വർഷം ആഗസ്റ്റോടെ ശക്തമായ ‘എൽ നിനോ’ പ്രതിഭാസത്തിന് 80% സാധ്യതയുണ്ടെന്ന് ലോക കാലാവസ്ഥാ സംഘടന വ്യക്തമാക്കുന്നു. ഇത് ആഗോളതാപനം വീണ്ടും വർദ്ധിപ്പിക്കുമെന്നും കടുത്ത കാലാവസ്ഥാ വ്യതിയാനങ്ങൾക്ക് കാരണമാകുമെന്നും യുഎൻ മേധാവി ആന്റോണിയോ ഗുട്ടെറസ് മുന്നറിയിപ്പ് നൽകി.
അമേരിക്കയിലെ കാലാവസ്ഥാ തർക്കം: സമുദ്രത്തിലെ താപതരംഗങ്ങളും പ്രളയങ്ങളും നിരീക്ഷിക്കാൻ ശാസ്ത്രജ്ഞർ ഉപയോഗിച്ചിരുന്ന പ്രധാന നിരീക്ഷണ ശൃംഖലകൾ ട്രംപ് ഭരണകൂടം നിർത്തലാക്കിയത് വലിയ ആഗോള ചർച്ചയായിരിക്കുകയാണ്.
പോപ്പ് ലിയോയുടെ സ്പെയിൻ സന്ദർശനം:
15 വർഷങ്ങൾക്ക് ശേഷം ഒരു മാർപ്പാപ്പ സ്പെയിൻ സന്ദർശിക്കുന്നു. കടുത്ത രാഷ്ട്രീയ ധ്രുവീകരണത്തിലൂടെ കടന്നുപോകുന്ന സ്പെയിനിൽ, അഭയാർത്ഥികളുടെയും കുടിയേറ്റക്കാരുടെയും അവകാശങ്ങൾക്ക് വേണ്ടിയുള്ള കത്തോലിക്കാ സഭയുടെ നിലപാടുകൾ വ്യക്തമാക്കുകയാണ് പോപ്പ് ലിയോയുടെ സന്ദർശന ലക്ഷ്യം.
റഷ്യ-ഉക്രൈൻ യുദ്ധം:
സെന്റ് പീറ്റേഴ്സ്ബർഗ് സാമ്പത്തിക ഫോറം റഷ്യയിൽ ആരംഭിച്ച വേളയിൽ തന്നെ, റഷ്യയിലെ ഒരു പ്രമുഖ എണ്ണ ശുദ്ധീകരണശാലയ്ക്ക് നേരെ ഉക്രൈൻ വ്യോമാക്രമണം നടത്തി. ഉക്രൈൻ പ്രസിഡന്റ് സെലൻസ്കിയുമായി ചർച്ച നടത്തുന്നതിൽ യാതൊരു അർത്ഥവുമില്ലെന്നാണ് റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിൻ ഇതിനെക്കുറിച്ചു പ്രതികരിച്ചു.
ഫ്രഞ്ച് ഓപ്പൺ വനിതാ സിംഗിൾസ് ഫൈനലിൽ പോളണ്ടിന്റെ മായ ചവാലിൻസ്കയെ തോൽപ്പിച്ച് റഷ്യൻ കൗമാര താരം മിറ ആൻഡ്രീവ തന്റെ ആദ്യ ഗ്രാൻഡ്സ്ലാം കിരീടം സ്വന്തമാക്കി.
പാചകവാതക വില വർദ്ധിച്ചു: രാജ്യത്ത് ഗാർഹിക ആവശ്യത്തിനുള്ള എൽപിജി സിലിണ്ടറിന്റെ വിലയിൽ വീണ്ടും വർദ്ധനവ്. 14.2 കിലോ സിലിണ്ടറിന് 29 രൂപയാണ് വർദ്ധിപ്പിച്ചത്. മൂന്ന് മാസത്തിനിടെ ഉണ്ടാകുന്ന രണ്ടാമത്തെ വർദ്ധനവാണിത്. ഡൽഹിയിൽ വില 913 രൂപയിൽ നിന്ന് 942 രൂപയായി ഉയർന്നു.
അന്താരാഷ്ട്ര പ്രതിസന്ധികൾ നിലനിൽക്കുമ്പോഴും ഇന്ത്യയുടെ സാമ്പത്തിക വളർച്ച മികച്ച രീതിയിൽ തുടരുന്ന പശ്ചാത്തലത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി സാമ്പത്തിക ഉപദേശക സമിതിയുമായി ഉന്നതതല ചർച്ച നടത്തി.
അമേരിക്കയിൽ നിന്ന് ഇന്ത്യക്കാരെ നാടുകടത്തി: നിയമവിരുദ്ധ കുടിയേറ്റം തടയുന്നതിനുള്ള കർശന നടപടികളുടെ ഭാഗമായി 2026-ൽ ഇതുവരെ 1076 ഇന്ത്യൻ പൗരന്മാരെ അമേരിക്ക നാടുകടത്തിയതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
മദ്രസ സർവേയുമായി ബംഗാൾ: പശ്ചിമ ബംഗാളിലെ മദ്രസകളുടെ പ്രവർത്തനങ്ങളും അടിസ്ഥാന സൗകര്യങ്ങളും പരിശോധിക്കുന്നതിനായി സംസ്ഥാന സർക്കാർ സമഗ്രമായ സർവേ പ്രഖ്യാപിച്ചു. ജൂലൈ അഞ്ചിനകം റിപ്പോർട്ട് സമർപ്പിക്കാൻ ജില്ലാ മജിസ്‌ട്രേറ്റുമാർക്ക് നിർദേശം നൽകി.
നീറ്റ് യുജി കേസ്: നീറ്റ് യുജി ചോദ്യപ്പേപ്പർ ചോർച്ചക്കേസിലെ പ്രധാന പ്രതിയുടെ കസ്റ്റഡി കാലാവധി കോടതി ജൂൺ 15 വരെ നീട്ടി.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ കനത്ത മഴയ്ക്കു കാലാവസ്ഥാ വകുപ്പ് സാധ്യത അറിയിച്ചു. വരും ആഴ്ചകളിൽ വടക്ക്-കിഴക്കൻ ഇന്ത്യയിൽ കനത്ത മഴയ്ക്ക് സാധ്യതയുണ്ട്.
പ്രശസ്ത ചലച്ചിത്ര നടൻ
സലിം കുമാർ അന്തരിച്ചു.
മലയാളികളെ ദശാബ്ദങ്ങളായി ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത പ്രിയ നടൻ സലിം കുമാർ അന്തരിച്ചു. മിമിക്രി രംഗത്തുനിന്ന് ചലച്ചിത്ര ലോകത്തേക്ക് എത്തിയ അദ്ദേഹം ഹാസ്യ കഥാപാത്രങ്ങളിലൂടെ മലയാളികളുടെ മനസ്സിൽ ഇടം പിടിച്ചു. ‘ആദാമിന്റെ മകൻ അബു’ എന്ന ചിത്രത്തിലൂടെ മികച്ച നടനുള്ള ദേശീയ പുരസ്കാരം നേടി ശ്രദ്ധേയനായി. അദ്ദേഹത്തിന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി വി.ഡി. സതീശനും മറ്റു പ്രമുഖരും അനുശോചിച്ചു. സംസ്‌കാരം ഇന്ന് നടക്കും.
വടക്കൻ കേരളത്തിൽ അതിതീവ്ര മഴയ്ക്ക് സാധ്യത:
വടക്കൻ കേരളത്തിൽ ചക്രവാതചുഴി രൂപപ്പെട്ടതിനെ തുടർന്ന് സംസ്ഥാനത്ത് തീവ്ര മഴ മുന്നറിയിപ്പ് നിലനിൽക്കുന്നു. നാളെ ഒരിടത്തും റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ചൊവ്വാഴ്ച വരെ ശക്തമായ മഴ തുടരുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ കണക്കുകൂട്ടൽ. ജനങ്ങൾ ജാഗ്രത പാലിക്കാൻ നിർദ്ദേശമുണ്ട്.
കുറ്റ്യാടി പുഴയിൽ വീണ ഏഴുവയസുകാരനായ മകനെ രക്ഷിക്കാനുള്ള ശ്രമത്തിനിടയിൽ അമ്മയും മകനും ഒഴുക്കിൽപ്പെട്ട് മരിച്ചു. കോഴിക്കോട് കുറ്റ്യാടി പുഴയിലാണ് ദാരുണമായ സംഭവം നടന്നത്. ഇരുവരുടെയും മൃതദേഹങ്ങൾ കണ്ടെത്തിയിട്ടുണ്ട്.
കോഴിക്കോട് നാലര വയസ്സുകാരി ഷിഗെല്ല രോഗബാധയെ തുടർന്ന് മരിച്ചു . ആരോഗ്യവകുപ്പ് പ്രതിരോധ നടപടികൾ ശക്തമാക്കിയിട്ടുണ്ട്.
വയനാട് സുൽത്താൻ ബത്തേരിയിലെ ഒരു സ്കൂളിൽ 150-ഓളം വിദ്യാർഥികൾക്ക് പനി, ഛർദ്ദി, വയറിളക്കം എന്നിവ ബാധിച്ചതിനെ തുടർന്ന് ചികിത്സ തേടി.
കരുവന്നൂർ തട്ടിപ്പ് കേസ്: കരുവന്നൂർ കള്ളപ്പണ ഇടപാട് കേസിൽ സിപിഎം നേതാക്കളായ എ.സി. മൊയ്തീൻ, കെ. രാധാകൃഷ്ണൻ എന്നിവർ , പ്രഥമദൃഷ്ട്യാ തെളിവുകളുള്ളതിനാൽ വിചാരണ നേരിടണമെന്ന് കോടതി വ്യക്തമാക്കി.
സസ്‌പെൻഷൻ പിൻവലിച്ചു: ഐഎഎസ് ഉദ്യോഗസ്ഥരായ എൻ. പ്രശാന്തിന്റെയും ബി. അശോകിന്റെയും സസ്‌പെൻഷൻ സർക്കാർ പിൻവലിച്ചു.
അതിവേഗ റെയിൽ പദ്ധതി: കേരളത്തിലെ അതിവേഗ റെയിൽ പദ്ധതിയെക്കുറിച്ച് പഠിക്കാൻ പുതിയ വിദഗ്ധ സമിതിയെ നിയോഗിച്ചു.
കാസർകോട് ജില്ലയിൽ കാലവർഷം ശക്തമായതിനെ തുടർന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയുണ്ട്.
ശക്തമായ കാറ്റിനും ഉയർന്ന തിരമാലകൾക്കും സാധ്യതയുള്ളതിനാൽ കേരള തീരത്ത് മത്സ്യബന്ധനത്തിനു വിലക്ക് തുടരുകയാണ്. തീരദേശവാസികൾ ജാഗ്രത പാലിക്കാൻ നിർദ്ദേശമുണ്ട്.
അഡൂരിൽ
മണ്ണിടിച്ചിലിൽ രണ്ട് കുട്ടികൾ മരിച്ചു: ആദൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ അഡൂർ, സഞ്ചക്കടവിൽ കനത്ത മഴയെ തുടർന്നുണ്ടായ മണ്ണിടിച്ചിലിൽ രണ്ട് കുട്ടികൾ മരണപ്പെട്ടു. മതിൽ ഇടിഞ്ഞുവീണാണ് അപകടമുണ്ടായത്. പരിക്കേറ്റ മറ്റൊരു കുട്ടിയെ ചെങ്കളയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
തൃക്കരിപ്പൂർ തെക്കുമ്പാട് വടക്കേ വീട് തറവാട്ടിലെ കിണർ പുനർനിർമ്മിക്കുന്നതിനിടെ നൂറ്റാണ്ടുകൾ പഴക്കമുള്ള ഒരു ലോഹപ്പെട്ടി കണ്ടുകിട്ടി. കിണറിന്റെ അടിത്തട്ടിലെ നെല്ലിപ്പലകയിൽ ഉറപ്പിച്ച നിലയിലായിരുന്നു ഇത്. ധ്യാനനിരതനായ ഒരു ആൾരൂപം, ആമയുടെ ആകൃതിയിലുള്ള രണ്ട് രൂപങ്ങൾ, ഒരു നേർത്ത സ്വർണ്ണത്തകിട് എന്നിവയാണ് ഈ പെട്ടിയിൽ ഉണ്ടായിരുന്നത്.
കനത്ത മഴ തുടരുന്നതിനാൽ മലയോര മേഖലകളിലും താഴ്ന്ന പ്രദേശങ്ങളിലും താമസിക്കുന്നവർ മിന്നൽ പ്രളയം , ഉരുൾപൊട്ടൽ എന്നിവയ്ക്കെതിരെ അതീവ ജാഗ്രത പുലർത്തണമെന്ന് അധികൃതർ അറിയിച്ചു.







